'മദ്യപിക്കില്ല, പുകവലിക്കില്ല, എന്നിട്ടും ഹനീഫിക്ക ലിവര്‍ സിറോസിസ് ബാധിതനായി'

-
-

മരണം ചിലപ്പോഴൊക്കെ കാണിക്കുന്ന അന്യായങ്ങളില്‍ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരനാണ് കൊച്ചിന്‍ ഹനീഫയെന്ന് വി.എ.ശ്രീകുമാര്‍. നടനും സംവിധായകനുമായിരുന്ന കൊച്ചിന്‍ ഹനീഫയുടെ പത്താം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയാണ് വി എ ശ്രീകുമാര്‍.

'മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക. മരണം ചിലപ്പോഴൊക്കെ കാണിക്കുന്ന അന്യായങ്ങളില്‍ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരന്‍. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല, എന്നിട്ടും ലിവര്‍ സിറോസിസ് ബാധിതനായി.' ചെന്നൈയില്‍ ഒരു പരസ്യ ഷൂട്ടിനായി എത്തിയ ദിവസങ്ങളിലാണ് കൊച്ചിന്‍ ഹനീഫയെ താന്‍ അടുത്തറിഞ്ഞതെന്ന് ശ്രീകുമാര്‍ പറയുന്നു. 

'കരുണാനിധിയുമായി ഹനീഫിക്കയ്ക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദവും ഇക്കാലയളവില്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. ഹനീഫിക്കയ്ക്കുള്ള ഭക്ഷണം പലപ്പോഴും കരുണാനിധിയുടെ വീട്ടില്‍ നിന്നും നേരിട്ട് ആദരവോടെയാണ് എത്തിച്ചിരുന്നത്. പൂര്‍ണ്ണമായും നമുക്ക് അനുഭവിക്കാന്‍ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിന്‍ ഹനീഫ.

വാത്സല്യം പോലെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം സംവിധാനം ചെയ്ത ഹനീഫിക്ക, പക്ഷെ പിന്നീട് അഭിനയത്തിലും ഹാസ്യകഥാപാത്രങ്ങളിലേക്കും ഒതുങ്ങി മാറി. 'താളം തെറ്റിയ താരാട്ട്' കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ആരാധനയോടെ കാണാന്‍ തുടങ്ങിയ കലാകാരനാണ്.

' അപൂര്‍ണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത്. '??'

1972ലെ അഴിമുഖത്തില്‍ തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കൊച്ചിന്‍ ഹനീഫ മലയാളത്തിലും തമിഴിലുമായി പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുമുണ്ട്. കൊച്ചിന്‍ ഹനീഫയുടെ ചിത്രങ്ങളില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ വാത്സല്യം. ലോഹിതദാസാണ് ചിത്ത്രതിന് തിരക്കഥ രചിച്ചത്. സിദ്ദിഖ്, ഗീത, സുനിത, ബിന്ദു പണിക്കര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നു.

Content Highlights : v a shrikumar remembers cochin haneefa on his tenth death anniversary

Content Highlights: