സിനിമയ്ക്ക് സമഗ്രനയം വരും, തയ്യാറാക്കാൻ പത്തംഗ സമിതി

മുകേഷ്, ഷാജി എൻ. കരുൺ | ഫോട്ടോ: ശ്രീജിത്ത് പി രാജ്, അഖിൽ ഇ.എസ് \ മാതൃഭൂമി
മുകേഷ്, ഷാജി എൻ. കരുൺ | ഫോട്ടോ: ശ്രീജിത്ത് പി രാജ്, അഖിൽ ഇ.എസ് \ മാതൃഭൂമി

തിരുവനന്തപുരം: സമഗ്ര സിനിമാനയം രൂപവത്കരിക്കാനുള്ള നടപടിക്ക് തുടക്കമാകുന്നു. നയത്തിന്റെ കരട് തയ്യാറാക്കാൻ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ചെയർമാനും ചലച്ചിത്രമേഖലയിലെ പ്രമുഖരെയും ഉൾപ്പെടുത്തി പത്തംഗസമിതിയെ സർക്കാർ നിയമിച്ചു. സിനിമാനയം സംബന്ധിച്ച ചർച്ച കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾകൂടി നയത്തിൽ ഉൾപ്പെടുത്തും. സിനിമയിലെ പ്രീ-പ്രൊഡക്‌ഷൻ, പ്രൊഡക്‌ഷൻ, പോസ്റ്റ്-പ്രൊഡക്‌ഷൻ, വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായംകൂടി നയത്തിൽ ചേർക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് സമിതി കൺവീനർ. എം.എൽ.എ.യും നടനുമായ എം. മുകേഷ്, നടി മഞ്ജുവാര്യർ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടി പത്മപ്രിയ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. രണ്ടുമാസത്തിനകം നയത്തിന്റെ കരട് സർക്കാരിന് നൽകും.

സിനിമാനയം, സിനിമയ്ക്ക് പ്രത്യേകം അതോറിറ്റി എന്നിവ കഴിഞ്ഞ സർക്കാരിന്റെകാലത്തെ പ്രഖ്യാപനങ്ങളാണ്. എന്നാൽ അതോറിറ്റിയോട് സിനിമാ മേഖലയിലെ സംഘടനകൾക്ക് യോജിപ്പില്ല. ഹേമാ കമ്മിറ്റിയുടെ ചില ശുപാർശകളിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും റിപ്പോർട്ട് പൂർണമായി സർക്കാർ പുറത്തുവിട്ടിട്ടില്ല. ജസ്റ്റിസ് ഹേമ അധ്യക്ഷയും നടി ശാരദ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായിരുന്നു.

വിവിധതലങ്ങളിൽനടന്ന ചർച്ചയെത്തുടർന്ന് സിനിമാസംബന്ധമായ ജോലി നടക്കുന്ന കേന്ദ്രങ്ങളിൽ ആഭ്യന്തര പരിഹാരസമിതി നിലവിൽവന്നു എന്നതു മാത്രമാണ് ഇതുവരെയുണ്ടായ പ്രധാന മാറ്റം. വർഷങ്ങൾക്ക്ുമുമ്പ് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി നൽകിയ സമിതിയുടെ റിപ്പോർട്ടും സർക്കാരിന് മുന്നിലുണ്ട്.

Content Highlights: ten member committee malayalam movies policies, shaji n karun mukesh