നിഗൂഢമായ അതിജീവന ഗെയിം വീണ്ടുമെത്തുന്നു; പുത്തൻ കളികളുമായി സ്ക്വിഡ് ഗെയിം 2 ട്രെയിലർ

ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന്
ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന്

ലോകമെമ്പാടുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സ് സീരിസാണ് 'സ്ക്വിഡ് ഗെയിം 2'. ഉദ്വേ​ഗഭരിതമായ സീരിസിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. ബുധനാഴ്ച രാവിലെ പുറത്തുവിട്ട ട്രെയിലർ ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് യൂടൂബിൽ കണ്ടത്. ഈ വർഷം ഡിസംബർ 26 മുതല്‍ സീരിസ് സംപ്രേഷണം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു. 

സ്ക്വിഡ് ഗെയിം വിജയിച്ച് മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് പകരം പ്ലെയർ 456 ഒരു പുതിയ പദ്ധതിയുമായി തിരിച്ചെത്തുന്നുവെന്നാണ് ഔദ്യോ​ഗിക സം​ഗ്രഹത്തിൽ പറയുന്നത്. 45.6 ബില്യൺ സമ്മാനത്തുക നേടുന്നതിനായി പുതിയ കളിക്കാരുമൊക്ക് അവൻ വീണ്ടും നിഗൂഢമായ അതിജീവന ​ഗെയിമിലേക്ക് കടക്കുന്നതായും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നു.

ലോകമെമ്പാടും സൂപ്പർഹിറ്റായി മാറിയ സീരിസായിരുന്നു 'സ്ക്വിഡ് ഗെയിം'. സീരിസിൻ്റെ വസ്ത്രങ്ങളും സം​ഗീതവും എല്ലാം ഹിറ്റായി. നിരവധി പുരസ്കാരങ്ങളും 'സ്ക്വിഡ് ഗെയിം' സ്വന്തമാക്കി. ഇന്ത്യയുള്‍പ്പടെ 185 രാജ്യങ്ങളിലാണ് സര്‍വൈവല്‍ ഡ്രാമയായ സ്‌ക്വിഡ് ഗെയിം പോപ്പുലര്‍ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ഗ്ലോബല്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ പരമ്പരയും സ്‌ക്വിഡ് ഗെയിമാണ്. ഹ്വാങ്- ഡോങ്-യുകിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സ്‌ക്വിഡ് ഗെയിം റിലീസ് ചെയ്ത ആദ്യമാസം മാത്രം 1.65 ബില്യണിലധികം കാഴ്ചക്കാരെയാണ് നേടിയത്. കൊറിയന്‍ താരം ഗോങ്ങ് യൂ ആയിരുന്നു പ്രധാനതാരം. 

കടത്തിൽ മുങ്ങിയ ആളുകളെ വമ്പൻ സമ്മാനത്തുക വാ​ഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അപകടകരമായ ​ഗെയിമുകൾ കളിക്കാൻ നിർബന്ധിതരാക്കുന്നതാണ് സ്ക്വിഡ് ​ഗെയിം ചർച്ച ചെയ്യുന്ന വിഷയം. ഹ്വാങ് ഡോങ്-യുക് തന്നെയാണ് സീരീസിന്റെ നിർമാണവും രചനയും.

Content Highlights: Squid Game Season 2 trailer, Lee Jung-Jae returns as Player 456 on a mission to end the games