പ്രശസ്തിയുണ്ടാകുമ്പോൾ സംഭവിക്കുന്ന പ്രശ്‌നങ്ങൾ; ഇ.ഡി ചോദ്യം ചെയ്യലിനെക്കുറിച്ച് വിജയ് ദേവരകൊണ്ട

തെലുങ്ക് ചിത്രം ലൈഗറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ വിജയ് ദേവരകൊണ്ടയെ ഇ.ഡി 12 മണിക്കൂറോളം ചോദ്യം ചെയ്തു. ഇ.ഡിയുടെ മുന്നിൽ ഹാജരാകുന്നതിലൂടെ തന്റെ കടമ നിറവേറ്റിയതായ് വിജയ് പ്രതികരിച്ചു.
"പ്രശസ്തിയുണ്ടാകുമ്പോൾ സ്വാഭാവികമായും ചില പ്രശ്‌നങ്ങളുമുണ്ടാകും. അതിൽ നമുക്കൊന്നും ചെയ്യാനാകില്ല. ഞാൻ എന്റെ കടമ നിറവേറ്റി." വിജയ് ദേവരകൊണ്ട പറഞ്ഞു. ഇതൊരു അനുഭവമായിട്ടാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയതായും വിജയ് കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെ 8.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രിയാണ് അവസാനിച്ചത്. നടന് ലഭിച്ച പ്രതിഫലം, മറ്റ് അണിയറപ്രവർത്തകർ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ചില രാഷ്ട്രീയക്കാർ കള്ളപ്പണം സിനിമാ നിർമാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകൾ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ഫെമ നിയമത്തിന്റെ ലംഘനം കേസിൽ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ പുരി ജഗന്നാഥിനേയും ചാർമിയെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
Content Highlights: vijay deverakonda comments as ed summons him for questioning