നതാലി ബേൺ അല്ല, അത് ബിയാട്രിസ്; ‘ടോക്സിക്’ ടീസറിലെ ‘സെമിത്തേരി ഗേളി’നെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്

കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസർ ഉണ്ടാക്കിയ ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. ടീസറിലെ ഇന്റിമേറ്റ്- ബോൾഡ് രംഗത്തെ ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ ചർച്ച തുടരുകയാണ്. മുൻനിലപാടുകൾ ചൂണ്ടിക്കാട്ടി സംവിധായിക ഗീതു മോഹൻദാസിനെതിരേ കടുത്ത വിമർശനവുമായി ചലച്ചിത്ര പ്രവർത്തകർ തന്നെ രംഗത്തെത്തി. സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കാക്കുന്നുവെന്നും ഇക്കാര്യങ്ങളിൽ നടികൂടിയായ സംവിധായികയ്ക്ക് ഇരട്ടത്താപ്പാണെന്നുമാണ് വിമർശനങ്ങൾ ഏറേയും.
ഇതിനിടെ, ടീസറിൽ യഷിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ആരാണെന്നായിരുന്നു ആരാധകരുടെ അന്വേഷണം. ടീസറിലെ ഇന്റിമേറ്റ് സീനിലുള്ളത് യുക്രൈൻ- അമേരിക്കൻ താരമായ നതാലി ബേൺ ആണെന്നായിരുന്നു ആരാധകരും ചില മാധ്യമങ്ങളും അവകാശപ്പെട്ടിരുന്നത്. എന്നാൽ, അത് നതാലി ബേൺ അല്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ സംവിധായിക ഗീതു മോഹൻദാസ്. തന്റെ 'സെമിത്തേരി ഗേളി'നെ സംവിധായിക ഇൻസ്റ്റഗ്രാം സ്റ്റോറി വഴി പരിചയപ്പെടുത്തി.
ബിയാട്രിസ് ടൗഫെൻബാച്ച് എന്ന ബ്രസീലിയൻ മോഡലും നടിയുമാണ് തന്റെ 'സെമിത്തേരി ഗേൾ' എന്നാണ് ഗീതു വെളിപ്പെടുത്തുന്നത്. ബിയാട്രിസിനെ മെൻഷൻ ചെയ്തായിരുന്നു ഗീതുവിന്റെ പോസ്റ്റ്. അതേസമയം, നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിലവിൽ പ്രൈവറ്റ് ആണ്. 2014-ൽ മോഡലിങ്ങിലൂടെയാണ് ഇവർ 'ലൈംലൈറ്റിൽ' എത്തിയത്. പിന്നീട് നിരവധി മോഡലിങ് വേദികളിൽ താരം പ്രത്യക്ഷപ്പെട്ടു.
മോഡലും നടിയും തിരക്കഥാകൃത്തുമായ നതാലി ബേൺ ആണ് ടീസറിലുള്ളത് എന്നായിരുന്നു നേരത്തേ പ്രചരിക്കപ്പെട്ടത്. 'ദ എക്‌സ്പാൻഡബിൾസ് 3', 'ഡൗൺഹിൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നതാലി ബേൺ.
യഷ് അവതരിപ്പിക്കുന്ന രായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ആയിരുന്നു താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടത്. രണ്ടുമിനിറ്റ് 51 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. മാർച്ച് 19-ന് 'ടോക്‌സിക്' പ്രദർശനത്തിനെത്തും.
Content Highlights: Woman in Yash’s ‘Toxic’ teaser Beatriz Taufenbach, not Natalie Burn: Director Geetu Mohandas