‘തോക്കുമായി വരുന്നുണ്ട്, പൂന്തോട്ടത്തിൽ കാണാം’; കുടുംബത്തിന് അധോലോക ഭീഷണിയുണ്ടായിട്ടുണ്ടെന്ന് വരുൺ

തൊണ്ണൂറുകളിൽ തന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന അധോലോകത്തിന്റെ ഭീഷണിയെക്കുറിച്ചും സുരക്ഷയെക്കരുതി വീടുവിട്ട് താമസിക്കേണ്ടി വന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം വരുൺ ധവാൻ. അക്കാലത്ത് പല പ്രമുഖ വ്യക്തികൾക്കും ഇത്തരം ഭീഷണി കോളുകൾ വരുന്നത് പതിവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണിയെത്തുടർന്ന് തനിക്കും കുടുംബത്തിനും സ്വന്തം വീട് ഉപേക്ഷിച്ച് ഒരു ദിവസത്തേക്ക് മറ്റൊരിടത്ത് അഭയം തേടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിലെ സെലിബ്രിറ്റികൾക്ക് വന്നിരുന്ന കോളുകൾ തുടക്കത്തിൽ കൈകാര്യം ചെയ്തിരുന്നത് അവരുടെ ജീവനക്കാരായിരുന്നുവെന്ന് ‘യുവ’യുമായി നടത്തിയ അഭിമുഖത്തിൽ വരുൺ ധവാൻ പറഞ്ഞു. വരുന്ന കോളുകളുടെ ഗൗരവം തിരിച്ചറിയാതെ ജീവനക്കാർ താരങ്ങളുടെ വിലാസമടക്കം വെളിപ്പെടുത്തിയെന്നും ഇത് സാഹചര്യം കൂടുതൽ വഷളാക്കിയെന്നും വരുൺ വ്യക്തമാക്കി.
"കുറച്ചുകാലമായി ഞങ്ങൾക്ക് ഭീഷണികൾ വരുന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ അത് തിരിച്ചറിഞ്ഞില്ല. ഞങ്ങളുടെ സ്റ്റാഫ് വിളിക്കുന്നവരുമായി തർക്കിക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് ഞങ്ങളുടെ മുഴുവൻ വിലാസവും വെളിപ്പെടുത്തി. എവിടെ വന്ന് കാണണം എന്ന് ജീവനക്കാരൻ ചോദിച്ചപ്പോൾ 'ആ ഗാർഡനിൽ വന്ന് കാണാം, അവിടെവെച്ച് ഞാൻ നിന്നെ തല്ലും എന്നാണ് വിളിച്ചവർ മറുപടി പറഞ്ഞത്." വരുൺ വിശദീകരിച്ചു.
ഒരു നടൻ തന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാനെ വിളിച്ച് മുന്നറിയിപ്പ് നൽകിയതായും വരുൺ കൂട്ടിച്ചേർത്തു. "അവർ തോക്കുകളുമായി വരുമെന്നും, ഞങ്ങളുടെ വിലാസവും ഓഫീസ് സമയവും അവർക്ക് അറിയാമെന്നും അയാൾ പറയുന്നുണ്ടായിരുന്നു. ആരാണ് ഇതെല്ലാം പറഞ്ഞതെന്ന് എന്റെ അച്ഛൻ ചോദിച്ചപ്പോൾ, അയാൾ സ്റ്റാഫ് അംഗത്തിന്റെ പേര് പറഞ്ഞു. അതിനാൽ അന്നത്തെ ദിവസം ഞങ്ങൾ വീട് വിട്ട് മറ്റൊരിടത്ത് താമസിക്കേണ്ടിവന്നു. ഇത് തമാശയായി തോന്നാമെങ്കിലും, യഥാർഥത്തിൽ തമാശയല്ല." വരുൺ പറഞ്ഞു.
വരുൺ അവസാനമായി അഭിനയിച്ചത് ബോർഡർ 2 എന്ന ചിത്രത്തിലാണ്. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി ഡിയോൾ, ദിൽജിത് ദോസാൻജ്, അഹാൻ ഷെട്ടി, മോന സിംഗ്, സോനം ബജ്‌വ, മേധ രാണ, ആന്യ സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രം വാണിജ്യപരമായി വൻവിജയം നേടിയിരുന്നു.
വരുണിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹൈ' ആണ്. പൂജ ഹെഗ്‌ഡെ, മൃണാൾ താക്കൂർ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രം ആദ്യം ജൂൺ 5-ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ യഷിന്റെ 'ടോക്സിക്' എന്ന സിനിമയുമായുള്ള ബോക്സ് ഓഫീസ് മത്സരം ഒഴിവാക്കാൻ ചിത്രത്തിന്റെ റിലീസ് ജൂൺ 12-ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
Content Highlights: Actor Varun Dhawan reveals a chilling incident from the 90s when his family had to flee their home for a day after underworld gangsters threatened his father, director David Dhawan.