'പിന്നാലെ നടന്ന് ശല്യം ചെയ്യാൻ നാണമില്ലേ? നിങ്ങൾക്കും അച്ഛനമ്മമാരില്ലേ?'; പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ

ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന നടൻ ധർമേന്ദ്രയെ കാണാനെത്തിയ ബോളിവുഡ് പാപ്പരാസികൾക്കുനേരെ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ സണ്ണി ഡിയോൾ. ജൂഹുവിലെ വസതിക്ക് പുറത്ത് നിലയുറപ്പിച്ച പാപ്പരാസികളോട് ദേഷ്യം പ്രകടിപ്പിക്കുന്ന സണ്ണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇങ്ങനെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് സണ്ണി ഡിയോൾ ചോദിക്കുന്നത്. പാപ്പരാസികൾക്കുനേരെ കൈകൂപ്പിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. നിങ്ങൾക്ക് നാണമില്ലേ? നിങ്ങൾക്ക് വീട്ടിൽ അച്ഛനമ്മമാരും കുട്ടികളുമില്ലേ? എന്നിട്ടും ഇങ്ങനെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തുകയാണോ? നാണം തോന്നുന്നില്ലേ എന്നും സണ്ണി ഡിയോൾ ചോദിച്ചു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകർ സണ്ണി ഡിയോളിന് പിന്തുണയുമായി രംഗത്തെത്തി. അദ്ദേഹം ദേഷ്യപ്പെട്ടതിൽ കാര്യമുണ്ടെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. മാധ്യമങ്ങളെ കണ്ട് സണ്ണി ഡിയോൾ മടങ്ങിയതിനുപിന്നാലെ പോലീസെത്തി പാപ്പരാസികളെ സ്ഥലത്തുനിന്ന് മാറ്റി. പാപ്പരാസികൾ ധർമേന്ദ്രയുടെ വസതിക്കുമുന്നിൽ ചുറ്റിത്തിരിയുന്നത് അയൽവാസികളേയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ധർമേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. തുടർന്ന്, ധർമേന്ദ്രയുടെ മകളും നടിയുമായ ഇഷാ ഡിയോളും ഭാര്യ ഹേമ മാലിനിയും രംഗത്തെത്തി വ്യാജവാർത്തകൾ തള്ളിക്കളഞ്ഞു. ധർമേന്ദ്ര ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അവർ സ്ഥിരീകരിച്ചു. ബുധനാഴ്ച സൗത്ത് മുംബൈയിലെ ആശുപത്രിയിൽ നിന്ന് ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തു.
വാർത്ത പുറത്തു വന്നതുമുതൽ വലിയ മാധ്യമസംഘം ആശുപത്രിക്കു മുന്നിലും അദ്ദേഹത്തിന്റെ വസതിക്കുമുന്നിലും ക്യാമ്പ് ചെയ്തിരുന്നു.
Content Highlights: Sunny Deol confronts paparazzi outside Dharmendra`s home after his hospital discharge. Watch the heated exchange and fan reactions.