ആ ദിവസങ്ങളിൽ എന്നും എങ്ങനെ മദ്യം കിട്ടുമെന്ന് മാത്രമാണ് ചിന്തിച്ചിരുന്നത് -'സ്പൈഡർ മാൻ' ടോം ഹോളണ്ട്

സ്പൈഡർ മാൻ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ടോം ഹോളണ്ട്. തനിക്കുണ്ടായിരുന്ന മദ്യപാനശീലത്തേക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. ജേ ഷെട്ടി പോഡ്കാസ്റ്റിലാണ് തന്നെ കീഴ്പ്പെടുത്തിയിരുന്ന മദ്യപാനശീലത്തേക്കുറിച്ചും അതിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളേക്കുറിച്ചും ടോം ഹോളണ്ട് പറഞ്ഞത്.
അമ്മ വഴിയുള്ള പാരമ്പര്യത്തിലാവാം തനിക്ക് മദ്യത്തിന്റെ രുചി അറിയാനായതെന്ന് ടോം ഹോളണ്ട് പറഞ്ഞു. ഏറെ പരിശ്രമിച്ചശേഷം അമ്മയും തനിക്കൊപ്പം മദ്യപാനം ഉപേക്ഷിച്ചുവെന്നും താരം വെളിപ്പെടുത്തി. ഒരു വെല്ലുവിളിയെന്നോണം കഴിഞ്ഞവർഷം മേയ് മുതൽ ഒരുമാസം മദ്യം മനഃപൂർവം ഉപയോഗിക്കാതിരുന്നു. പക്ഷേ എങ്ങനെയെങ്കിലും ഒരു ഗ്ലാസ് മദ്യം കിട്ടണമെന്ന് മാത്രമാണ് ഇക്കാലയളവിൽ ചിന്തിച്ചതെന്ന് അധികം വൈകാതെ തന്നെ മനസിലാക്കി. പിന്നീട് ജൂൺ മാസം കൂടി മദ്യപിക്കാതിരുന്നു. അതോടെ ജീവിതത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. നല്ല ഉറക്കം ലഭിക്കാനും ജോലിയിൽ കൂടുതൽ ആയാസരഹിതമാവാനും തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മദ്യം ഉപേക്ഷിക്കുകയും വീണ്ടും അതിലേക്ക് തിരിച്ചുപോവുകയും ചെയ്ത ജീവിതഘട്ടമുണ്ടായിരുന്നു. പക്ഷേ ഇത്തവണ എല്ലാം വ്യത്യസ്തമായിരുന്നു. എന്റെ മാനസികാവസ്ഥ മാറ്റാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. എന്തിനാണിങ്ങനെ കുടിക്കുന്നതെന്ന് സ്വയം ചോദിച്ചു. ഒരു സാമൂഹ്യ ചുറ്റുപാടിൽ കൂടുതൽ സുഖപ്രദമായിരിക്കാനാണെന്നാണ് മിക്കപ്പോഴും ആ ചോദ്യത്തിന് കിട്ടുന്ന മറുപടി. ക്ലബിലും ബാറിലും ഡിന്നറിനുമെല്ലാം പോകുന്നത് ആദ്യമൊക്കെ മനഃപൂർവം ഒഴിവാക്കിയിരുന്നു. എന്നാൽ കുടിക്കുമ്പോൾ തന്നെത്താൻ മാത്രമേ ആസ്വദിക്കാൻ സാധിക്കുന്നുള്ളുവെന്നും അതെന്തോ കുഴപ്പമാണെന്നും തോന്നിയിരുന്നു.” അദ്ദേഹം പറഞ്ഞു.
കൂട്ടുകാരുമൊത്ത് പൊട്ടിക്കുകയും പങ്കുവെച്ച് കഴിക്കുകയും ചെയ്യുന്ന ഒരു ആചാരം മാത്രമായിട്ടേ അതെല്ലാം കണ്ടിരുന്നുള്ളൂ. തിളങ്ങുന്ന വെള്ളമായാലും ബിയറായാലും ഒരു വ്യത്യാസംവും കണ്ടിരുന്നില്ല. എന്നാലിപ്പോൾ രാവിലെ എഴുന്നേൽക്കാനും ഒരു റൗണ്ട് ഗോൾഫ് കളിക്കാനും ഇഷ്ടപ്പെടുന്നു. കൂട്ടുകാർക്കൊപ്പം പുറത്തുപോവുമ്പോൾ വാഹനം സ്വയമോടിക്കുന്നുവെന്നും ഹോളണ്ട് ചൂണ്ടിക്കാട്ടി. സ്പൈഡർ മാൻ: നോ വേ ഹോം ആണ് ടോം ഹോളണ്ട് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആപ്പിൾ ടി.വി സീരിസായ ദ ക്രൗഡഡ് റൂം പുറത്തുവന്നതിന് ശേഷം അഭിനയരംഗത്തുനിന്ന് ഒരുവർഷത്തെ ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹം.
Content Highlights: spider man actor tom holland about battling alcoholism, tom holland interview