സ്വന്തം മാനേജർ, ‘ജനനായകൻ’ നിർമാതാവ്, നിർമാണക്കമ്പനി സി.ഇ.ഒ; വിജയ് സർക്കാരിന്റെ ‘സിനിമാ നിയമനങ്ങൾ’

തമിഴ്‌നാട്ടിൽ പുതിയ ചരിത്രം കുറിച്ചാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.) സർക്കാർ അധികാരത്തിലെത്തിയത്. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഉൾപ്പെടെ സഹകരണത്തോടെ സർക്കാരുണ്ടാക്കാൻ വിജയ്ക്ക് സാധിച്ചു.
മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് സംസ്ഥാനത്ത് നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിൽ ആദ്യം വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും പിന്നീട് സർക്കാർ പിന്നോട്ടുപോവുകയും ചെയ്ത നിയമനം ജ്യോതിഷിയും ടി.വി.കെ. വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിന്റേതായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി.) ആയിട്ടാണ് വിജയ്‌യുടെ ആത്മീയഗുരുവും ജ്യോതിഷിയുമായ റിക്കി രാധൻ പണ്ഡിറ്റിനെ സർക്കാർ നിയമിച്ചത്. 2026-ലെ തിരഞ്ഞെടുപ്പിൽ വിജയ്ക്കും ടി.വി.കെയ്ക്കും വലിയ വിജയമുണ്ടാകുമെന്ന് റിക്കി രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.
എന്നാൽ, വിമർശനം കടുത്തതോടെ സർക്കാർ നിയമനത്തിൽനിന്ന് പിന്നോട്ടുപോയി. സർക്കാരിനെ പിന്തുണക്കുന്ന കക്ഷികൾ അടക്കം എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് വിജയ് സർക്കാർ നിയമന ഉത്തരവ് പിൻവലിച്ചത്. എന്നാൽ, പിന്നീട് സിനിമാമേഖലയിൽ നിന്ന് അരഡസനടുത്ത് നിയമനങ്ങളാണ് വിജയ് സർക്കാർ നടത്തിയത്. ഇവയെല്ലാം വിവാദത്തിൽപ്പെടുകയും ചെയ്തു.
നിർമാതാവായ ജഗദീഷ് പളനിസ്വാമിയുടെ നിയമനമായിരുന്നു ഇതിൽ പ്രധാനം. വിജയ്‌യുടെ ഫാൻ ബോയി ആയി തുടങ്ങിയ ജഗദീഷ്, താരത്തിന്റെ മാനേജരിൽനിന്ന് നിർമാതാവായും അവിടെനിന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ഉയർന്നു.
സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറിന്റെ മാനേജർ ആയാണ് ജഗദീഷ് തുടങ്ങിയത്. 2010-ൽ വിജയ്‌യെ പരിചയപ്പെടുന്നതോടെയാണ് ജഗദീഷിന്റെ ജീവിതം മാറിമറയുന്നത്. വിജയ്‌യുടെ സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്തത് ജഗദീഷ് ആയിരുന്നു.
പിന്നീട് ജഗദീഷ് ‘ദി റൗട്ട്’ എന്ന പേരിൽ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനി ആരംഭിച്ചു. വിജയ്‌യുടെ ‘മാസ്റ്റർ’, ‘ലിയോ’, ഒടുവിലിറങ്ങിയ ‘ജനനായകൻ’ വരെ ചിത്രങ്ങളുടെ സഹനിർമാതാവായി. ‘ദി റൗട്ട്’ പിന്നീട് നിർമാണക്കമ്പനിയായും വികസിപ്പിച്ചു. വിജയ് ചിത്രങ്ങൾക്ക് പുറമേ തമിഴിൽ വിജയ് സേതുപതി ചിത്രം ‘മഹാരാജ’, കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ ‘റിവോൾവർ റീത്ത’ എന്നീ ചിത്രങ്ങൾക്ക് റൗട്ടിന്റെ ബാനറിൽ പണം മുടക്കി. മലയാളത്തിൽ, കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രവും നിർമിച്ചു.
തെന്നിന്ത്യയിലെ പ്രമുഖ അഭിനേതാക്കളുടെയും സംവിധായകരുടെയും കോൾഷീറ്റുകൾ ഉൾപ്പെടെ നിയന്ത്രിക്കുന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് സ്ഥാപനമാണ് ജഗദീഷിന്റെ ‘ദി റൗട്ട്’. മലയാളി താരങ്ങളായ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മമിത ബൈജു എന്നിവർ ഉൾപ്പെടെ റൗട്ടാണ് നിയന്ത്രിക്കുന്നത്.
വിജയ് സർക്കാരിന്റെ നിയമനങ്ങളിൽ ഏറെ കോലാഹലം സൃഷ്ടിച്ചത് നിർമാതാവ് വെങ്കട് കെ. നാരായണ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കിയുള്ള ഉത്തരവായിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട 'ജനനായകൻ' നിർമാതാവാണ് വെങ്കട് കെ. നാരായണ. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് നാരായണ നിർമിച്ച ചിത്രം ഏറെ വിവാദങ്ങൾക്കൊടുവിലാണ് തിയേറ്ററിലെത്തിയത്. കർണാടക സ്വദേശിയായ വെങ്കട് നാരായണയെ തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധി ആയി നിയമിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. വെങ്കട് നാരായണയുടെ നിയമനത്തിന് പിന്നാലെയാണ് തടസ്സങ്ങൾ നീങ്ങി ‘ജനനായകൻ’ തിയേറ്ററിലെത്തിയത്.
മലയാളത്തിൽ ‘ബാലൻ’ നിർമിച്ചത് വെങ്കട് നാരായണ ആണ്. ഗീതു മോഹൻദാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ- അപ്സ്’, പ്രിയദർശന്റെ ബോളിവുഡ് ചിത്രം ‘ഹൈവാൻ’ എന്നിവയ്ക്കും പണം മുടക്കുന്നത് വെങ്കട് തന്നെ.
വിജയ് മന്ത്രിസഭയിൽത്തന്നെ ഒരു സിനിമാ താരമുണ്ട്. തമിഴ്‌നാട്ടിലെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഭരിക്കുന്നത് നടനും സ്റ്റാൻഡ് അപ് കൊമേഡിയനും സംവിധായകനും അവതാരകനുമായ രാജ്‌മോഹൻ അറുമുഖം ആണ്. ധനുഷിന്റെ ‘വേലയില്ലാ പട്ടാധാരി 2’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എഗ്മോർ മണ്ഡലത്തിൽനിന്നാണ് രാജ്‌മോഹൻ അറുമുഖം വിജയിച്ചത്.
മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നെല്ലാം എന്നറിയപ്പെട്ടിരുന്ന എം.ജി.ആർ. ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ചെയർമാൻ പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ മനോജ് പരമഹംസയാണ്. വിജയ് ചിത്രങ്ങളായ ‘നൻപൻ’, ‘ബീസ്റ്റ്’, ‘ലിയോ’ എന്നിവയ്ക്ക് ദൃശ്യഭാഷയൊരുക്കിയത് മനോജ് പരമഹംസയായിരുന്നു. മലയാളത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നായകൻ’, സുരേഷ് ഗോപി നായകനായ ‘കലക്ടർ’, മോഹൻലാൽ നായകനായ ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘വില്ലൻ’ എന്നിവയുടെ ക്യാമറ ചലിപ്പിച്ചതും മനോജ് അദ്ദേഹമാണ്.
ഇതിനെല്ലാം പിന്നാലെയാണ് വിജയ് സർക്കാർ വീണ്ടുമൊരു സിനിമാ നിയമനം നടത്തുന്നത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളെ നിയമിക്കുന്നതിനുള്ള സംസ്ഥാനതല ഏഴംഗ സമിതിയിൽ ഒരാളായി നിർമാതാവ് അർച്ചന കൽപാത്തിയെ നിയമിച്ചിരിക്കുകയാണ് വിജയ് സർക്കാർ. മഠാധിപതിയും മുൻ ജഡ്ജിയും വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സമിതി.
തമിഴിലെ പ്രധാന നിർമാണ- വിതരണ കമ്പനിയാണ് എ.ജി.എസ്. എന്റർടെയ്ൻമെന്റ്. ഇതിന്റെ സി.ഇ.ഒ. ആണ് അർച്ചന കൽപാത്തി. കൽപാത്തി സഹോദരങ്ങൾ എന്നറിയപ്പെടുന്ന കൽപാത്തി എസ്. അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് എ.ജി.എസ്. എന്റർടെയ്ൻമെന്റ്. തമിഴ്‌നാട്ടിൽ മൾട്ടിപ്ലെക്‌സ് ശൃംഖലയും എ.ജി.എസിനുണ്ട്.
‘തിരുട്ട് പയലേ’ എന്ന ചിത്രത്തിലൂടെയാണ് എ.ജി.എസ്. നിർമാണത്തിലേക്ക് പ്രവേശിക്കുന്നത്. ‘സന്തോഷ് സുബ്രഹ്‌മണ്യം’, ‘മദ്രാസിപ്പട്ടണം’, ‘മാട്രാൻ’, ‘അനേഗൻ’, ‘ലവ് ടുഡേ’, ‘ഡ്രാഗൺ’, ‘ബ്ലാസ്റ്റ്’ എന്നീ സിനിമകൾ വൻ ഹിറ്റായി. വിജയ്‌യുടെ ‘ബിഗിൽ’, ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്നീ ചിത്രങ്ങളും നിർമിച്ചത് എ.ജി.എസ്. ആണ്.
വിജയ്‌യുടെ ‘ബിഗിൽ’, ‘ഗോട്ട്’ ഉൾപ്പെടെ ചിത്രങ്ങളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയാണ് അർച്ചന കൽപാത്തി. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരി. കൽപാത്തി എസ്. അഘോരത്തിന്റെ മകളാണ് അർച്ചന. സഹോദരി ഐശ്വര്യയും കുടുംബ ബിസിനസിൽ പങ്കാളിയാണ്.
എ.ജി.എസിന്റെ സ്ഥാപകരിൽ ഒരാളായ കൽപാത്തി എസ്. സുരേഷിന്റെ മകൻ അഭിഷേക് കൽപാത്തിയുടെ വിവാഹച്ചടങ്ങിൽ വിജയ് തൃഷയ്‌ക്കൊപ്പമെത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. തൃഷയുടെ അടുത്ത സുഹൃത്തുകൂടിയാണ് അർച്ചന. തങ്ങൾ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സുഹൃത്തുക്കളായിരുന്നുവെന്ന് അർച്ചന പലവട്ടം പറഞ്ഞിട്ടുണ്ട്.
Content Highlights: Following the TVK party's historic victory in the Tamil Nadu assembly elections, Chief Minister Vijay's political appointments have triggered massive controversies. Initial outrage forced the government to withdraw the appointment of Vijay's astrologer and TVK spokesperson, Ricky Radhan Pandit, who had been named Officer on Special Duty (OSD). Vijay appointed his longtime manager and film co-producer Jagadish Palanisamy as the Private Secretary to the Chief Minister, alongside appointing film producer Venkat K. Narayana as Delhi's special representative. Prominent cinematographer Manoj Paramahamsa was appointed Chairman of the MGR Government Film and Television Training Institute, while stand-up comedian and actor Rajmohan Arumugam now serves as the School Education Minister. Most recently, AGS Entertainment CEO Archana Kalpathi was appointed to a high-level 7-member state committee tasked with selecting non-hereditary trustees for Tamil Nadu temples