പിടിച്ചിരുത്തുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റസ്, തര്‍ക്കമില്ല- ഊര്‍മിള ഉണ്ണി

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ ചിത്രം, ഊര്‍മള ഉണ്ണി
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ ചിത്രം, ഊര്‍മള ഉണ്ണി

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ പ്രശംസിച്ച് നടി ഊര്‍മിള ഉണ്ണി. ചിത്രത്തെ ഇടവേള ബാബു വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. സിനിമ കാണുന്നതിനിടെ എഴുന്നേറ്റു പോകാന്‍ തോന്നിയില്ലെന്നും അതാണ് സിനിമയുടെ വിജയമെന്നും ഊര്‍മിള ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. അതിലൊരു തര്‍ക്കവുമില്ല. ഞാന്‍ ഒടിടിയില്‍ ആണ് കണ്ടത്. ഇടയ്ക്ക് വെള്ളം കുടിക്കാന്‍ പോലും എഴുന്നേറ്റു പോയില്ല. അതാണ് സിനിമയുടെ വിജയം. പിന്നെ ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല എന്ന് പറഞ്ഞത് നെഗറ്റീവായി പോയി. പക്ഷേ തൊട്ടുപിന്നാലെ തന്നെ വളരെ തമാശയായ ഒരു ഷോട്ടിലേക്ക് പോയി- ഊര്‍മിള ഉണ്ണി പറഞ്ഞു. 

സിനിമയില്‍ നിന്ന് താന്‍ മാറി നിന്നതല്ലെന്നും പഴയകാല സിനിമാക്കാര്‍ക്ക്  ഇപ്പോള്‍ അവസരങ്ങള്‍ കുറവാണെന്നും ഊര്‍മിള ഉണ്ണി പറയുന്നു. 

പുതിയ കാലത്തെ സിനിമകള്‍ക്ക് പഴയകാലത്തെ ആളുകളെ വേണ്ടെന്ന് തോന്നുന്നു. എന്നെ ആരും വിളിക്കാറില്ല. എന്റെ കാര്യം പോകട്ടെ. ഇന്നസെന്റ്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരെപ്പോലും ഇപ്പോള്‍ സിനിമയില്‍ അധികം കാണാറില്ല. എന്നിരുന്നാലും എനിക്ക് പരാതിയില്ല. ഞാന്‍ പുതിയ തലമുറയുടെ സിനിമകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ്.

പ്രേക്ഷകര്‍ മാറിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.  പ്രേക്ഷകര്‍ മാറിയെന്ന് തോന്നുന്നില്ല. പഴയ സിനിമകള്‍ക്ക് ഇപ്പോഴും വലിയ ജനപ്രീതിയുണ്ട്. ഉദാഹരണത്തിന് സര്‍ഗ്ഗം പോലുള്ള സിനിമകള്‍ ടിവിയില്‍ വരുമ്പോഴും അതിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴും ഒന്ന് പോയി നോക്കില്ലേ. അതുപോലെ മണിച്ചിത്രത്താഴ്, കിരീടം പോലുള്ള സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ വീണ്ടും വീണ്ടും കാണാറില്ലേ- ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.
 

Content Highlights: Urmila unni appreciates, Mukundan Unni associates, film industry, controversy