'തുടരു'മിൽ ഭാരതിരാജ സാറിനെ ഭാഗമാക്കിയത് അനുവാദം വാങ്ങാതെ, അനുഗ്രഹം ചൊരിഞ്ഞാണ് മടങ്ങിയത്

അനുവാദം വാങ്ങാതെയാണ് ഭാരതിരാജസാറിനെ ‘തുടരും’ സിനിമയുടെ ഭാഗമാക്കിയത്. ചോദിക്കുകപോലും ചെയ്യാതെ ചില സീനുകളിൽ സാറിന്റെ ഫോട്ടോ ഉപയോഗിച്ച് പടം തുടങ്ങി. ചിത്രീകരണം ഏതാണ്ട് 60 ദിവസം കഴിഞ്ഞാണ് നിർമാതാവ് രഞ്ജിത്തേട്ടനൊപ്പം അദ്ദേഹത്തെ നേരിൽക്കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദ്ദേഹം അന്ന് നോ പറഞ്ഞിരുന്നെങ്കിൽ എന്തു ചെയ്യുമെന്നുപോലും ആലോചിച്ചിരുന്നില്ല.
മോഹൻലാൽ സിനിമയുടെ ഭാഗമാകുക, അദ്ദേഹത്തിനൊപ്പം സംസാരിക്കാനും സമയം ചെലവിടാനും കഴിയുക അതെല്ലാം ഭാരതിരാജസാർ മനസ്സുകൊണ്ട് ഏറെ ആഗ്രഹിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നിട്ടും അദ്ദേഹം ഞങ്ങൾക്കൊപ്പം ചേർന്നു. ഓർമ്മകൾ മങ്ങിത്തുടങ്ങിയെങ്കിലും ക്യാമറയ്ക്കുമുന്നിൽ അദ്ദേഹം തെളിഞ്ഞഭിനയിച്ചു. അനുവാദമില്ലാതെയാണ് കാസ്റ്റ് ചെയ്തതെങ്കിലും അഭിനയം പൂർത്തിയാക്കി അനുഗ്രഹംചൊരിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
ഡബ്ബിങ് സമയത്തെല്ലാം ഞാൻ അദ്ദേഹത്തിനൊപ്പംതന്നെയുണ്ടായിരുന്നു. ലിപ് സിങ്ക് ശരിയാവാഞ്ഞതിനാൽ സീനുകൾ സ്‌ക്രീനിൽ കാണിച്ച് അദ്ദേഹം പറയേണ്ട ഡയലോഗുകൾ ചെവിയിൽ പറഞ്ഞുകൊടുത്താണ് ഡബ്ബ് ചെയ്യിച്ചത്.
നായകകഥാപാത്രമായ ബെൻസിനെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറിച്ചും ഞാൻ സാറിനുമുന്നിൽ വിവരിച്ചു. ബെൻസ്, പഴനിമാഷ്, അംബാസഡർകാർ എന്നിവയെക്കുറിച്ചെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം ഓർമ്മകളിലൂടെ സഞ്ചരിക്കുന്നതായി എനിക്കുതോന്നി. ഒരുകാലത്ത് ഹീറോ ആയവർ പിന്നീട് സീറോയാകുമെന്നും സീറോ എന്നുവേണമെങ്കിലും ഹീറോയായി മാറാമെന്നും ഓർമ്മിപ്പിച്ചുകൊണ്ട് സംഭാഷണം പിന്നെയും തുടർന്നു.
Content Highlights: In a raw and moving revelation following the demise of the legendary Bharathiraja, hit filmmaker Tarun Moorthy shared the unbelievable behind-the-scenes story of bringing the master director on board for the Mohanlal-starrer Thudarum. Tarun confessed that they actually integrated Bharathiraja into the film's universe without his prior permission, even using his photographs in specific opening scenes before officially pitching the role to him.