അന്ധാധുനിൽ ആദ്യം പരിഗണിച്ചത് എന്നെ, നായികയും മറ്റൊരാൾ – വെളിപ്പെടുത്തലുമായി വരുൺ ധവാൻ

ആയുഷ്മാൻ ഖുരാന, തബു, രാധിക ആപ്തെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ബോളിവുഡിലെ മികച്ച ത്രില്ലറുകളിൽ ഒന്നാണ് 2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ദേശീയ പുരസ്കാരംവരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ചലച്ചിത്രാസ്വാദകരെ അമ്പരപ്പിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ വരുൺ ധവാൻ.
അന്ധാധുനിൽ ആയുഷ്മാൻ ഖുരാനയെ ആയിരുന്നില്ല, തന്നെയായിരുന്നു ആദ്യമായി യഥാർത്ഥത്തിൽ നായകനായി തിരഞ്ഞെടുത്തിരുന്നതെന്നാണ് വരുൺ ധവാന്റെ വെളിപ്പെടുത്തൽ. കൊമേഡിയൻ തന്മയ് ഭട്ടിന്റെ ഒരു റിയാക്ഷൻ ഷോയിൽ സംസാരിക്കവെയാണ് വരുൺ ഇക്കാര്യം പറഞ്ഞത്. എന്നാൽ വരുൺ ധവാനെയാണ് ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നതെന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നതാണ്. എന്നാൽ വരുൺ ധവാൻ പറഞ്ഞ മറ്റൊരു വിവരമാണ് ആരാധകരെ അമ്പരപ്പിച്ചത്. ചിത്രത്തിലെ നായികയും ആദ്യം മറ്റൊരാളായിരുന്നു.
അഭിനയിക്കാൻ സാധിക്കാത്തതിൽ നിരാശയുള്ള ഒരു ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വരുൺ അന്ധാധുന്റെ കാര്യം പറഞ്ഞത്. ചിത്രം വൻ വിജയമായിരുന്നു. ബോക്സ് ഓഫീസ് വിജയം മാറ്റിവെച്ചാലും, അന്ധാധുൻ ചെയ്യാതിരുന്നതിൽ തനിക്ക് ഏറെ ഖേദമുണ്ടെന്ന് വരുൺ പറഞ്ഞു. "ആ സമയം ഞാൻ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു, അതുകൊണ്ടാണ് ഇത് ചെയ്യാനാകാതിരുന്നത്. അതിൽ എന്നെയും കങ്കണയെയുമാണ് തിരഞ്ഞെടുത്തത്."
കങ്കണ റണൗട്ടിനെ അന്ധാധുനിലേക്ക് പരിഗണിച്ചിരുന്നു എന്ന വിവരം ഇത് ആദ്യമായാണ് പുറത്തുവരുന്നത്. എന്നാൽ തബു, രാധിക ആപ്തെ എന്നിവർ ചെയ്ത കഥാപാത്രങ്ങളിൽ ഏതിലേക്കാണ് കങ്കണയെ പരിഗണിച്ചിരുന്നതെന്ന് വ്യക്തമല്ല.
വരുൺ ധവാന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ' ബോക്സ് ഓഫീസിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. കങ്കണ തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാതാ'യുടെ പ്രചാരണത്തിരക്കുകളിലാണ്.
അന്ധാധുന്റെ പ്രമേയം
കാഴ്ചവൈകല്യമുള്ളതായി അഭിനയിക്കുന്ന ഒരു പിയാനിസ്റ്റിനെ ചുറ്റിപ്പറ്റിയാണ് അന്ധാധുന്റെ കഥ വികസിക്കുന്നത്. ഒരു ദിവസം, തബു അവതരിപ്പിച്ച സിമി എന്ന കഥാപാത്രവും അവളുടെ കാമുകനും ചേർന്ന് ഭർത്താവിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നത് അയാൾ നേരിൽ കാണാൻ ഇടയാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ അയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. മികച്ച ട്വിസ്റ്റുകളിലൊന്നായാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Actor Varun Dhawan revealed that he and Kangana Ranaut were the original choices for the National Award-winning thriller Andhadhun before Ayushmann Khurrana and Tabu/Radhika Apte were cast, expressing deep regret over missing out on the project due to scheduling conflicts.