സൂര്യ-മമിത ബൈജു ടീമിന്റെ 'വിശ്വനാഥ് ആൻഡ് സൺസ്' ഒ.ടി.ടി റിലീസിന്, ചിത്രമെത്തുന്നത് നെറ്റ്ഫ്ലിക്സിലൂടെ

സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' ഒ.ടി.ടി റിലീസിന്. ചിത്രം സെപ്റ്റംബർ 11 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ കുടുംബ ചിത്രം തിയേറ്ററുകളിൽ വൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ദിനം തന്നെ ലോകമെമ്പാടുമായി 31.50 കോടി രൂപ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. തുടർന്ന് 25 ദിവസത്തെ തിയേറ്റർ റണ്ണിന് ശേഷം ആഗോളതലത്തിൽ 260 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത 'റെട്രോ'യ്ക്ക് ശേഷം ഈ വർഷം 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന സൂര്യയുടെ രണ്ടാമത്തെ ചിത്രമാണിത്.
വെങ്കി അറ്റ്ലൂരി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഞ്ജയ് വിശ്വനാഥ് എന്ന അത്‌ലറ്റും ശതകോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. മാഡി എന്ന നായികവേഷത്തിൽ മമിത ബൈജുവും മികച്ച പ്രകടനം കാഴ്ചവെച്ചു. രാധിക ശരത്കുമാർ, രാജീവ് മേനോൻ, നാസർ, സുധ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവാ ഹർഷ, കാളി വെങ്കട്, ജോർജ്ജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിനയമുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളുടെ ആവിഷ്കാരവും ചിത്രത്തിന് വലിയ രീതിയിൽ പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണമായി. ജി.വി. പ്രകാശ്കുമാർ ഒരുക്കിയ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാൻ വലിയ പരിശ്രമം വേണ്ടിവന്നതായി സംവിധായകൻ വെങ്കി അറ്റ്ലൂരി വ്യക്തമാക്കിയിരുന്നു. ഓരോ രംഗത്തിനും ശരാശരി ആറോ ഏഴോ ഡ്രാഫ്റ്റുകൾ തയ്യാറാക്കി. ചില രംഗങ്ങൾ 11 മുതൽ 12 തവണ വരെ തിരുത്തിയെഴുതി. ആദ്യം നായകനും നായികയും കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ജീവിക്കുന്ന തരത്തിലുള്ള ഒരു സാധാരണ 'ഹാപ്പി ക്ലൈമാക്സ്' ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും, സൂര്യ ഉൾപ്പെടെയുള്ളവരുടെ നിർദ്ദേശപ്രകാരം അത് മാറ്റിയെഴുതുകയായിരുന്നുവെന്നും വെങ്കി അറ്റ്ലൂരി പറഞ്ഞു.
Also Read: സൂപ്പർതാരങ്ങളുടെ നായിക, 300 കോടി ക്ലബ് ചിത്രം; മമിതയെന്ന ഭാഗ്യതാരം നയൻതാരയുടെ പിൻഗാമിയോ?
"സൂര്യ വളരെ ലളിതമായ ഒരു കാര്യമാണ് പറഞ്ഞത്. 'നിങ്ങൾ 'ലക്കി ഭാസ്കർ' ചെയ്തുവരുന്നു, ഞാൻ കമേഴ്സ്യൽ ചിത്രമായ 'കറുപ്പും'. അതിനാൽ നമ്മൾ ഒരു ഫാമിലി ചിത്രവുമായി വരുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടായിരിക്കണം' എന്നാണ് സൂര്യ എന്നോടുപറഞ്ഞത്." വെങ്കി അറ്റ്ലൂരിയുടെ വാക്കുകൾ.
Also Read: സൂര്യ അനുഭവിച്ച കഷ്ടപ്പാടും വേദനയും എനിക്കറിയാം, ഇന്ന് അദ്ദേഹത്തെയോർത്ത് അഭിമാനം -രാധിക ശരത്കുമാർ
ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സ് ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ചിത്രമാണ്. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഈ ചിത്രം ഇനി നെറ്റ്ഫ്ലിക്സിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തുമ്പോഴും വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Following a stellar theatrical run crossing ₹260 crore globally, Suriya's family drama Vishwanath and Sons, directed by Venky Atluri, is set to premiere globally on Netflix on September 11.