'മദാലസ' മുതൽ 'ഹൃദയപൂർവ്വം' വരെ; മുതിർന്ന മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു

#മൂവീസ് ഡെസ്‌ക്
വി. പാണ്ഡ്യന്‍ | Photo: X/ Viji Venkatesh
വി. പാണ്ഡ്യന്‍ | Photo: X/ Viji Venkatesh

ചെന്നൈ: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലാണ് അന്ത്യം. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സത്യൻ അന്തിക്കാടിന്റെ 'ഹൃദയപൂർവ്വം' ആണ് അവസാന ചിത്രം.

നടൻ സത്യന്റെ പേഴ്‌സണൽ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായി തന്റെ 16-ാം വയസ്സിലാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിന്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവർത്തിച്ച അദ്ദേഹം അതിനിടെ തമിഴിൽ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 1972-ൽ പുറത്തിറങ്ങിയ 'പുള്ളിമാൻ' എന്ന ചിത്രത്തിൽ എം.ഒ. ദേവസ്യയുടെ സഹായിയായാണ് അദ്ദേഹം മേക്കപ്പ് അസിസ്റ്റന്റാവുന്നത്. തുടർന്നുള്ള വർഷങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് ചിത്രങ്ങളിൽ ചമയ സഹായിയായി അദ്ദേഹം പ്രവർത്തിച്ചു.

1978-ൽ ജെ. വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത 'മദാലസ'യിലാണ് ആദ്യമായി പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ്മാനായത്. അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം മേക്കപ്പ്മാനായി. കമൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ചമയക്കാരനായി പാണ്ഡ്യൻ മാറി.

2001-ൽ കമൽ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. മലയാളത്തിനുപുറമെ തെലുങ്ക് താരങ്ങളായ എൻ.ടി.ആർ, എസ്.വി.ആർ, കൃഷ്ണ തുടങ്ങിയവർക്കൊപ്പവും തമിഴിൽ രജനികാന്ത്, കമൽഹാസൻ തുടങ്ങിയവർക്കൊപ്പവും പാണ്ഡ്യൻ പ്രവർത്തിച്ചിട്ടുണ്ട്. 'യോദ്ധ', 'ആറാം തമ്പുരാൻ', 'ഭാഗ്യദേവത', 'അലിഭായ്', 'ബ്ലാക്ക്', 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

Content Highlights: Veteran cinema makeup artist V. Pandian passed away at his residence in Chennai at the age of 75. He was undergoing treatment for a heart-related ailment prior to his demise. Sathyan Anthikad's 'Hridayapoorvam' was his final project as a makeup artist. Pandian won the Kerala State Film Award for Best Makeup Artist in 2001 for Kamal's 'Madhuranombarakattu'. Spanning a career of over 500 films, he worked across Malayalam, Tamil, Telugu, and Kannada industries with legendary actors.