'സെറ്റിൽ മരിച്ചുവീണിട്ടും ഷൂട്ടിങ് നിർത്തിവെച്ചില്ല, കോമഡി ഷോ താരം കുഴഞ്ഞുവീണപ്പോൾ ഷൂട്ട് ചെയ്യാൻ പറഞ്ഞു'

വെള്ളിത്തിരയുടെ തിളക്കത്തിനും വൻകിട ബജറ്റ് സിനിമകളുടെ പകിട്ടിനും പിന്നിലെ വേദനാജനകമായ യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടിയും സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (സിന്റ) പ്രസിഡന്റുമായ ഉപാസന സിങ്. സിനിമാ സെറ്റുകളിൽ അണിയറപ്രവർത്തകർ അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്താൽ പോലും, ഒന്നും സംഭവിക്കാത്തതുപോലെ ചിത്രീകരണം തുടരുന്ന സാഹചര്യങ്ങൾ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഉപാസന വെളിപ്പെടുത്തി. അങ്കുർ സിംഗിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉപാസനയുടെ തുറന്നുപറച്ചിൽ. മരിച്ചയാളുടെ ജഡം സെറ്റിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടശേഷം, ബാക്കിയുള്ളവരോട് ഷൂട്ടിങ് തുടരാൻ നിർമാതാക്കൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾവരെ ഉണ്ടായിട്ടുണ്ടെന്ന് അവർ ആരോപിച്ചു.
'വലിയ തോതിൽ പണം മുടക്കുന്ന മേഖലയാണ് സിനിമാ വ്യവസായം. ഒരു നിർമാതാവിന്റെ പ്രതിദിന ചെലവ് വളരെ വലുതാണ്. ഉയരത്തിലുള്ള ട്രസ്സുകളിൽ നിന്ന് ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ലൈറ്റ്മാന്മാരെ ഞാൻ കണ്ടിട്ടുണ്ട്. അവിടെ കടുത്ത ചൂടായിരിക്കും; ചിലപ്പോൾ ആരെങ്കിലും താഴെ വീഴും. ആളുകൾ മരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവരെ ഒരു വശത്തേക്ക് മാറ്റിക്കിടത്തിയശേഷം ഷൂട്ടിങ് തടസ്സമില്ലാതെ തുടരും. സെറ്റിൽ അണിയറപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചിട്ടും ചിത്രീകരണം നിർത്തിവെക്കാത്ത അനുഭവം ഉണ്ടായിട്ടുണ്ടെന്നും' ഉപാസന പറഞ്ഞു.
'ഒരു നടൻ പെട്ടെന്ന് മരിച്ചാൽ പോലും തൊട്ടടുത്ത ദിവസം തന്നെ പകരക്കാരനെ കൊണ്ടുവരും. ഷോ മുന്നോട്ട് പോകണമെന്നും സംപ്രേഷണ കരാറുകൾ പാലിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. പക്ഷേ, ചില സംഭവങ്ങൾ നമ്മുടെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിക്കും. ഒരു വ്യവസായമെന്ന നിലയിൽ നമ്മൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നമുക്ക് മനുഷ്യത്വം പൂർണമായും നഷ്ടമായോ?' അവർ ചോദിച്ചു.
ഒരു കോമഡി റിയാലിറ്റി ഷോയ്ക്കിടെ മത്സരാർഥി കുഴഞ്ഞുവീഴുകയും അയാളെ ഉടനെ വാനിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഒരു ഡോക്ടറെ വിളിക്കാനോ ഒ.ആർ.എസ് നൽകാനോ ആവശ്യപ്പെടുന്നതിന് പകരം, അവശനായ ആ മത്സരാർഥിയെ ക്യാമറയിൽ പകർത്താനാണ് നിർമാതാവ് നിർദേശിച്ചത്. അയാൾക്ക് ഭക്ഷണമോ ജ്യൂസോ നൽകുന്നതിന് പകരം, വിശപ്പ് കാരണമാണോ തളർന്നുവീണതെന്ന് ചോദിച്ച് അത് ഷൂട്ട് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർക്ക് താത്പര്യമെന്നും അവർ ആരോപിച്ചു.
'അന്ന് എനിക്ക് വല്ലാത്ത വിഷമം തോന്നി. മനുഷ്യത്വം പോലും മറന്ന് നമ്മൾ ഇത്രയധികം തരംതാഴ്ന്നുപോയോ എന്ന് ഞാൻ ചിന്തിച്ചു. ടി.ആർ.പി കൂട്ടുന്നതിൽ മാത്രമാണ് നമുക്ക് ശ്രദ്ധ; ആ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചോ, അയാൾക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നതിനെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല,'-ഉപാസന വ്യക്തമാക്കി.
1997-ൽ പുറത്തിറങ്ങിയ 'ജുദായ്' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് ഉപാസന സിങ് പ്രശസ്തയായത്. തുടർന്ന് 'സർഫറോഷ്', 'ഇഷ്ക് വിഷ്ക്', 'ഐത്രാസ്', 'ഹംഗാമ', 'ഹൽചൽ', 'ഗോൽമാൽ റിട്ടേൺസ്', 'ജുഡ്വ 2' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 'കോമഡി നൈറ്റ്സ് വിത്ത് കപിൽ' എന്ന പരിപാടിയിലെ 'പിങ്കി ബുവ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
Content Highlights: CINTAA President Upasana Singh exposed the harsh realities of film and television sets., Revealed instances where shooting continued after crew members died on set., Shared a shocking incident from a reality show where a collapsing contestant was filmed instead of getting medical help., Highlighted the loss of basic human empathy in pursuit of TRP and cost-cutting.