രക്തം ഛർദിച്ച വയലാറിനെ ആശുപത്രിയിലെത്തിച്ചു, സുഹൃത്തിന്റെ അന്ത്യരംഗം കണ്ടുനിന്ന ഒഎൻവി പിന്നീടെഴുതി... ‘സാഗരമേ ശാന്തമാക നീ’

ഈ മനോഹര തീരത്ത് ഒരു ജന്മംകൂടി ആഗ്രഹിച്ച് അകാലത്തിൽ മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ ഓർമ്മയ്ക്ക് അരനൂറ്റാണ്ടാകുന്നു. 1975 ഒക്ടോബർ 27-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു കേരളത്തെ കരയിച്ച വയലാറിന്റെ അന്ത്യമുണ്ടായത്.
ത്വഗ്രോഗത്തിനു മരുന്നുകഴിച്ചിരുന്ന വയലാറിനെ, രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് ആലപ്പുഴയിലെ ഒരു ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ജനറൽ വാർഡിൽ സ്‌ക്രീൻകൊണ്ടു മറച്ച ഒരു കോണിലായിരുന്നു വയലാർ കിടന്നിരുന്നത്. പുറത്ത് ആരാധകരും സുഹൃത്തുക്കളുമായ നിരവധിപ്പേർ പ്രാർഥനയോടെ കാത്തുനിന്നു. കാണാൻ ചെന്നപ്പോൾ, ‘എന്നെ വെല്ലൂർക്ക് കൊണ്ടുപോകാമോ’ എന്ന് വയലാർ അവ്യക്തമായ സ്വരത്തിൽ ചോദിച്ചതായി മലയാറ്റൂർ രാമകൃഷ്ണൻ തന്റെ സർവീസ് സ്റ്റോറിയിൽ എഴുതിയിട്ടുണ്ട്.
അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ, മന്ത്രി ടി.വി.തോമസ്, തോപ്പിൽ ഭാസി, എസ്.കെ.നായർ, ടി.കെ.ദിവാകരൻ, പിൽക്കാലത്ത് വയലാർ ട്രസ്റ്റിന്റെ അമരക്കാരനായിരുന്ന സി.വി.ത്രിവിക്രമൻ, മെരിലാൻഡ് എസ്.കുമാർ തുടങ്ങിയവർ അക്ഷമരായി പുറത്തും അകത്തുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ടി.വി.തോമസിന്റെ നിർദേശപ്രകാരം പ്രശസ്ത സർജനായ ഡോ. പി.കെ.ആർ.വാരിയർ വയലാറിന് കരൾ ശസ്ത്രക്രിയ നടത്തി. ഓപ്പറേഷൻ തിയേറ്ററിൽനിന്നു പുറത്തുവന്ന ഡോക്ടർ എല്ലാവരെയും ഒന്നു നോക്കിയ ശേഷം നടന്നകന്നു. എൻ.ഇ.ബലറാം, സി.ഉണ്ണിരാജ, മന്ത്രി കെ.പങ്കജാക്ഷൻ, ഒഎൻവി കുറുപ്പ്, പറവൂർ ദേവരാജൻ തുടങ്ങിയവർ ആ മൗനം വയലാറിന്റെ മരണമെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം ആദ്യം സിപിഐ ഓഫീസിലേക്കും പിന്നീട് അന്നത്തെ വിജെടി ഹാളിലേക്കും പൊതുദർശനത്തിെനത്തിക്കാൻ തീരുമാനിച്ചു. ചാലയിലെ എല്ലാ പൂക്കളും വിജെടി ഹാളിലെത്തി. വയലാറിനോടുള്ള ആദരസൂചകമായി സംസ്ഥാനം പൊതു അവധി പ്രഖ്യാപിച്ചു. 50,000-ലേറെ പേർ പ്രിയകവിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കെഎസ്ആർടിസി ബസിൽ വയലാറിലെ വസതിയായ രാഘവൻപറമ്പിലേക്കു കൊണ്ടുപോയി.
നിരവധി ഗാനങ്ങൾ രചിച്ചെങ്കിലും യാതൊരു സമ്പാദ്യവുമില്ലാതെയാണ് വയലാർ വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കും കുടുംബത്തെ സഹായിക്കാനുമായി വയലാർ സ്മാരക ട്രസ്റ്റ് എന്ന ആശയം സുഹൃത്തുക്കളുടെ വകയായിരുന്നു. മെരിലാൻഡ് സുബ്രഹ്മണ്യം ആദ്യമായി 10,000 രൂപ നൽകി. ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോയും സമാനമായ തുക നൽകി. മൂന്നു മാസംകൊണ്ട് 5,29,000 രൂപ പിരിഞ്ഞുകിട്ടി.
‘സാഗരമേ ശാന്തമാക നീ’
വയലാറിന്റെ അന്ത്യരംഗം കണ്ടുനിന്ന പ്രിയസുഹൃത്ത് ഒഎൻവി കുറുപ്പ് അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു പാട്ടിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനം, വേർപാടിന്റെ വേദനയുണർത്തുന്നതായിരുന്നു. എൻ.ശങ്കരൻനായർ സംവിധാനം ചെയ്ത് കമൽഹാസനും സറീനാ വഹാബും അഭിനയിച്ച സിനിമയായിരുന്നു ‘മദനോത്സവം’. ‘തളിർത്തൊത്തിലാരോ പാടീ, തരൂ ഒരു ജന്മം കൂടി’ എന്ന വരി ഗാനത്തിന്റെ അനുപല്ലവിയിലുണ്ട്. ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി’ എന്ന വയലാറിന്റെ അനശ്വരഗാനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഒഎൻവിയുടെ പാട്ടിലെ വരികൾ.
Content Highlights: Remembering Vayalar Ramavarma, the beloved Malayalam poet who passed away 50 years ago on October 27, 1975. His contributions and final moments.