മമ്മൂക്കയുടെ ധൈര്യം അദ്ഭുതപ്പെടുത്തുന്നു, വിനായകൻ കട്ടയ്ക്ക് നിൽക്കുന്നു; കളങ്കാവലിന് കയ്യടിച്ച് മന്ത്രി വി. ശിവൻകുട്ടി

കളങ്കാവൽ എന്ന ചിത്രത്തേയും മമ്മൂട്ടി, വിനായകൻ എന്നിവരുടെ പ്രകടനത്തേയും അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടതെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. കളങ്കാവൽ എന്ന ചിത്രം ധീരമായ പരീക്ഷണമാണെന്നും നല്ല സിനിമകൾ വിജയിക്കട്ടെയെന്നും അദ്ദേഹം എഴുതി.
നവാഗതനായ ജിതിൻ കെ. ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
വി.ശിവൻകുട്ടിയുടെ സോഷ്യൽ മീഡിയ കുറിപ്പിന്റെ പൂർണരൂപം:
'കളങ്കാവൽ': ധീരമായ പരീക്ഷണം
മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ൽ കണ്ടത്.
കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം.
പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്.
ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് 'കളങ്കാവൽ' പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നല്ല സിനിമകൾ വിജയിക്കട്ടെ.
Content Highlights: Kerala Education Minister V. Sivankutty lauds Mammootty & Vinayakan`s electrifying performances in the bold experimental film Kalamkaval