8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

32 വർഷത്തിനുശേഷം‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തീയേറ്ററുകളിൽ എത്തുന്നത് കൂടുതൽ ദൃശ്യമികവിൽ. ഒക്ടോബർ ഒന്നിന് ചിത്രം റീ റിലീസ് ചെയ്യും. ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി 8-കെ നിലവാരത്തിൽ സ്കാൻചെയ്ത ചിത്രമാകും ഇത്. മൂന്നരവർഷത്തിനിടെ 14 മലയാള ചിത്രങ്ങൾ റീ റിലീസ് ചെയ്തെങ്കിലും എല്ലാംപഴയ ഫിലിമിൽനിന്ന് 4-കെ നിലവാരത്തിൽ സ്കാൻചെയ്ത് റീ മാസ്റ്റർ ചെയ്തവയായിരുന്നു.
മോഹൻലാൽ മാണിക്യനും ശോഭന കാർത്തുമ്പിയുമായി വേഷമിട്ട് ഹിറ്റായ പ്രിയദർശൻചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. മാറ്റിനി നൗ കമ്പനിയാണ് തേന്മാവിൻ കൊമ്പത്ത് വീണ്ടും തിേയറ്ററുകളിൽ എത്തിക്കുന്നത്. ഈ സിനിമയുടെ ഏറെ പ്രത്യേകതകളുള്ള ദൃശ്യഭംഗി പ്രേക്ഷകർക്ക് പരമാവധി ആസ്വദിക്കാനായിട്ടാണ് 8-കെ നിലവാരത്തിൽ ഫിലിം സ്കാൻ ചെയ്തത്.
പ്രിന്റിനായി അന്വേഷണം
ചിത്രത്തിന്റെ പഴയ ഫിലിംപ്രിന്റ് കണ്ടെത്താൻ പ്രയാസമായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് എൻ. ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർവഴിയാണ് ഫിലിം പ്രിന്റ് ലഭിച്ചത്. ചിത്രത്തിലെ ഒരു പ്രിന്റ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നു. ചിത്രാഞ്ജലിയിലാണ് അനിൽകുമാർ ജോലിചെയ്തിരുന്നത്.
ഒരുവർഷത്തെ ജോലികൾ
ലഭ്യമായ പ്രിന്റിന് കാലപ്പഴക്കത്തിന്റെ പ്രശ്നങ്ങളുള്ളതുകൊണ്ടുകൂടിയാണ് 8-കെയിൽ സ്കാൻ ചെയ്തത്. ചിത്രത്തിലെ ദൃശ്യങ്ങൾ, അതിലുടനീളമുള്ള വെളിച്ചവിന്യാസം എന്നിവ ഏറെ പ്രത്യേകതയുള്ളതാണ്. മികച്ച ക്യാമറമാനുള്ള ദേശീയപുരസ്കാരം ഈ സിനിമയിലൂടെ കെ.വി. ആനന്ദിന് ലഭിച്ചതാണ്.
8-കെയിൽ ഫിലിമിലെ ചെറിയ വിശദാംശങ്ങൾപോലും മെച്ചപ്പെട്ട റെസലൂഷനിൽ സ്കാൻ ചെയ്യപ്പെട്ടു. ഇതിന് 4-കെയെക്കാൾ കൂടുതൽസമയവും ചെലവും വരും. ചെന്നൈ പ്രസാദ് ലാബിലാണ് ഫിലിം സ്കാൻ ചെയ്തത്. തുടർന്നുള്ള റീമാസ്റ്റർ ജോലികൾചെയ്തത് മാറ്റിനി നൗവിന്റെ സ്റ്റുഡിയോയിലാണ്.
Content Highlights: Priyadarshan's classic cult comedy Thenmavin Kombath, starring Mohanlal and Shobana, is set to re-release in theatres on October 1, scanned and remastered from its original film prints in unprecedented 8K resolution.