'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി'യുടെ റിലീസിനോടനുബന്ധിച്ച് 'അണ്‍റിട്ടണ്‍ ബൈ ഹെര്‍' ക്യാമ്പയിന്‍; വനിതകളെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ പുരസ്‌കാര ജേതാവായ സജിന്‍ ബാബു സംവിധാനംചെയ്ത്, അഞ്ജന ഫിലിപ്പ് അഞ്ജന ടാക്കീസിന്റെ ബാനറില്‍ നിര്‍മിച്ച 'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്, സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ അസാധാരണ തൊഴില്‍ മേഖലകള്‍ നയിക്കുന്ന വനിതകളെ ആദരിക്കുന്ന #UnwrittenByHer (അണ്‍റിട്ടണ്‍ ബൈ ഹെര്‍) എന്ന വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യമന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു. ചിത്രത്തിലെ നായികയായ നടി റിമ കല്ലിങ്കലും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വ്യത്യസ്തമായ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരെയാണ് പരിപാടിയില്‍ ആദരിച്ചത്. ഹെവി മെഷിനറി ഉള്‍പ്പെടെ 11 തരം വാഹനങ്ങള്‍ക്ക് ലൈസന്‍സുള്ള 73 വയസ്സുകാരിയായ രാധാമണി അമ്മ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന്‍, 18 അടി നീളമുള്ള രാജവെമ്പാലയെ ഉള്‍പ്പെടെ 800-ല്‍ അധികം പാമ്പുകളെ രക്ഷിച്ച കേരളത്തിലെ ഏക വനിതാ സ്നേക്ക് റെസ്‌ക്യൂവറും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ജി.എസ്. രോഷ്നി, മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021-ലെ വിജയിയായ ശ്രുതി സിത്താര, കൂടാതെ സംസ്ഥാനത്തുടനീളം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനുമായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
ചടങ്ങില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശനവും നടത്തി. നേരത്തെ തന്നെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രകാശനംചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ കേരളത്തില്‍ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. സ്ത്രീകളുടെ സാമൂഹിക- സാംസ്‌കാരികപരമായ പരിമിതികളും അതിജീവനശേഷിയും, കാലഹരണപ്പെട്ട ആചാരങ്ങളോടുള്ള ചോദ്യം ചെയ്യലുമാണ് 'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി'യുടെ ഇതിവൃത്തം. അതുകൊണ്ടുതന്നെ അപൂര്‍വ്വമായ യാത്ര തിരഞ്ഞെടുത്ത സ്ത്രീകളെ ആദരിച്ച ക്യാമ്പയിനും ചലച്ചിത്രത്തിന്റെ സാരം തന്നെയാണ്.
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്സിന്റെ 48-ാമത് എഡിഷനില്‍ മികച്ച നടിക്കുള്ള അവാര്‍ഡും പ്രത്യേക ജൂറി പുരസ്‌കാരവും നേടിയ ചിത്രം ഇതിനോടകം ആഗോളതലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ഒക്ടോബര്‍ ഏഴിന് നടക്കുന്ന ഐഎക്‌സ് യാല്‍ട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ യൂറേഷ്യന്‍ ബ്രിഡ്ജ്- ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ മത്സരിക്കുന്ന എട്ട് ചിത്രങ്ങളില്‍ ഒന്നാണിത്. കൂടാതെ റഷ്യയിലെ കസാന്‍ ഫിലിം ഫെസ്റ്റിവല്‍, ടൈം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സിനിവി- സിഎച്ച്ഡി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 16-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.