കുടിവെള്ളം തിയേറ്റർ കവാടത്തിൽ വേണം, അമിത വില നിയന്ത്രിക്കാൻ കോർപ്പറേഷനാവില്ല- മേയർ രാജേഷ്

#Movies Desk
വി.വി. രാജേഷ്‌ | Photo: Facebook/ Adv.VV. Rajesh
വി.വി. രാജേഷ്‌ | Photo: Facebook/ Adv.VV. Rajesh

തിരുവനന്തപുരം: സിനിമ തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം മേയറും തിയേറ്റർ ഉടമകളുമായി ചർച്ച നടന്നു. കുടിവെള്ളം സൗജന്യമായി തിയേറ്റർ കവാടത്തിൽ വേണമെന്ന നിർദേശം നൽകിയെന്ന് ചർച്ചയ്ക്ക് ശേഷം മേയർ വി.വി. രാജേഷ് പറഞ്ഞു.

വില നിയന്ത്രിക്കാൻ കോർപ്പറേഷനാവില്ല. കുട്ടികൾക്കുള്ള ഭക്ഷണം തിയേറ്ററിന് അകത്ത് കൊണ്ടുപോകാൻ സാധിക്കണം. അതിന് യാതൊരു നിബന്ധനയും തടസ്സവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും രാജേഷ് പറഞ്ഞു.

സ്ത്രീകളുടെ ബാഗ് സ്ത്രീകൾ തന്നെ പരിശോധിക്കണം. സിനിമ കാണാൻ വരുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർക്കിംഗ് സൗകര്യം തിയേറ്ററിനുള്ളിൽ ഒരുക്കണം. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈസൻസ് ആവശ്യമായ മാനദണ്ഡങ്ങൾ പലതും ലംഘിക്കുന്നതായി മേയർ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ തിരുത്തണം. 15 ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരും. അതിനുശേഷം സ്‌ക്വാഡുകൾ തിയേറ്ററിലെത്തി പരിശോധന നടത്തുമെന്നും മേയർ വ്യക്തമാക്കി.

Content Highlights: Thiruvananthapuram Mayor VV Rajesh held a meeting with theater owners regarding high food prices in cinema halls. The Mayor instructed theater management to provide free drinking water at theater entrances. Instructions were issued to allow children's food inside theaters without any restrictions. The Corporation clarified that while it cannot directly fix food prices, basic safety, fire norms, and parking facilities must be strictly met. Theater owners were given a 15-day deadline to rectify license violations before squad inspections begin.