അന്ന് ആ ദക്ഷിണേന്ത്യൻ സംവിധായകൻ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു; വെളിപ്പെടുത്തലുമായി ഉപാസന സിങ്

Upasana Singh | Photo: instagram.com/upasnasinghofficial
Upasana Singh | Photo: instagram.com/upasnasinghofficial

ഒരു പ്രമുഖ ദക്ഷിണേന്ത്യൻ സംവിധായകനിൽനിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവു‍ഡ് നടി ഉപാസന സിങ്. തെന്നിന്ത്യൻ ചലച്ചിത്രസംവിധായകൻ മുംബൈയിലെ ജുഹുവിലെ ഹോട്ടലിലേക്ക് കൂടിക്കാഴ്ചയ്ക്കായി വിളിച്ചുവെന്നും എന്നാൽ ഇത്  അസുഖകരമായ സാഹചര്യം സൃഷ്ടിച്ചെന്നും അവർ പറഞ്ഞു. സംഭവത്തിന്റെ ആഘാതം തന്നെ വലിയ തോതിൽ ബാധിച്ചുവെന്നും ഒരാഴ്ചയോളം മുറിയിൽനിന്ന് പുറത്തിറങ്ങാതെ അടച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

'ഒരു വലിയ തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകന്റെ അനിൽ കപൂർ ചിത്രത്തിനായി ഞാൻ കരാർ ഒപ്പിട്ടിരുന്നു. സംവിധായകന്റെ ഓഫീസിൽ പോകുമ്പോഴെല്ലാം ഞാൻ എൻ്റെ അമ്മയെയോ സഹോദരിയെയോ കൊണ്ടുപോകുമായിരുന്നു. എന്തുകൊണ്ടാണ് എപ്പോഴും അവരെ കൂടെ കൊണ്ടുവരുന്നതെന്ന് ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു. രാത്രി 11:30-ന് വിളിച്ച് കൂടിക്കാഴ്ചയ്ക്കായി ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടു. കാറില്ലാതിരുന്നതിനാൽ അടുത്ത ദിവസം കഥ കേൾക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അർഥം മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു'- ഉപാസന വെളിപ്പെടുത്തി. 

'പിറ്റേ ദിവസം ഞാൻ അയാളുടെ ഓഫീസിലേക്ക് പോയി. അദ്ദേഹം മറ്റ് മൂന്ന് നാല് പേരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹത്തിൻ്റെ സെക്രട്ടറി എന്നോട് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അത് അനുസരിച്ചില്ല. അവരുടെ മുന്നിൽവെച്ച് പഞ്ചാബിയിൽ ഞാൻ അയാളെ ചീത്ത വിളിച്ചു. ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഞാൻ സിനിമയെക്കുറിച്ചോർത്തു. അനിൽകപൂർ സിനിമയിൽ ഒപ്പിട്ട കാര്യം ഞാൻ പലരേയും അറിയിച്ചിരുന്നു. ഫുട്പാത്തിലൂടെ നടക്കുമ്പോൾ എനിക്ക് കരച്ചിൽ അടക്കാനായില്ല.'- ഉപാസന പറഞ്ഞു.

ഈ സംഭവം തന്നിൽ വലിയ ആഘാതം സൃഷ്ടിച്ചെന്നും അവർ വ്യക്തമാക്കി. പിന്നീടുള്ള ഏഴുദിവസങ്ങളിൽ മുറിയിൽനിന്ന് പുറത്തിറങ്ങിയില്ല. ആളുകളോട് എന്ത് പറയും എന്ന് ആലോചിച്ച് നിർത്താതെ കരഞ്ഞു. പക്ഷേ, ആ ഏഴു ദിവസങ്ങൾ എന്നെ കൂടുതൽ ശക്തയാക്കി. എനിക്ക് പിന്തുണ നൽകാൻ എന്റെ മാതാവ് ഏറെ ബുദ്ധിമുട്ടി. അവരെക്കുറിച്ച് ആലോചിച്ചതോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. 

Content Highlights: Upasana Singh Says South Director Asked Her To Meet At Hotel For Anil Kapoor Film