‘കുടിവെള്ള കണക്ഷനെക്കുറിച്ച് ആണെന്നാണ് കരുതിയത്; തൃഷയ്ക്കെതിരായ ഉദയനിധിയുടെ വാക്കുകൾ നിന്ദ്യം’

നടി തൃഷയ്‌ക്കെതിരായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പ്രയോഗത്തെ അപലപിച്ച് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദറും ഗായിക ചിന്മയി ശ്രീപദയും. ഉദയനിധിയുടെ വാക്കുകൾ നിന്ദ്യവും വിലകുറഞ്ഞതും വൃത്തികേടുമാണെന്ന് ഖുശ്ബു സുന്ദർ എക്‌സിൽ കുറിച്ചു. അണികളോട് മാന്യമായി പെരുമാറാൻ നിർദേശം നൽകേണ്ടിയിരുന്ന ഉദയനിധി അതിലും ഹീനമായ പരാമർശം നടത്തുകയാണ് ഉണ്ടായതെന്ന് ചിന്മയി ആരോപിച്ചു.
'ഉദയനിധി സ്റ്റാലിന്റെ പ്രസംഗം കേട്ടു. വൃത്തികേടും വിലകുറഞ്ഞതും നിന്ദ്യവുമായ വാക്കുകളായിരുന്നു അത്. അദ്ദേഹം പിന്തുടരാൻ കാത്തിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്', ഖുശ്ബു കുറ്റപ്പെടുത്തി.
'ഇത്തരം ചിന്താഗതിയുള്ളവരാണ് നാളെ സംസ്ഥാനം ഭരിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാനും ആഗ്രഹിക്കുന്നതെങ്കിൽ ദൈവം നമ്മെ രക്ഷിക്കട്ടെ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും രാഷ്ട്രീയ നാടകമാക്കി മാറ്റി അണികളുടെ കൈയടിയും വിസിലും വാങ്ങി ആസ്വദിക്കുന്നവരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്', അവർ പ്രതികരിച്ചു.
'സ്ത്രീകൾക്കെതിരായ ഇത്തരം വാക്കുകളെ സ്വാഭാവികവത്‌രിക്കുന്നവർ ഒരു കാര്യം ഓർക്കണം; സ്ത്രീകളുടെ അന്തസ്സ് രാഷ്ട്രീയ തർക്കങ്ങളിൽ ബലികഴിക്കപ്പെടുമ്പോൾ നിങ്ങളുടെ സ്വന്തം കുടുംബം ഉൾപ്പെടെയുള്ള ഒരാളും ഇതിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും പൊതു സംവാദങ്ങൾക്ക് ചില അതിരുകൾ ഉണ്ടാകണം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള പാവകളായി സ്ത്രീകളെ കണക്കാക്കരുത്', അവർ അഭിപ്രായപ്പെട്ടു.
'രാഷ്ട്രീയ എതിരാളികളുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃപാടവത്തോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലങ്ങളും ഉന്നയിക്കുക എന്നത് എളുപ്പവഴിയായി മാറുകയാണ്. ഉദയനിധി സ്റ്റാലിനും പിതാവ് എം.കെ. സ്റ്റാലിനും വർഷങ്ങളായി നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്. പൊതുവേദിയിൽ തൃഷയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയാൻ തയ്യാറാകണം', ഖുശ്ബു ആവശ്യപ്പെട്ടു.
രാഷ്ട്രീയ തർക്കങ്ങളിൽ യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ വലിച്ചിഴയ്ക്കാതെ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാഷ്ട്രീയക്കാർ തയ്യാറാകണമെന്ന് ചിന്മയി ആവശ്യപ്പെട്ടു. ഡി.എം.കെ. നേതാവ് ശിവാജി കൃഷ്ണമൂർത്തിയെപ്പോലെ, അധിക്ഷേപകരമായി സംസാരിക്കുന്ന ആളുകൾക്ക് രാഷ്ട്രീയ വേദികളിൽ ഇത്തരം അശ്ലീലമായ പരാമർശങ്ങൾ നടത്താൻ കഴിഞ്ഞത് പാർട്ടി പലവട്ടം പുറത്താക്കുന്നത് നിരന്തരം പ്രോത്സാഹിപ്പിക്കപ്പെട്ടത് കൊണ്ടാണെന്ന് ചിന്മയി കുറ്റപ്പെടുത്തി.
തമിഴ്നാട് പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ യഥാർഥ അർഥം എന്താണെന്ന് തനിക്ക് ആദ്യം മനസ്സിലായില്ല. കുടിവെള്ള കണക്ഷനെക്കുറിച്ചാണ് സംസാരിച്ചതെന്നാണ് കരുതിയത്. സുഹൃത്തുക്കളാണ് അതിലെ ഉള്ളടക്കം വിശദീകരിച്ചു തന്നത്. ഭൂരിഭാഗം സ്ത്രീകൾക്കും അത് മനസ്സിലായിരുന്നില്ല. അണികളെ നിയന്ത്രിക്കുകയോ മാന്യമായി പെരുമാറാൻ ആവശ്യപ്പെടുകയോ ചെയ്യുന്നതിന് പകരം അതിലും മോശമായ പരാമർശം നടത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. അശ്ലീല വ്യാഖ്യാനം നൽകിയത് നിങ്ങളാണെന്നും ചിന്താഗതിയുടെ കുഴപ്പമാണെന്നും എളുപ്പം ന്യായീകരിക്കാം. എന്നാൽ അവരെ എനിക്ക് ജയലളിതയാണ് ഓർമിപ്പിക്കാനുള്ളതെന്നും ചിന്മയി കുറിച്ചു.
മുൻതലമുറയിലെ രാഷ്ട്രീയക്കാരുടെ അധിക്ഷേപ വാക്കുകൾ സ്വാഭാവികവൽക്കരിക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ തലമുറയിലെ ഒരാളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ അതിലും മോശമായ ഒന്നല്ല. ഇത് വലിയ നിരാശയുണ്ടാക്കുന്നതാണെന്ന് അവർ വ്യക്തമാക്കി.
സംഭവത്തിൽ സ്ത്രീകൾ വേണ്ടത്ര പ്രതിഷേധിക്കുന്നില്ലെന്ന് ചിന്മയി പരാതിപ്പെട്ടു. തൃഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഗായിക കടുത്ത അമർഷവും രോഷവും രേഖപ്പെടുത്തി.
ദ്വയാർഥ പ്രയോഗം നടത്തിയ ഉദയനിധിയെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തി തഞ്ചാവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലാണ് നടപടി.
കാവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം.
കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ഉദയനിധി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ. പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർഥ പ്രയോഗം. ഉടൻ തന്നെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി വഴുതി മാറി.
Content Highlights: Actress and BJP leader Khushbu Sundar alongside singer Chinmayi Sripaada strongly condemned DMK leader Udayanidhi Stalin for making a derogatory double-meaning comment about actress Trisha. Khushbu characterized Udayanidhi's remarks as cheap and disgusting, asserting that he must issue an unconditional public apology for insulting womanhood. Chinmayi Sripaada criticized political leaders for dragging uninvolved women into political disputes to gain applause from party workers instead of focusing on real public issues. The controversy stems from a Cauvery water dispute protest rally in Thanjavur where Udayanidhi made the controversial remark while responding to chants from party supporters. Following the incident, the Thanjavur police took Udayanidhi Stalin into custody from his official residence in Chennai based on charges of insulting the modesty of women.