‘മാപ്പ് പറയാൻ നിർബന്ധിതനായി, ഇതിൽപ്പരം എന്തുതെളിവ് വേണം?’; റഹ്മാനെ പിന്തുണച്ച് വരുൺ ഗ്രോവർ

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ പരാമർശത്തേത്തുടർന്ന് സാമൂഹികമാധ്യമത്തിൽ വലിയ വിമർശനമാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ നേരിടുന്നത്. കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള പരാമർശമാണ് വിവാദമായത്. ഇതിനുപിന്നാലെ റഹ്മാനെ വിമർശിച്ചും പിന്തുണച്ചുമൊക്കെ നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ ഗാനരചയിതാവും സ്റ്റാൻഡ്അപ് കൊമേഡിയനുമായ വരുൺ ഗ്രാേവർ റഹ്മാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
എആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ലഗാനിലെ ഒരു ഗാനം എക്സിൽ പങ്കുവെച്ചാണ് വരുൺ ഗ്രോവർ പിന്തുണയും കുറിച്ചത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി തുടരുന്ന ഏറ്റവും മികച്ച സംഗീത സംവിധായകനെ അദ്ദേഹം നേരിട്ട ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാന്യമായും സൗമ്യമായും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇൻഡസ്ട്രിയിൽ നിന്നുള്ളവർപോലും അതിക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് വരുൺ ഗ്രോവർ കുറിച്ചു.
അടുത്തദിവസം തന്നെ ടോക്സിക്കായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അദ്ദേഹം മാപ്പ്/വിശദീകരണം നൽകാൻ നിർബന്ധിതനായെന്നും വർധിച്ചുവരുന്ന വിഭാഗീയതയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം സ്ഥിരീകരിക്കാൻ കൂടുതലെന്തു തെളിവാണ് വേണ്ടതെന്നും വരുൺ ഗ്രോവർ കുറിച്ചു.
The greatest living composer of the last 3 decades got attacked and abused (even by people within the industry) for stating an opinion in the politest, mildest manner, that too based on his lived-experience.
And the very next day forced to issue an apology/clarification to…— वरुण 🇮🇳 (@varungrover) January 18, 2026
ബിബിസി ഏഷ്യൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പരാമർശം. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. പരാമർശം വിദ്വേഷ ചർച്ചകൾക്കുകൂടി വഴിവെച്ചതോടെ റഹ്മാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും വീഡിയോ സന്ദേശത്തിലൂടെ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്നും റഹ്മാൻ പറഞ്ഞു.
‘’ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു."- എന്നാണ് റഹ്മാൻ പറഞ്ഞത്.
Content Highlights: Lyricist Varun Grover backs music maestro AR Rahman after his recent controversial remarks about Bollywood.