'രാജാ സാബ്':ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകി ആന്ധ്രാസർക്കാർ; പ്രീമിയർ ടിക്കറ്റിന് 1000രൂപ

#Movie desk
ദി രാജാസാബ് എന്ന ചിത്രത്തിൽ പ്രഭാസ് | സ്ക്രീൻ​ഗ്രാബ്
ദി രാജാസാബ് എന്ന ചിത്രത്തിൽ പ്രഭാസ് | സ്ക്രീൻ​ഗ്രാബ്

സൂപ്പർ താരം പ്രഭാസിന്റെ പുതിയ ചിത്രം 'ദ രാജാ സാബ്' തിയേറ്ററുകളിലേക്ക് എത്താനിരിക്കെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനും പ്രത്യേക പെയ്ഡ് പ്രീമിയർ ഷോകൾ നടത്തുന്നതിനും ആന്ധ്രാപ്രദേശ് സർക്കാർ ഔദ്യോഗികമായി അനുമതി നൽകി. ജനുവരി 9-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുതൽ പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കാം. ഈ സ്പെഷ്യൽ ഷോകൾക്ക് ടിക്കറ്റ് നിരക്ക് 1000 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.   

സാധാരണ ഷോകൾക്ക് ടിക്കറ്റ് നിരക്കിൽ 150 രൂപയുടെ വർധനവാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഒരു ടിക്കറ്റിന് 297 രൂപ വരെയാകും.

മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് നിരക്ക് 200 രൂപ വർധിപ്പിച്ച് 377 രൂപയായി ഉയർത്തി. സിനിമയുടെ ആദ്യ പത്ത് ദിവസങ്ങളിൽ പ്രതിദിനം അഞ്ച് ഷോകൾ വരെ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

സംവിധായകൻ മാരുതി ഒരുക്കുന്ന ചിത്രം പ്രഭാസിന്റെ കരിയറിലെ തന്നെ മികച്ച ഹൊറർ-കോമഡി എന്റർടെയ്‌നർ ആയിരിക്കും. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ബംഗ്ലാവിനുള്ളിലെ രഹസ്യങ്ങൾ തേടിയിറങ്ങുന്ന 'രാജാ സാബ്' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ക്ലൈമാക്സ് ഈ വിഭാഗത്തിൽ ഇതുവരെ കാണാത്ത ഒന്നാണെന്നും താൻ അതിന്റെ വലിയ ആരാധകനായി മാറിയെന്നും പ്രഭാസ് വെളിപ്പെടുത്തി.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിൻറേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 

ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.

Content Highlights: Andhra Pradesh government allows ticket price increase & paid premiere shows for Prabhas` horror-comedy `The Raja Saab`.