വിവാഹശേഷമുള്ള വസ്ത്രധാരണത്തിൽ വിമർശനം; മറുപടിയുമായി സ്വര ഭാസ്കർ

വിവാഹത്തിന് ശേഷമുള്ള തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടി സ്വര ഭാസ്‌കര്‍. വിവാഹത്തിന് ശേഷമുള്ള തന്റെ വസ്ത്രധാരണം ദേശീയതലത്തില്‍ സൈബര്‍ ചര്‍ച്ചയായി മാറിയത് താന്‍ അറിഞ്ഞില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. തന്നെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്യുന്നവര്‍ക്കായി വിവാഹശേഷമുള്ള ചില ചിത്രങ്ങളും നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
''വിവാഹശേഷമുള്ള എന്റെ വസ്ത്രധാരണം ഒരു ദേശീയ സൈബര്‍ ചര്‍ച്ചയായി മാറിയത് ഞാന്‍ അറിഞ്ഞിരുന്നില്ല(വിചിത്രം). സംഘി കീടങ്ങള്‍ക്കായി വിവാഹശേഷമുള്ള കൂടുതല്‍ ചിത്രങ്ങളിതാ. ക്ഷമിക്കണം, എന്റെ ഭര്‍ത്താവ് ഫഹദ് സിറാര്‍ അഹമ്മദ് ഒരു യാഥാസ്ഥിക മുസ്ലിം ഭര്‍ത്താവ് എന്ന നിങ്ങളുടെ സ്റ്റീരിയോടൈപ്പിന് യോജിക്കില്ല', നടി സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
ബോളിവുഡ് താരമായ സ്വര ഭാസ്‌കറും രാഷ്ട്രീയനേതാവായ ഫഹദ് അഹമ്മദും കഴിഞ്ഞവര്‍ഷമാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ട്.
നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരുന്ന ഫഹദ് അഹമ്മദ് അടുത്തിടെയാണ് ശരദ് പവാറിന്റെ എന്‍.സി.പി.യില്‍ ചേര്‍ന്നത്. സമാദ് വാദി പാര്‍ട്ടിയിലായിരിക്കെ യുവജനവിഭാഗത്തിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായിരുന്നു ഫഹദ്. സമാജ് വാദി പാര്‍ട്ടി വിട്ട് എന്‍.സി.പി.യിലെത്തിയ ഫഹദിനെ പാര്‍ട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അണുശക്തി നഗറില്‍ സ്ഥാനാര്‍ഥിയാക്കിയിരുന്നു. ഭര്‍ത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്വര ഭാസ്‌കര്‍ തലയില്‍ ഷാള്‍ ധരിച്ചതും ഭര്‍ത്താവിനൊപ്പം മതപണ്ഡിതരെ സന്ദര്‍ശിച്ചതും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നടിയുടെ പഴയ ചിത്രങ്ങളും ഈ ചിത്രങ്ങളും ഉപയോഗിച്ചാണ് പിന്നീട് നടിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നത്.
Content Highlights: swara bhasker social media post to who criticise about her dressing after marriage