സോഡ വിറ്റും പഴക്കച്ചവടം നടത്തിയും വളർന്ന കൂട്ടുകാരൻ, അഖിൽ മാരാർ അസാമാന്യ ധൈര്യശാലി-ഉണ്ണി മുകുന്ദൻ

#മൂവി ഡെസ്ക്
ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ | ഫോട്ടോ: സാജൻ വി. നമ്പ്യാർ\ മാതൃഭൂമി, Facebook
ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ | ഫോട്ടോ: സാജൻ വി. നമ്പ്യാർ\ മാതൃഭൂമി, Facebook

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സംവിധായകനും നടനുമായ അഖിൽ മാരാർക്ക് ആശംസകളർപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. അഖിൽ മാരാരുടെ ജീവിതം ആഴത്തിൽ പ്രചോദനം നൽകുന്നതാണെന്ന് ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇച്ഛാശക്തിമാത്രമാണ് അഖിലിന്റെ കൈമുതൽ. സമ്പൂർണരാഷ്ട്രീയപ്രവേശനമെന്നത് ജീവിതത്തിൽ അദ്ദേഹം സ്വീകരിച്ച ഏറ്റവും വലിയ തീരുമാനമായിരിക്കും. ഒരു വഴികാട്ടിയുമില്ലാതെ, തലമുറകളായുള്ള രാഷ്ട്രീയ പിന്തുണയില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് അസാമാന്യ ധൈര്യംതന്നെ വേണമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണരൂപം:

ഒരു കൂട്ടുകാരനുള്ള ചെറുകുറിപ്പ്,

അഖിൽ, നിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് എനിക്ക് എല്ലാ വിശദാംശങ്ങളും അറിയണമെന്നില്ല. പക്ഷേ നീ സൗഭാഗ്യം നിറഞ്ഞ കുടുംബപശ്ചാത്തലത്തിൽനിന്ന് വന്നവനല്ലെന്ന് നിന്റെ യാത്ര ശ്രദ്ധിച്ചിട്ടുള്ള ആർക്കും വ്യക്തമായി മനസിലാകും. അതാണ് നിന്റെ കഥയെ ഇത്രയും ശക്തമാക്കുന്നത്. നിന്നോടുള്ള യഥാർത്ഥമായ ആരാധനയിൽനിന്നെഴുതുന്ന കുറിപ്പാണിത്. ഒരു ചെറിയ കുടുംബത്തിൽ നിന്ന്, ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന ഒരു ചെറുപ്പക്കാരൻ, പടിപടിയായി വളർന്ന് ഇന്ന് നീയായിരിക്കുന്നതിലേക്കും, ഇനി എന്തായിത്തീരാൻ പോകുന്നു എന്നതിലേക്കും എത്തുന്നത് ആഴത്തിൽ പ്രചോദനം നൽകുന്ന വസ്തുതയാണ്. പുറത്തുള്ള പലർക്കും മാത്രമല്ല, എനിക്കും.

എപ്പോഴും ബുദ്ധിമാനായ വിദ്യാർത്ഥിയും ചിന്തയിൽ വ്യക്തതയും മൂർച്ചയേറിയ അഭിപ്രായങ്ങളുമുള്ള ഒരാളായിരുന്നു നീയെന്നാണ് പൊതുസുഹൃത്തുക്കളിൽനിന്ന് ഞാൻ കേട്ടറിഞ്ഞത്. നിന്റെ നിലപാടുകൾ വ്യക്തമാക്കുന്നത് കേൾക്കുമ്പോൾ ആ വാദങ്ങൾ ശരിയാണെന്ന് തോന്നി. വ്യക്തത എന്നത് ആഴത്തിൽ ചിന്തിക്കുന്നതിൽ നിന്നും, സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നിന്നും, സത്യസന്ധമായി ജീവിക്കുന്നതിൽ നിന്നും വരുന്ന ഒന്നാണ്.

നിങ്ങൾ സോഡ വിൽക്കുന്നതും പഴക്കച്ചവടം നടത്തുന്നതുമായ ചിത്രങ്ങൾ വളരെ ശക്തമാണ്. അവയൊന്നും കഷ്ടപ്പാടുകളല്ല, അന്തസ്സാണ് കാണിക്കുന്നത്. 'വെള്ളക്കോളർ' അംഗീകാരത്തിൽ ഒരിക്കലും അഭിരമിക്കാത്ത ഒരു യുവാവിനെയാണ് അത് കാണിക്കുന്നത്. കഷ്ടപ്പെടാനും സമ്പാദിക്കാനും ജോലി ചെയ്യാനും നിങ്ങൾ തയ്യാറായിരുന്നു. അതിൽ വളരെ അടിസ്ഥാനപരമായി എന്തോ ഉണ്ട്. സുഖസൗകര്യങ്ങൾക്ക് ഒരിക്കലും നൽകാനാവാത്ത രീതിയിൽ അത് സ്വഭാവത്തെ രൂപപ്പെടുത്തുന്നു.

ഏകദേശം പത്തുവർഷങ്ങൾക്ക് മുൻപാണ് ഞാൻ നിന്നെ ആദ്യമായി കണ്ടത്. കണ്ണുകളിൽ തീജ്വാലയോടെ ഒരു സിനിമാ സംവിധായകനാകാൻ കൊതിച്ച ഒരാൾ. ആ കൂടിക്കാഴ്ച ഉടനടി ഫലം കണ്ടില്ലായിരിക്കാം, പക്ഷേ നിന്റെ ആഗ്രഹം എന്റെ മനസ്സിൽ തങ്ങിനിന്നു. പിന്നീട്, നീ ഒരു ചലച്ചിത്ര സംവിധായകനായപ്പോൾ, ഞാൻ ഒരു കർമ്മോത്സുകനെ കണ്ടു. പശ്ചാത്തലമില്ല, പിന്തുണയില്ല, കൈമുതലായുള്ളത് ഇച്ഛാശക്തി മാത്രം.

പിന്നീട് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ യാത്ര വന്നു. ഞാൻ സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ പുറത്തുപറയാറില്ല, പക്ഷേ ഇത് പങ്കുവയ്ക്കേണ്ട ഒന്നാണ്. ഷോയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള നിന്റെ ആശങ്ക ഞാൻ ഓർക്കുന്നു. ഞാൻ അന്ന് നിന്നോട് പറഞ്ഞു, 'നിന്നിലൊരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല' എന്ന്. നീ അകത്തേക്ക് പ്രവേശിച്ചു. കഴിവിന്റെ പരമാവധി നൽകി. ഗംഭീരമായി വിജയിക്കുകയും ചെയ്തു. അത് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. നീ ഒരു രംഗത്തേക്ക് ഇറങ്ങിയാൽ, പകുതി മനസ്സോടെയല്ല ഇറങ്ങുന്നത്.

അടുത്തിടെ, ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യം എനിക്ക് കൂടുതൽ വ്യക്തമായി. കളിയോട് പൂർണ്ണമായും മുഴുകിനിൽക്കുന്ന ഒരാൾ. മത്സരബുദ്ധിയോടെ കളിക്കുന്നു. ഒരു ടീം പ്ലെയർ. നിങ്ങൾ എപ്പോഴും ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാകുന്നത് ഒരു ചെറിയ നേട്ടമല്ലെന്ന് മത്സര ക്രിക്കറ്റിനെക്കുറിച്ച് അറിയുന്ന ഏതൊരാൾക്കും അറിയാം. അതിന് പ്രതിബദ്ധതയും അച്ചടക്കവും ഹൃദയവും ആവശ്യമാണ്.

ഇപ്പോൾ, രാഷ്ട്രീയം !

ഈ പ്രായത്തിൽ, നിന്റെ ജീവിതത്തിലെ ഇത്രയും നിർണ്ണായകമായ ഒരു ഘട്ടത്തിൽ എടുത്ത ഈ തീരുമാനം, ഒരുപക്ഷേ നീ ഇന്നേവരെ എടുത്തതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു വഴികാട്ടിയുമില്ലാതെ, തലമുറകളായുള്ള രാഷ്ട്രീയ പിന്തുണയില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് ധൈര്യമാണ്. ഇന്നത്തെ യുവതലമുറയ്ക്ക്, ഒരു സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന ഒരാൾ വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കു പകരം പൊതുസേവനം തിരഞ്ഞെടുക്കുന്നത് പ്രചോദനമാണ്.

ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ വിഭാഗങ്ങളിലെയും രാഷ്ട്രീയക്കാരോട് എനിക്ക് ബഹുമാനമുണ്ട്, കാരണം ചില തലങ്ങളിലെങ്കിലും അവർ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു. പുറത്തുനിന്ന് വിമർശിക്കുന്നത് എളുപ്പമാണ്. വേദിയിലേക്ക് കടക്കുക എന്നതാണ് ബുദ്ധിമുട്ട്.

നീ സംസാരിക്കുകയും വിഷയങ്ങളെ അഭിസംബോധനചെയ്യുകയും ചെയ്തു. ഇനി വരുന്നതാണ് യഥാർത്ഥ പരീക്ഷണം. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ യഥാർത്ഥ ധൈര്യം ആവശ്യമാണ്. വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക.ഈ പുതിയ അധ്യായത്തിന് നിനക്ക് ശക്തിയും വിവേകവും ധൈര്യവും ആശംസിക്കുന്നു. ഞാൻ പങ്കുവെച്ച കുറച്ച് ചിത്രങ്ങൾ പോലും ആളുകൾക്ക് അവരുടെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിക്കാൻ പ്രചോദനം നൽകും. ആദരവോടെ.…
 

Content Highlights: Actor Unni Mukundan pens an heartfelt note for Akhil Marar, celebrating his inspiring journey from a small village to entrepreneurship, Bigg Boss win, and now politics.