'ഇരട്ടത്താപ്പ് പൂത്തുലയുന്നു'; 'ടോക്‌സിക്കി'ൽ വിമർശനവുമായി കസബ സംവിധായകൻ, മറുപടിയുമായി ഗീതു

#Movies Desk
നിധിന്‍ രഞ്ജി പണിക്കര്‍, 'ടോക്‌സിക്' ടീസറില്‍നിന്ന്, ഗീതു മോഹന്‍ദാസ്‌ | Photo: Instagram/ Nithin Renji Panicker, Geetu Mohandas, Screen shot/ YouTube: KVN PRODUCTIONS
നിധിന്‍ രഞ്ജി പണിക്കര്‍, 'ടോക്‌സിക്' ടീസറില്‍നിന്ന്, ഗീതു മോഹന്‍ദാസ്‌ | Photo: Instagram/ Nithin Renji Panicker, Geetu Mohandas, Screen shot/ YouTube: KVN PRODUCTIONS

യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' ഫസ്റ്റ് ഗ്ലിംപ്‌സ് ടീസർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ടീസർ വലിയ ചർച്ചയായി. പിന്നാലെ, ചിത്രത്തിനും സംവിധായകയ്ക്കുമെതിരേ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് 'കസബ' സംവിധായകൻ നിധിൻ രഞ്ജി പണിക്കർ. കപടവ്യക്തിത്വം ആദർശങ്ങൾ മറക്കുമ്പോൾ ഇരട്ടത്താപ്പ് വെളിപ്പെടുമെന്നായിരുന്നു സംവിധായകന്റെ വിമർശനം.

'നിങ്ങളുടെ 'ദിവ്യവചനം' നിങ്ങളിലെ 'കപട' വ്യക്തിത്വം മറക്കുമ്പോൾ, ഇരട്ടത്താപ്പ് പൂത്തുലയുന്നു, പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാവില്ലെന്ന് ഞാൻ ആഗ്രഹിക്കുന്നു). എന്നിട്ടും, ഇതിന്റെയെല്ലാം അനന്തരഫലങ്ങളിൽ (അലങ്കോലപ്പെട്ടതും അർഹിച്ചതുമായ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് ഒരുകാര്യം സമ്മതിക്കാം, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്', നിധിൻ രഞ്ജി പണിക്കർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

പിന്നാലെ മറുപടിയുമായി ഗീതു മോഹൻദാസുമെത്തി. ഇൻസ്റ്റഗ്രാമിൽ റിമ കല്ലിങ്കൽ പങ്കുവെച്ച റീലിന്റെ സ്‌ക്രീൻഷോട്ട് ഫെയ്‌സ്ബുക്കിൽ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ഗീതുവിന്റെ പ്രതികരണം. നിധിൻ രഞ്ജി പണിക്കർക്ക് നേരിട്ടുള്ള മറുപടിയല്ലെങ്കിലും, സാമൂഹികമാധ്യമങ്ങളിലെ വിമർശനത്തോടുള്ള പൊതുവായ പ്രതികരണം എന്ന നിലയിലാണ് ഗീതുവിന്റെ പോസ്റ്റ്. 'സ്ത്രീകളുടെ ലൈംഗികാനന്ദം, കൺസെന്റ്, അധികാരത്തെ നിയന്ത്രിക്കുന്ന രീതി എന്നിവയെക്കുറിച്ച് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിൽ ചെയ്യുകയാണ്', എന്നായിരുന്നു ഗീതു പങ്കുവെച്ച സ്‌ക്രീൻഷോട്ടിലെ ഉള്ളടക്കം.

നിധിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കസബ'യ്‌ക്കെതിരേ വലിയ വിമർശനമുണ്ടായിരുന്നു. ചിത്രത്തിൽ സ്ത്രീവിരുദ്ധമായ ചില രംഗങ്ങളും ഡയലോഗുകളും ചിത്രത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നടി പാർവതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിലാണ് പാർവതി 'കസബ'യ്ക്കും പേരെടുത്തു പറയാതെ അതിലെ നായകൻ മമ്മൂട്ടിക്കുമെതിരെ ആഞ്ഞടിച്ചത്. ചിത്രത്തിന്റെ പേര് പറയാൻ മടിച്ച പാർവതിയെ ഗീതു മോഹൻദാസ് ആയിരുന്നു അന്ന് വേദിയിൽ പ്രോത്സാഹിപ്പിച്ചത്.

'ടോക്‌സികി'ന്റെ ടീസറിൽ ബോൾഡ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗീതുവിനെതിരേ ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്. ടീസറിലെ ഭാഗം സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണെന്നാണ് പ്രധാനവിമർശനം.

Content Highlights: Kasaba director criticizes Geetu Mohandas` `Toxic` teaser for hypocrisy. Geetu responds, addressing societal issues over criticism