ബോൾഡായി നയൻതാര, നിഗൂഢതയുമായി കിയാര; തോക്കേന്തി രുക്മിണി; ‘ടോക്സിക്’ ലേഡീസ് ആൻഡ് ലേഡീസ് ടീസർ

#Movies Desk
ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് വീഡിയോയില്‍ രുക്മിണി വസന്തും കിയാര അദ്വാനിയും നയന്‍താരയും | Photo: Screen grab/ YouTube: KVN PRODUCTIONS
ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് വീഡിയോയില്‍ രുക്മിണി വസന്തും കിയാര അദ്വാനിയും നയന്‍താരയും | Photo: Screen grab/ YouTube: KVN PRODUCTIONS

'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന ചിത്രത്തിന്റെ ലോകം കൂടുതൽ ശക്തവും തീവ്രവുമായി അവതരിപ്പിക്കുന്ന പുതിയ വീഡിയോയായ 'ലേഡീസ് & ലേഡീസ്' പുറത്തിറങ്ങി. ഇതിലൂടെ ടോക്‌സിക്കിന്റെ ഡാർക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ വീഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ നൽകുന്നു. വളരെ ബോൾഡ് ആയ നയൻതാര, ആകർഷകവും നിഗൂഢവുമായ കിയാരയുടെ കഥാപാത്രം, സ്വതന്ത്രവും ചടുലവുമായ താര സുതാരിയയുടെ സാന്നിധ്യം, തീക്ഷ്ണമായ കഥാപാത്രം അവതരിപ്പിക്കുന്ന രുക്മിണി വസന്തും ശ്രദ്ധയാകർഷിക്കുന്ന ഹുമ ഖുറേഷിയും, ഓരോരുത്തരും ടോക്‌സിക്കിന്റെ ലോകത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥ പറയുന്ന ഒരു ആകർഷകമായ വനിതാ വോയ്‌സ് ഓവറും വീഡിയോയുടെ ശക്തിയും സ്വാതന്ത്രവും വിമതസ്വഭാവവും പ്രകടമാക്കുന്നു.

ആദ്യ ഫ്രെയിം മുതൽ തന്നെ വീഡിയോ അതിന്റെ സ്വഭാവം പ്രകടമാക്കുന്നു. 'കുട്ടികൾ... അകന്നു നിൽക്കുക. മാതാപിതാക്കൾ... നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും... നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുതുമുത്തച്ഛൻമാരും മുതുമുത്തശ്ശിമാരും... സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക' എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടനും നിർമാതാവുമായ യാഷാണ് നായകനാകുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന 'ടോക്‌സിക്', ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.

മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ. പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' ഓഗസ്റ്റ് 26 ബുധനാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: Launch of the 'Ladies & Ladies' teaser showcasing the film's female ensemble. Features a powerhouse cast: Nayanthara, Kiara Advani, Tara Sutaria, Rukmini Vasanth, and Huma Qureshi. Directed by Geetu Mohandas, starring Yash in the lead role. The film is a dark, intense narrative titled 'Toxic: A Fairy Tale for Grown-ups'. Global theatrical release confirmed for Wednesday, August 26, 2026.