നടന്മാർ 90 ദിവസം കൂടുമ്പോൾ ലഹരിപരിശോധന നടത്തണമെന്ന് എംഎൽഎ, രാഷ്ട്രീയക്കാർക്കും ആവാമെന്ന് വിഷ്ണു

#മൂവി ഡെസ്ക്
വിഷ്ണു മഞ്ചു, അനിരുദ്ധ് റെഡ്ഡി എംഎൽഎ | ഫോട്ടോ: Instagram, Screengrab
വിഷ്ണു മഞ്ചു, അനിരുദ്ധ് റെഡ്ഡി എംഎൽഎ | ഫോട്ടോ: Instagram, Screengrab

തെലുങ്ക് നടന്മാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണമെന്ന് കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡ്ഡി. ഇങ്ങനെ ചെയ്യുന്നത് സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനെതിരെ തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA) പ്രസിഡന്റ് വിഷ്ണു മഞ്ചു രംഗത്തെത്തി. ഇതേത്തുടർന്ന് തെലുങ്ക് സിനിമാലോകത്ത് വലിയ ചർച്ചകൾ ഉടലെടുത്തിരിക്കുകയാണ്.

സിനിമകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് ഓരോ 90 ദിവസത്തിലും ചിരഞ്ജീവി, പവൻ കല്യാൺ, ബാലകൃഷ്ണ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് എം.എൽ.എ അനിരുദ്ധ് റെഡ്ഡി പറഞ്ഞത്. സിനിമാ മേഖലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നത് എന്ന പൊതുജനങ്ങളുടെ ധാരണ മാറ്റാനാണ് ഇത്. ആരാധകർ തങ്ങളുടെ താരങ്ങളെ അനുകരിക്കുന്നതിനാൽ താരങ്ങൾ മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ സ്വയം ഇത്തരം പരിശോധനകൾക്ക് വിധേയനായിട്ടുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും അവകാശപ്പെട്ട അദ്ദേഹം, പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കാവൂ എന്നും കൂട്ടിച്ചേർത്തു.

ഇതിനെതിരെയാണ് വിഷ്ണു മഞ്ചു രംഗത്തെത്തിയത്. ‘സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് താരങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം വിഷ്ണു പങ്കുവെച്ചു. തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പ്രവർത്തകർക്കും സമാനമായ രീതിയിൽ മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കിക്കൂടേ എന്ന് വിഷ്ണു ചോദിച്ചു. വോട്ടർമാരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് രാഷ്ട്രീയക്കാർക്കും നടന്മാർക്കും ഒരു പൊതുവായ ചട്ടക്കൂട് നിർമിക്കുന്നത് നന്നായിരിക്കുമെന്നും വിഷ്ണു മഞ്ചു അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർക്ക് ഇത്തരം പരിശോധനകൾ ബാധകമാക്കിയാൽ വോട്ടർമാർ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷ്ണു മഞ്ചുവിന്റെ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനപ്രതിനിധികൾ പൊതുജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും, താരങ്ങളെ മാത്രം ലക്ഷ്യംവെക്കുന്ന നടപടി ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരങ്ങളും മറ്റും കൃത്യമായ ഇടവേളകളിൽ വെളിപ്പെടുത്തണമെന്ന ആവശ്യവും ഇതിനോടൊപ്പം ഉയർന്നു വന്നിട്ടുണ്ട്. താരങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള ഈ വാക്പോര് തെലുങ്ക് സിനിമയിലും രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Content Highlights: "Why Not Politicians?": MAA President Vishnu Manchu Challenges Politicians to Undergo Drug Tests Before Elections.