ആ ബഹളങ്ങള്‍ക്കിടയില്‍ ജയകൃഷ്ണന്‍ ഉള്‍വലിഞ്ഞത് എന്തുകൊണ്ടായിരിക്കാം; 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം

പത്മരാജന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍. ചിത്രം പുറത്തിറങ്ങി 37 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങള്‍ ആഘോഷിക്കുന്നു. പത്മരാജന്റെ നോവലായ ഉദകപ്പോളയെ ഭാഗികമായി അടിസ്ഥാനമാക്കി രണ്ട് സ്ത്രീകളുമായി പ്രണയത്തിലാകുന്ന ജയകൃഷ്ണനെചുറ്റിപ്പറ്റിയാണ് തൂവാത്തുമ്പികള്‍ നിര്‍മിക്കപ്പെട്ടത്. ബോക്‌സോഫീസില്‍ വാണിജ്യപരമായ പരാജയമായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് വലിയ ആരാധകരുള്ള ഒരു ചിത്രമായി മാറി. ജീവിതത്തെ വലിയ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ജയകൃഷ്ണാനായെത്തിയത് മോഹന്‍ലാലായിരുന്നു. നാട്ടിന്‍പുറത്തെ വലിയ തറവാടില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സാധാരണ കുടുംബജീവിതം നയിക്കുകയും നഗരത്തിലേക്ക് വരുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയടിച്ചും മദ്യപിച്ചും
ഇരട്ടജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജയകൃഷ്ണന്‍.
ചിത്രത്തില്‍ ഒരു ബാറിലിരുന്ന് മദ്യപിക്കുന്ന ഒരു രംഗത്തില്‍ ജയകൃഷ്ണന്‍ മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ഒരു നിമിഷം ഉള്‍വലിയുന്ന രംഗമുണ്ട്. ചിത്രത്തിലെ മറ്റൊരു രംഗത്തിലും ഇത് ആവര്‍ത്തിക്കുന്നു. ജോണ്‍സണ്‍ മാസ്റ്ററുടെ വ്യത്യസ്തമായ പശ്ചാത്തല സംഗീതമാണ് ഈ രംഗങ്ങളെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ജയകൃഷ്ണന്‍ ഇങ്ങനെ പെരുമാറുന്നതിന്റെ അര്‍ഥം എന്താണെന്നും പത്മരാജന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചിരിക്കുന്നതെന്നും ഇപ്പോഴും സിനിമാഗ്രൂപ്പുകളില്‍ ചോദ്യങ്ങളുമായി സിനിമാപ്രേമികള്‍ എത്താറുണ്ട്. ഇപ്പോഴിതാ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തന്നെ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.
സംവിധായകന്‍ ബ്ലെസിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം അനന്തപത്മനാഭന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് ഒരാള്‍ ഈ ചോദ്യം കമന്റായി രേഖപ്പെടുത്തിയത്. പത്മരാജന്റെ സഹസംവിധായകനായി ബ്ലെസി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബ്ലെസിയ്ക്ക് ഇതിന്റെ ഉത്തരം അറിയാതിരിക്കില്ലെന്നും ഒന്ന് ചോദിച്ച് പറഞ്ഞു തരാമോ എന്നുമായിരുന്നു കമന്റ്. അതിനുള്ള മറുപടിയായി അനന്ത പത്മനാഭന്‍ ഇങ്ങനെക്കുറിച്ചു.
"He is contemplating (അയാള്‍ ചിന്താമഗ്നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പിൽ കുറിച്ചത്. അത് തുടർപദ്ധതികൾ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടൻ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒര ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്"
തൃശ്ശൂര്‍ നഗരത്തില്‍ ജീവിതം ആസ്വദിച്ച് ആഘോഷമാക്കിയ അഡ്വ. ഉണ്ണിമേനോന്റെ ജീവിതമാണ് പദ്മരാജന്‍ തൂവാനത്തുമ്പികളിലേക്ക് ആവാഹിച്ചത്. ഇപ്പോള്‍ 84 വയസ്സുണ്ട് ഉണ്ണിമേനോന്. 20 വയസ്സുള്ളപ്പോഴാണ് പദ്മരാജനുമായുള്ള പരിചയം തുടങ്ങിയത്. ആകാശവാണിയില്‍ ജോലി കിട്ടി തൃശ്ശൂരിലെത്തിയതാണ് പദ്മരാജന്‍. ബിരുദം കഴിഞ്ഞ ഉണ്ണിമേനോന്‍ അപ്പോള്‍ തൃശ്ശൂരിലെ ലോഡ്ജിലായിരുന്നു താമസം. രണ്ടു വര്‍ഷത്തെ ഉറ്റസൗഹൃദത്തില്‍നിന്ന് ഉണ്ണിമേനോനെപ്പറ്റി നേരിട്ടും പലരില്‍നിന്ന് കേട്ടും അറിഞ്ഞ കാര്യങ്ങള്‍ പദ്മരാജന്‍ ഡയറിയിലെഴുതിവെച്ചു. വേറിട്ട ജീവിതകഥ ഉള്‍പ്പെടുത്തി 'ഉദകപ്പോള' എഴുതി. അതില്‍നിന്ന് ഉണ്ണിമേനോന്റെ ജീവിതം അടര്‍ത്തിയെടുത്ത്, ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും മഴയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയെടുക്കുകയായിരുന്നു.
Content Highlights: thoovanathumbikal, Padmarajan classic, Malayalam cinema, Mohanlal, udakappola novel