രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നു- ഊര്‍മിള മതോന്ദ്കര്‍

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടി ഊര്‍മിള മതോന്ദ്കര്‍. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും അത് വളരെ സങ്കടകരമായ സാഹചര്യമാണെന്നും ഊര്‍മിള പ്രതികരിച്ചു.
ഷാരൂഖ് ഖാന്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഈ വിവാദം വളരെ നിരാശാജനകവും സങ്കടകരവുമാണ്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നു, ഊര്‍മിള പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളാണ് ഷാരൂഖിന്റെ ചിത്രം വിവാദമാക്കിയത്. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്. ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്.
വിഭാഗീയതയില്‍ മുങ്ങിനില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ് ഈ ചിത്രമെന്നായിരുന്നു തുടക്കത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ച. എന്നാല്‍, ദുആ ചെയ്തശേഷം മുഖാവരണം മാറ്റിയ ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്ന നിലയ്ക്കുള്ള വിദ്വേഷപ്രചാരണവുമുണ്ടായി. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് വഴി വിദ്വേഷപ്രചാരണം കൊഴുക്കുകയാണ്.
ഹരിയാണ ബി.ജെ.പി. നേതാവ് തുടങ്ങിവെച്ച വിദ്വേഷപ്രചാരണം വേഗത്തിലാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതിനുപിന്നാലെയാണ് ഷാരൂഖ് ഖാനെതിരേ സൈബര്‍ ആക്രമണവും തുടങ്ങിയത്. ആക്രമണങ്ങളെ അപലപിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. കൈകൂപ്പി പൂജ ദദ്ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ 'മതേതര ഇന്ത്യയുടെ ചിത്രം' എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.
Content Highlights: Urmila Matondkar, Shah Rukh Khan controversy, Lata Mangeshkar's funeral
Content Highlights: