സുശാന്തിന്റെ മരണം; പുതിയ തെളിവുകള്‍ പരിശോധിക്കുന്നതായി ഉപമുഖ്യമന്ത്രി

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകള്‍ പരിശോധിച്ചുവരുകയാണെന്ന് അഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഉപമുഖ്യമന്ത്രികൂടിയായ ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. 2020 ജൂണിലാണ് സുശാന്ത് സിങ്ങിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവിധ ഏജന്‍സികള്‍ കൊലപാതകക്കേസ് റജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ഇതിലേക്ക് ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പറഞ്ഞ് ചിലര്‍ മുന്നോട്ടുവന്നത്. പോലീസ് ഇവരുടെ കൈയിലുള്ള തെളിവുകള്‍ പരിശോധിച്ചുവരുകയാണെന്നും എന്നാല്‍ അതിനുമുമ്പ് അത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് പറയാന്‍ കഴിയില്ലെന്നും ഫഡ്നവിസ് പറഞ്ഞു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തിയായിരുന്നു പ്രധാന പ്രതി. സുശാന്ത് സിങ്ങിന് ലഹരിമരുന്നു നല്‍കിയത് റിയയാണെന്നപേരില്‍ ലഹരി വിരുദ്ധബ്യൂറോ അവരെ അറസ്റ്റുചെയ്തിരുന്നു.
പിന്നീട് ബോംബെ ഹൈക്കോടതിയാണ് അവര്‍ക്ക് ജാമ്യം നല്‍കിയത്. സുശാന്ത് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ സെക്രട്ടറി ദിശ സാലിയന്‍ മരിച്ചതും വിവാദങ്ങള്‍ക്ക് ആക്കംകൂട്ടിയിരുന്നു.
Content Highlights: sushant singh rajput death, Devendra Fadnavis about new evidence