‘ടോക്സിക്കി’ലെ റെബേക്കയായി താര സുതാര്യ, യഷ് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത്

‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന യാഷ് ചിത്രത്തിലെ ഇരുണ്ട ലോകത്തിന്റെ ആഴം തുറന്നുകാട്ടി പുതിയ പോസ്റ്റർ. കിയാര അദ്വാനി അവതരിപ്പിച്ച നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത്, നയൻതാരയുടെ ഗംഗ എന്നീ ശക്തമായ കഥാപാത്രങ്ങൾക്ക് പിന്നാലെ, ആകർഷകവും നിഗൂഢവുമായ റെബേക്കയായി താര സുതാര്യയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാൻ-ഇന്ത്യൻ സിനിമാരംഗത്തേക്കുള്ള താരയുടെ ആദ്യ ചുവടുവെയ്പ്പാണിത്.
റെബേക്കയായി താര സുതാര്യയെ കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് ഇപ്രകാരം പറയുന്നു: “താരയെ സംരക്ഷിക്കണമെന്നൊരു സ്വാഭാവിക വികാരം എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അവൾ അധികം സംസാരിക്കാറില്ല, പക്ഷേ വളരെ ആഴത്തിൽ നിരീക്ഷിക്കുന്ന ഒരാളാണ്. അവൾക്ക് ആവശ്യമായ സ്വാതന്ത്ര്യവും ഇടവും നൽകി മുന്നോട്ടുപോകാൻ അനുവദിച്ചപ്പോഴാണ് അത്ഭുതകരമായ പ്രകടനം പിറന്നത്.”
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം, ഗീതു മോഹൻദാസിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.
കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം, ഈദ്, ഉഗാദി, ഗുഡി പാഡ്വ ഉത്സവങ്ങളോടൊപ്പം 2026 മാർച്ച് 19ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. PRO -പ്രതീഷ് ശേഖർ.
Content Highlights: Tara Sutaria debuts in the dark world of Yash`s `Toxic: A Fairytale for Grown-Ups` as Rebecca. New poster reveals her mysterious character.