രാജമൗലി-മഹേഷ്ബാബു-പൃഥ്വിരാജ് ചിത്രത്തിന്റെ പേര് വാരണാസി എന്നോ? ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 15-നെന്ന് റിപ്പോർട്ട്

എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാലായി കാത്തിരിക്കുന്ന ചിത്രമാണ്. 'SSMB29' എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. വലിയ മുടക്കുമുതലിൽ ഒരുങ്ങുന്ന പ്രോജക്റ്റിന് ഒടുവിൽ പേര് ലഭിച്ചതായാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ പേര് 'വാരണാസി'എന്നായിരിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
പ്രൊജക്ടുമായി അടുത്ത ഒരു സ്രോതസ്സ് ഈ വിവരം സ്ഥിരീകരിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. ടൈറ്റിൽ അവകാശങ്ങൾ മറ്റൊരാളുടെ കൈവശമായിരുന്നുവെങ്കിലും, സംവിധായകൻ രാജമൗലിയുടെ ടീം ഇടപെട്ട് ആ അവകാശങ്ങൾ സ്വന്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയുടെ കഥയോടും പ്രമേയത്തോടും തികച്ചും യോജിക്കുന്നതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. കഥയുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, 'വാരാണസി' എന്ന പേരിന് സിനിമയുടെ ഇതിവൃത്തവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.
നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഒരു വലിയ ആഘോഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാന പ്രഖ്യാപനങ്ങൾ നടത്തും. ഈ പരിപാടി ജിയോ ഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവർ ആദ്യമായി രാജമൗലിക്കൊപ്പം അണിനിരക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിവിധയിടങ്ങളിലായി നടന്നുവരികയായിരുന്നു. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: SS Rajamouli`s SSMB29 starring Mahesh Babu, Priyanka Chopra & Prithviraj Sukumaran is reportedly titled `Varanasi`. Grand launch event on Nov 15 in Hyderabad