മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു, ബറോസിലെ വുഡുവിന്റെ ശബ്ദമായി; ഭാസിയെ തേടിയെത്തി സംസ്ഥാന പുരസ്‌കാരം

#വി.ആർ. അരുൺ കുമാർ
ബറോസ് പോസ്റ്റർ, വൈക്കം ഭാസി | Photos: Facebook
ബറോസ് പോസ്റ്റർ, വൈക്കം ഭാസി | Photos: Facebook

കോമഡിയുടെ ട്രാക്ക് മാറ്റി ആദ്യമായി ഡബ്ബിങ്ങിൽ കൈവെച്ചപ്പോൾ വൈക്കം ഭാസി എന്ന ഒ.വി. രാജേഷിന് ലഭിച്ചത് സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിലെ 'വുഡു' എന്ന ആനിമേഷൻ കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് ഭാസിക്ക് പുരസ്‌കാരം ലഭിച്ചത്. വുഡുവിന്റെ സ്വഭാവവ്യാഖ്യാനത്തിന് ഉതകുംവിധമാണ് ഭാസി ശബ്ദം നൽകിയതെന്ന് ജൂറി വിലയിരുത്തി.

അപ്രതീക്ഷിതമായിരുന്നു അവാർഡ് എന്ന് ഭാസി പറഞ്ഞു. മോഹൻലാലിനോടൊപ്പം സിനിമയിൽ പ്രവർത്തിച്ച സംവിധായകൻ ടി.കെ.രാജീവ് കുമാർ ടെലിവിഷനിലെ കോമഡി ഷോ കണ്ടിട്ടാണ് വുഡുവിന് ശബ്ദം നൽകാനായി ഭാസിയെ ക്ഷണിച്ചത്. ആദ്യം കുറച്ച് സീനുകൾ ഡബ്ബ് ചെയ്തു. ഡബ്ബ് ചെയ്ത സീനുകൾ മോഹൻലാലിനെ ടി.കെ. രാജീവ്കുമാർ കാണിച്ചു.

വുഡുവിന്റെ ശബ്ദം മോഹൻലാലിന് ഒരുപാട് ഇഷ്ടപ്പെട്ടു. ആനിമേഷൻ കഥാപാത്രമായതിനാൽ തുടർച്ചയായുള്ള ദിവസങ്ങളിലല്ലായിരുന്നു ഡബ്ബിങ്ങെന്ന് വൈക്കം ഭാസി പറഞ്ഞു. 2022-ലെ ടെലിവിഷൻ അവാർഡിൽ മികച്ച കോമഡി താരമായിരുന്നു വൈക്കം ഭാസി.

20 വർഷത്തിലേറെയായി ടെലിവിഷൻ, സ്‌റ്റേജ് പ്രോഗ്രാമുകളിൽ കോമഡി ആർട്ടിസ്റ്റായി ജോലിചെയ്തുവരുകയാണ് ഭാസി. അമ്മ: കനകമ്മ. ഭാര്യ: ഷീജ. മകൻ: ആയുഷ്.

Content Highlights: Vaikkom Bhasy (O.V. Rajesh) wins the Kerala State Award for Best Dubbing Artist for voicing the animated character 'Voodu' in Mohanlal's directorial 'Barroz'