ആദിവാസികളെ അധിക്ഷേപിച്ചെന്ന പരാതി; നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ എസ്‌സി/എസ്‍ടി നിയമപ്രകാരം കേസ്

വിജയ് ദേവരകൊണ്ട | Photo: PTI
വിജയ് ദേവരകൊണ്ട | Photo: PTI

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്. പട്ടികജാതി/പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തത്. ആദിവാസികളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. 

ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് ജൂൺ 17-ന് വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് ട്രൈബൽ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാർ നായിക് പോലീസിൽ പരാതി നൽകി. സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ വിവാദ പരാമർശം. 

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് ദേവരകൊണ്ട വിവാദ പരാമർശം നടത്തിയത്. 'അവർ (ഭീകരർ) 500 വർഷം മുമ്പുള്ള ആദിവാസികളെ പോലെ മസ്തിഷ്‌കമോ സാമാന്യബോധമോ ഉപയോഗിക്കാതെ പോരാടുകയാണ്' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. ആദിവാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശമാണ് ഇതെന്ന് നേനാവത് അശോക് കുമാർ പറഞ്ഞു. 

പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. ഒരു സമുദായത്തേയും-പ്രത്യേകിച്ച് പട്ടികവർഗവിഭാഗത്തെ-വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഈ പ്രതികരണം. 

Content Highlights: Vijay Deverakonda Booked Under SC/ST Act Over His Remarks On Tribals