'ചിത്രാഞ്ജലിയുടെ നവീകരണം പാതിവഴിയിൽ ഉപേക്ഷിക്കരുത്'; വൈകാരിക കുറിപ്പുമായി സംവിധായകൻ കെ.മധു

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയോ നവീകരണം പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ ചുമതലക്കാരോട് അഭ്യർഥിച്ച് സ്ഥാനമൊഴിഞ്ഞ ചെയർമാനും സംവിധായകനുമായ കെ.മധു. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും ഉൾപ്പെടെ തന്റെ യൗവനത്തിന്റെ നല്ലൊരു ശതമാനവും ചിത്രാഞ്ജലിയുടെ സ്റ്റുഡിയോയുടെ തണലിലാണ് ചെലവഴിച്ചതെന്നും കാലത്തിനനുസരിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയെ മികവുറ്റതാക്കാൻ പരമാവധി ശ്രമിച്ചതായും സമൂഹമാധ്യമത്തിലെ വൈകാരികമായ കുറിപ്പിൽ മധു വ്യക്തമാക്കി. റാമോജി റാവു ഫിലിം സിറ്റിയിൽ സിനിയെടുത്തിട്ടുള്ള സംവിധായകൻ എന്ന നിലയിൽ, അവിടുത്തെ അനുഭവം ചിത്രാഞ്ജലിയുടെ നവീകരണത്തിൽ പ്രയോജനപ്പെടുത്തുമെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമുള്ള വിശ്വാസത്തിലാണ് രാഷ്ട്രീയത്തിനതീതമായി തന്നെ ചെയർമാനായി നിയമിച്ചതെന്നും മധു അനുസ്മരിച്ചു.
ചിത്രാഞ്ജലിയുടെ നവീകരണ പദ്ധതികൾക്ക് കിഫ്ബി അനുമതി ലഭിച്ചിരുന്നെങ്കിലും പല സാങ്കേതിക കാര്യങ്ങളിലും വ്യക്തതയില്ലാത്തതിനാൽ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കെയാണ് ചെയർമാനായി മധു ചുമതലയേറ്റത്. നവീകരണ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു ആദ്യം ചെയ്തത്. സ്റ്റുഡിയോയുടെ വികസനത്തിന് രൂപകൽപ്പന ചെയ്ത പ്രധാന പദ്ധതികളെല്ലാം വെറും എട്ടുമാസംകൊണ്ട് യാഥാർഥ്യമാക്കാൻ കഴിഞ്ഞെന്നത് തനിയ്ക്ക് അഭിമാനം നൽകുന്നതാണെന്ന് മധു പറഞ്ഞു. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിച്ചതടക്കം നിരവധി കാര്യങ്ങൾ ചെയ്യാനായെന്നും മധു പറഞ്ഞു.
കെ. മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പുനരുജ്ജീവനം പാതി വഴിയിൽ ഉപേക്ഷിക്കാതെ മുന്നോട്ടു കൊണ്ടുപോകണം.
ഒരു ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ചിത്രാഞ്ജലിയുമായി വളരെ വൈകാരികമായ അടുപ്പമാണുള്ളത്. കെ.എസ്.എഫ്.ഡി.സി.യുടെ വഴുതക്കാട്ടെ റെക്കോർഡിങ് സ്റ്റുഡിയോയിൽനിന്ന് നൽകിയ ഡബ്ബിങ് സ്പൂളുകളുമായാണ് 1982-ൽ ഞാൻ ചിത്രാഞ്ജലി ഹിൽസിന്റെ പടിവാതിൽ കടക്കുന്നത്. എന്റെ ഗുരുനാഥൻ എം. കൃഷ്ണൻ നായർ സാർ സംവിധാനം ചെയ്ത 'ഗൃഹലക്ഷ്മി' എന്ന ചിത്രത്തിന്റെ ഡബ്ബിങ് സ്പൂളാണ് അന്ന് എന്റെ കൈയിലുണ്ടായിരുന്നത്.
ഇപ്പോൾ 44 വർഷം പിന്നിട്ടു! അതിനുശേഷം എത്രയോ യാത്രകൾ, എത്രയോ ദിനരാത്രങ്ങൾ. ഇരുപതാം നൂറ്റാണ്ടും ഒരു CBI ഡയറിക്കുറിപ്പും തുടങ്ങി എന്റെ സിനിമ ജീവിതത്തിന്റെ നാഴികക്കല്ലായി മാറിയ എത്രയോ സിനിമകൾ. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും ഉൾപ്പെടെ എന്റെ യൗവനത്തിന്റെ നല്ലൊരു ശതമാനവും ഈ സ്റ്റുഡിയോയുടെ തണലിലാണ് ചെലവഴിച്ചത്. അതെ, കാലത്തിനനുസരിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയെ മികവുറ്റതാക്കാനുള്ള നിയോഗവും എങ്ങനെയോ എന്റെ മുന്നിലെത്തുകയായിരുന്നു.
റാമോജി റാവു ഫിലിം സിറ്റിയിൽ സിനിമകൾ ചെയ്തിട്ടുള്ള ഒരു സംവിധായകൻ എന്ന നിലയിൽ, ആ അനുഭവം ചിത്രാഞ്ജലിയുടെ നവീകരണത്തിൽ പ്രയോജനപ്പെടുത്തുമെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമുള്ള വിശ്വാസത്തിലാണ് രാഷ്ട്രീയത്തിനതീതമായി പിണറായി സർക്കാർ എന്നെ KSFDC ചെയർമാനായി നിയോഗിച്ചത്. സാംസ്‌കാരിക സ്ഥാപനങ്ങൾ രാഷ്ട്രീയത്തിനതീതമാകണം എന്ന സന്ദേശവും അതിലുണ്ടായിരുന്നു. അതുകൊണ്ട് എന്റെ ഉത്തരവാദിത്വവും വർധിച്ചു.
ചിത്രാഞ്ജലി നവീകരണ പദ്ധതികൾക്ക് കിഫ്ബി അനുമതി ലഭിച്ചിരുന്നെങ്കിലും പല സാങ്കേതിക കാര്യങ്ങളിലും വ്യക്തതയില്ലാത്തതിനാൽ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കെയാണ് 2025 ജൂലായിൽ ഞാൻ ചെയർമാനായി ചുമതലയേൽക്കുന്നത്. ചുമതലയേറ്റശേഷം നവീകരണ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു ആദ്യം ചെയ്തത്. സ്റ്റുഡിയോയുടെ വികസനത്തിനായി രൂപകൽപ്പന ചെയ്ത പ്രധാന പദ്ധതികളെല്ലാം വെറും എട്ടുമാസംകൊണ്ട് യാഥാർഥ്യമാക്കാൻ കഴിഞ്ഞു എന്നത് എനിക്ക് അഭിമാനം നൽകുന്ന കാര്യമാണ്.
2025 ഓഗസ്റ്റിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നവീകരണ പ്രവർത്തങ്ങൾ നേരിട്ട് നിയതന്ത്രിക്കുന്നതിന് പുതിയ ഓഫീസ് ആരംഭിക്കുകയും നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 2022 മുതൽ നിലച്ചിരുന്ന നവീകരണ പ്രവൃത്തികൾ പുനരാരംഭിക്കുകയായിരുന്നു ആദ്യ ദൗത്യം. കിഫ്ബിയുമായി നിരന്തരം ഇടപെട്ട് റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം വാങ്ങി ജോലികൾ വേഗത്തിലാക്കി. പുതിയ AC ഷൂട്ടിങ് ഫ്‌ളോർ സജ്ജമാക്കുന്ന ജോലികളും അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ ജോലികളും പൂർത്തിയാക്കി. മെയിൻ ഗേറ്റ് മുതൽ ഫ്‌ളോർ വരെയുള്ള റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തിയാക്കി. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് ഇവിടെ ടാറിങ് നടത്തിയത്.ഡി.ഐ. ബിൽഡിങ്, എക്വിപ്‌മെന്റ് സ്റ്റോറേജ് ബിൽഡിങ് തുടങ്ങി നിശ്ചലമായിരുന്ന മറ്റെല്ലാ പദ്ധതികളുടെയും സിവിൽ ജോലികളും സംപ് നിർമാണവും പൂർത്തീകരിച്ചു.
ഈ നവീകരണ പ്രവർത്തനങ്ങളെല്ലാം എന്റെ നേരിട്ടുള്ള ഏകോപനത്തിലും നിരന്തരമായ ഇടപെടലിലുമാണ് പൂർത്തിയാക്കിയത്. ഈ മാർച്ചിൽ അവയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിച്ചു. കൂടാതെ, ഒരു ഗാർഡനും പാർക്കും ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയുടെ അനുമതിയും നേടി. ചെയർമാനായ ഉടൻതന്നെ കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള തിയേറ്ററുകളെല്ലാം സന്ദർശിച്ച് അവിടെ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. കലാഭവൻ തിയേറ്ററിലെ പ്രോജക്ടറും സ്‌ക്രീനും സീറ്റുകളും മാറ്റി, കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യ്ക്ക് മുമ്പുതന്നെ തിയേറ്റർ മികവുറ്റതാക്കി.
കിഫ്ബി മുഖേന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച കായംകുളം, അളഗപ്പനഗർ, വൈക്കം, പയ്യന്നൂർ എന്നിവിടങ്ങളിലെ തിയേറ്റർ കോംപ്ലക്‌സ് പദ്ധതികൾ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. കിഫ്ബിയുമായുള്ള റീപെയ്‌മെന്റ് കരാർ ഒപ്പിടാൻ വൈകിയതാണ് കാരണം. കരാർ ഒപ്പിടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. കുറച്ചു സമയംകൂടി ലഭിച്ചിരുന്നെങ്കിൽ അവയുടെ നിർമാണം പുനരാരംഭിക്കാൻ കഴിയുമായിരുന്നു.
ഇതിനുപുറമെ ചെങ്ങന്നൂർ, കൊട്ടാരക്കര, ധർമടം, തൃശ്ശൂരിലെ മാതമംഗലം, ഇടുക്കി എന്നിവിടങ്ങളിൽ തിയേറ്റർ സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ഇതിൽ ചെങ്ങന്നൂർ, കൊട്ടാരക്കര, ഇടുക്കി എന്നിവിടങ്ങളിലെ പദ്ധതികളുടെ തറക്കല്ലിടലും നടന്നു. എൽ.ഇ.ഡി., അപ്യൂച്ചർ (Aputure), ആരി (ARRI), അസ്ട്ര (Astra) ഷൂട്ടിങ് ലൈറ്റുകൾ വാങ്ങി സ്റ്റുഡിയോയുടെ ഔട്ട്‌ഡോർ യൂണിറ്റിന് നൽകിയതോടെ കൂടുതൽ സിനിമകൾ ചിത്രാഞ്ജലി പാക്കേജിലേക്ക് എത്തി.
ചിത്രാഞ്ജലിയുടെ എക്കാലത്തെയും കരുത്തായിരുന്ന സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ ATMOS റെക്കോർഡിങ് സ്റ്റുഡിയോ ആക്കി മാറ്റി ഒന്നാംഘട്ട ഉദ്ഘാടനത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഹൈടെക്കും അതേസമയം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതുമായ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ അല്പസമയം വേണ്ടിവന്നു.എന്നാൽ അവയെല്ലാം പരിഹരിച്ചു ATMOS റെക്കോർഡിങ് സ്റ്റുഡിയോയുടെ നവീകരണ നിർമാണം പുനരാരംഭിച്ച ശേഷമാണ് ഞാൻ പടിയിറങ്ങുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു അനിവാര്യമായ രാജി.
ചലച്ചിത്ര വികസന കോർപ്പറേഷൻ സിനിമാ നിർമാണം മുതൽ പ്രദർശനം വരെ സ്വയംപര്യാപ്തമാകണം എന്നായിരുന്നു എന്റെ ആഗ്രഹം. സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ സ്വയംപര്യാപ്തമായ ഒരു പൊതുമേഖലാ സ്ഥാപനമായി മാറാനുള്ള ശേഷി KSFDC ക്കുണ്ട് . അതുകൊണ്ടുതന്നെ ലക്ഷ്യമിട്ടിരുന്ന പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ ഒരു എളിയ സിനിമാ പ്രവർത്തകൻ എന്ന നിലയിൽ മനസ്സുവന്നില്ല. അതെല്ലാം ഒരു വിഷൻ ഡോക്യുമെന്റാക്കി സാംസ്‌കാരിക മന്ത്രി ശ്രീ. വിഷ്ണുനാഥിന് സമർപ്പിച്ചിട്ടുണ്ട്.
ഇതൊക്കെ സാധ്യമാക്കിയത് എന്നോടൊപ്പം ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളുടെ സഹകരണം കൊണ്ടുകൂടിയാണ്. കെ.എസ്.എഫ്.ഡി.സി.യിലെ പ്രതിബദ്ധരായ ജീവനക്കാർ എനിക്കൊപ്പം നിന്നു. മുഖ്യമന്ത്രിയായിരുന്ന ശ്രീ.പിണറായി വിജയനും , സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. സജി ചെറിയാന്റെയും പിന്തുണയും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.
എട്ടുമാസം വളരെ ചെറിയൊരു കാലയളവാണ്. ഇത്രയേറെ നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിനുള്ളിൽ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് കരുത്തായി നിന്നത് ഈ സ്ഥാപനത്തോടുള്ള എന്റെ അദമ്യമായ കൂറും സ്‌നേഹവും മാത്രമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സുവർണകാലം തിരികെ കൊണ്ടുവരാൻ എന്നാലാവുന്ന എല്ലാ ശ്രമവും നടത്തിയിട്ടുണ്ട്. രാവും പകലും അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും എല്ലാ സഹായസഹകരണവും ഞാൻ ഉറപ്പുനൽകുന്നു.
പുതിയ ഭരണസമിതിയും ഈ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് എന്റെ പ്രതീക്ഷ. അശ്രാന്തമായ പരിശ്രമമുണ്ടെങ്കിലേ മുന്നോട്ട് ഒരു ചുവടുപോലും വയ്ക്കാൻ കഴിയൂ. ആ പ്രതിബദ്ധത പുതിയ നേതൃത്വത്തിനുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
Content Highlights: Following his resignation as KSFDC Chairman, veteran filmmaker K. Madhu penned an emotional note recounting his 44-year bond with Chitranjali Studio, highlighting the major infrastructural upgrades achieved during his eight-month tenure and appealing to the new leadership to complete the ongoing renovation project.