കേരളത്തെ നടുക്കിയ ഉത്ര വധം സിനിമയാകുന്നു; 'രാജകുമാരി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

#Movie Desk
കൊല്ലപ്പെട്ട ഉത്ര, രാജകുമാരി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
കൊല്ലപ്പെട്ട ഉത്ര, രാജകുമാരി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

കേരളത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് വെള്ളിത്തിരയിലെത്തുന്നു. 'രാജകുമാരി' എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിക്കുന്നു. അഷ്‌നാ റഷീദാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍.

സിനിമയില്‍ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ശക്തമായ സ്ത്രീ പിന്തുണയുള്ള മഞ്ജു വാര്യരുടെ സാന്നിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വലിയ സ്വപ്‌നങ്ങളുമായി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്ന ജാനകി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകന്‍. ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായര്‍, രാജേഷ് കണ്ണൂര്‍, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

2020-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഉത്രയെ ഭര്‍ത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു മകന്റെ അമ്മ കൂടിയായിരുന്നു ഉത്ര. കേരളാ പോലീസിന്റെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ അന്വേഷണമാണ് കേസില്‍ നടന്നത്. പ്രതി സൂരജ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കൊച്ചിന്‍ മീഡിയാ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ മൂന്നു പേര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംവിധായകന്‍ ഉണ്ണിദാസ് കൂടത്തില്‍, എഡിറ്റര്‍ അഖില്‍ ദാസ്, ഛായാഗ്രാഹകന്‍ ശ്രീരാഗ് മാങ്ങാട് എന്നിവരാണ് അത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. 

ഗാനങ്ങള്‍ വിനായക് ശശികുമാര്‍. സംഗീതം - ഡെന്‍സണ്‍ ഡൊമിനിക്. കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റോണി വെള്ളത്തൂവല്‍. കോസ്റ്റ്യും ഡിസൈന്‍- അരുണ്‍ മനോഹര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍ - വിജയന്‍ ഉണ്ണി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രവീണ്‍ എടവണ്ണപ്പാറ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മണമ്പൂര്‍. പിആര്‍ഒ - വാഴൂര്‍ ജോസ്. ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Content Highlights: Rajakumari: Uthra murder case comes to the silver screen; Manju Warrier unveils the title poster of the thriller starring Athmiya Rajan