‘പെൺമക്കളെ മതംമാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ട്’; ന്യായീകരിച്ച് സംവിധായകൻ, മറുപടി

ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് മറുപടിയുമായി 'ദ കേരളാ സ്റ്റോറി 2' സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാകാര്യത്തിലും കുറ്റംകണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാഗ് കശ്യപെന്ന് നാരായൺ സിങ് കുറ്റപ്പെടുത്തി. അനുരാഗ് കശ്യപ് അടുത്തകാലത്തായി നടത്തിയ പരാമർശങ്ങൾ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് മറുപടി.
'ഇങ്ങനെ ഖിച്ഡി പോലും വിളമ്പില്ലെന്നാണ് അനുരാഗ് കശ്യപ്ജി പറയുന്നത്. ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരാൾക്ക് ലഡുപോലും അങ്ങനെ നൽകാൻ കഴിയില്ല. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ, നിഷ്‌കളങ്കരായ നമ്മുടെ പെൺമക്കളെ മതംമാറ്റാൻ ബീഫ് നൽകുന്നുണ്ട്, അതൊരു കുറ്റകൃത്യമാണ്', സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ കാമാഖ്യ നാരായൺ സിങ് ആരോപിച്ചു.
'അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നങ്ങളുണ്ട്, അദ്ദേഹം എല്ലാത്തിലും കുറ്റംകണ്ടുപിടിക്കുന്നു. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും അദ്ദേഹത്തിന് പ്രശ്‌നമുണ്ട്', സംവിധായകൻ ആരോപിച്ചു.
'ദ ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്' എന്നൊരു ചിത്രം അദ്ദേഹം സംവിധാനംചെയ്തു. അച്ഛനും മകൾക്കുമിടയിലെ അധാർമികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃതസമൂഹത്തിന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറമുള്ള കാര്യമാണത്. എന്നാൽ, ഈ മനുഷ്യന് മാനസിക പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തെ സമൂഹമിപ്പോൾ ഗൗരവത്തിലെടുക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്യുന്ന സിനിമകളെല്ലാം പരാജയമാണ്. അദ്ദേഹത്തിന് നല്ലബുദ്ധി കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന', നാരായൺ സിങ് കൂട്ടിച്ചേർത്തു.
കേരളാ സ്റ്റോറി മോശം പ്രൊപ്പഗാൻഡ സിനിമയാണെന്നായിരുന്നു കഴിഞ്ഞദിവസം അനുരാഗ് കശ്യപ് പ്രതികരിച്ചത്. 'കേരള സ്റ്റോറി സിനിമ ഒരു മോശം സിനിമയാണ്. ഇത് പ്രൊപ്പഗാൻഡയാണ്. അസംബന്ധവുമാണ്. ആരെങ്കിലും ഇങ്ങനെ ബീഫ് കൊടുക്കുമോ? ഇങ്ങനെ ഒരു ഖിച്ഡി പോലും ആരും വിളമ്പില്ല. സിനിമയുടെ ലക്ഷ്യം പണം ഉണ്ടാക്കുക എന്നതാണ്. അവർ എല്ലാവരെയും സന്തോഷിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. സംവിധായകൻ അത്യാഗ്രഹിയാണ്. അയാൾക്ക് പണം ഉണ്ടാക്കണം എന്ന് മാത്രമേയുള്ളൂ,' അനുരാഗ് കശ്യപ് പറഞ്ഞു.
കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ സംവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉയർത്തിയത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.
Content Highlights: Director Kamakhya Narayan Singh of `The Kerala Story 2` hits back at Anurag Kashyap`s criticism, addressing controversial scenes and claims about forced religious conversion