ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ജൂലായ് അവസാനത്തോടെ റിലീസ്‌

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, വിജയ്‌ | Photo: X/ Vijay, PTI
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, വിജയ്‌ | Photo: X/ Vijay, PTI

വിജയ് നായകനായ തമിഴ് ചിത്രം ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. എ സർട്ടിഫിക്കറ്റാണ് നൽകിയത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ ജനനായകനിലെ ഏതൊക്കെ സീൻ കട്ട് ചെയ്തുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല.

ജൂലായ് അവസാനത്തോടെ ജനനായകൻ തിയേറ്ററുകളിലെത്തും. ഈ വർഷത്തെ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ഏഴ് മാസം ചിത്രം വലിയ നിയമപോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്. 2025 ഡിസംബറിൽ സെൻസറിങ്ങിന് സമർപ്പിച്ച ചിത്രം ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല. ഇതിനിടെ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിജയിയുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ', അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. ജൂണിൽ വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല.

Content Highlights: Jana Nayagan receives A certificate from CBFC, Official runtime confirmed at 183 minutes, Film release rescheduled for July 2026, Contextualizes Vijay's political victory in May 2026 Tamil Nadu elections