ഓര്‍മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍, ഒത്തുകൂടി 'സമ്മര്‍ ഇന്‍ ബെത്‌ലഹേം' ടീം; 4K ട്രെയ്‌ലര്‍ പുറത്തിറങ്ങി

#Movie Desk
സിയാദ് കോക്കറും സിബി മലയിലും മഞ്ജു വാര്യരും, 4കെ റീമാസ്‌റ്റേഡ് ട്രെയ്‌ലറില്‍നിന്ന്‌ | Photo: Special Arrangement, YouTube: Screen grab/ Kokers Entertainments
സിയാദ് കോക്കറും സിബി മലയിലും മഞ്ജു വാര്യരും, 4കെ റീമാസ്‌റ്റേഡ് ട്രെയ്‌ലറില്‍നിന്ന്‌ | Photo: Special Arrangement, YouTube: Screen grab/ Kokers Entertainments

27 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദര്‍ശനത്തിനെത്തി മികച്ച വിജയം നേടിയ 'സമ്മര്‍ ഇന്‍ ബെത്‌ലഹേം' എന്ന ചിത്രത്തിന്റെ മധുരതരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന ഒത്തുകൂടല്‍ കൊച്ചിയില്‍ നടന്നു. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച്, സിബി മലയില്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ റീ- റിലീസ്സുമായി ബന്ധപ്പെട്ടുള്ള ട്രെയ്‌ലര്‍ പ്രകാശനത്തിനാണ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ ഒത്തുകൂടല്‍. ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയില്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍, ബാലതാരങ്ങളെ അവതരിപ്പിച്ച നിയാ, കൃഷ്ണ, അന്‍സു എന്നിവരും നിരവധി ചലച്ചിത്രപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രെയ്‌ലര്‍ പ്രകാശനം നടന്നത്.

ഒരു എസ്‌കര്‍ഷന്‍ മൂഡിലായിരുന്നു താന്‍ 'സമ്മര്‍ ഇന്‍ ബെത്‌ലഹേമി'ല്‍ അഭിനയിച്ചതെന്ന് ചിത്രീകരണത്തിനിടെയിലെ നിരവധി കൗതുകകരമായ അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് മഞ്ജു വാര്യര്‍ വ്യക്തമാക്കി. കഥയുടെ കെട്ടുറപ്പും രസകരമായ മുഹൂര്‍ത്തങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളും മനോഹരമായ ദൃശ്യഭംഗിയാലും സമ്പന്നമായ 'സമ്മര്‍ ഇന്‍ ബെത്‌ലഹേം' ഇന്നും പ്രേക്ഷകര്‍ പുതുമയോടെ വീക്ഷിക്കുന്നതു മനസ്സിലാക്കിയതു കൊണ്ടാണ് ചിത്രം വീണ്ടും ആധുനിക സാങ്കേതിക മികവോടെ 4കെ അറ്റ്‌മോസില്‍ റീ- റിലീസ് ചെയ്യുന്നതെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ വ്യക്തമാക്കി.

കോക്കേഴ്‌സ് ഫിലിംസിനൊപ്പം അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം 4കെ അറ്റ്‌മോസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഹൈ സ്റ്റ്യുഡിയോസാണ്ചിത്രം 4കെ അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യുന്നത്. ഡിസംബര്‍ 12 പന്ത്രണ്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, അഗസ്റ്റിന്‍, സുകുമാരി, മയൂരി, രസിക തുടങ്ങിയ നിരവധി താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത്തിന്റേതാണു തിരക്കഥ.

ഗാനങ്ങള്‍: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗര്‍, ഛായാഗ്രഹണം: സഞ്ജിവ് ശങ്കര്‍, എഡിറ്റിങ്: എല്‍. ഭൂമിനാഥന്‍, കലാസംവിധാനം: ബോബന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്.

Content Highlights: Revisit the magic of `Summer in Bethlehem`! Manju Warrier and the team reunite as the classic film`s 4K trailer is unveiled