വിജയ്കാന്തിന്റെ ഭാര്യയെ എഴുന്നേറ്റുനിന്ന് ആദരിച്ച് വിജയ്; വന്ന വഴി മറക്കാത്തവനാണ് ദളപതിയെന്ന് ആരാധകർ

വിജയ്‌യും പ്രേമലത വിജയ്കാന്തും | Photo: x
വിജയ്‌യും പ്രേമലത വിജയ്കാന്തും | Photo: x

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ പെരുമാറ്റത്തെ പ്രശംസിച്ച് എക്‌സിൽ വൈറലായി വീഡിയോ. തമിഴ് നടനും ഡിഎംഡികെ പാർട്ടിയുടെ സ്ഥാപകനുമായ വിജയ്കാന്തിന്റെ ഭാര്യ പ്രേമലത വിജയ്കാന്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിജയ് അവരെ സ്വീകരിച്ച വീഡിയോയാണ് ചർച്ചയാകുന്നത്. സത്യപ്രതിജ്ഞയ്ക്കായി എത്തിയ പ്രേമലതയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വിജയ് തൊഴുന്നതാണ് വീഡിയോയിലുള്ളത്.

വിരുദാചലം മണ്ഡലത്തിൽ ടിവികെയുടെ എസ് വിജയ്യെ 2387 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമലത തോൽപ്പിച്ചത്‌. ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ഡിഎംഡികെ മത്സരിച്ചത്. ഡിഎംഡികെയുടെ ജനറൽ സെക്രട്ടറി കൂടിയാണ് പ്രേമലത.

വിജയ് മുഖ്യമന്ത്രിയായപ്പോൾ അഭിനന്ദം അറിയിച്ച് പ്രേമലത സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ പ്രിയപ്പെട്ട അനിയന് അഭിനന്ദനങ്ങൾ' എന്നാണ് പ്രേമലത കുറിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലും വിജയ്കാന്തിന്റെ പാത പിന്തുടർന്ന വ്യക്തിയാണ് വിജയ്. വിജയകാന്തിന് സമാനമായ ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് വിജയ് യും ടിവികെ പാർട്ടിക്ക് അടിത്തറ പാകിയത്.

വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ 'സെന്തൂരപാണ്ഡി' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിജയ്‌യുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു ഇത്. വിജയ്‌യുടെ ഗുരുതുല്ല്യനാണ് വിജയകാന്തെന്ന് എസ്.എ ചന്ദ്രേശഖറും പറഞ്ഞിട്ടുണ്ട്.

Content Highlights: Tamil Nadu CM Vijay showed respect by standing up for Premalatha Vijayakanth at the 2026 oath ceremony., Premalatha won the Virudhachalam constituency by a margin of 69,351 votes., Vijay considers the late Vijayakanth a mentor and shares a long-standing professional and personal connection.,