മമ്മൂട്ടി, മോഹൻലാൽ ഹിറ്റ് സിനിമകളിലെ 'സംഗീതരാജൻ'; വിണ്ണിലെ ഗന്ധർവ്വവീണകൾ മീട്ടിയ വെങ്കിടേഷ്

#Movie Desk
എസ്.പി. വെങ്കടേഷ്| ഫോട്ടോ: മാതൃഭൂമി
എസ്.പി. വെങ്കടേഷ്| ഫോട്ടോ: മാതൃഭൂമി

റുകവയൽക്കുരുവിയും ചിങ്കാരക്കിന്നാരവും ശാന്തമീ രാത്രിയും...ഇന്നും മടുപ്പിക്കാത്ത എത്രയോ ഗാനങ്ങൾചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ. നിത്യഹരിത ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ എസ്.പി. വെങ്കടേഷ് എന്ന ആ മഹാപ്രതിഭ ഇനിയില്ല. വിട ചൊല്ലുമ്പോഴും, ചെയ്തുവെച്ച സംഗീത വിസ്മയങ്ങളിലൂടെ അദ്ദേഹം ഇവിടെ ജീവിക്കുമെന്ന് തീർച്ച.

'സംഗീതരാജൻ' എന്നുകൂടി പേരുള്ള എസ്.പി. വെങ്കടേഷ് സ്വതന്ത്രസംഗീതസംവിധായകനായി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത് 1985ൽ ജനകീയകോടതി എന്ന സിനിമയിലൂടെയായിരുന്നു. രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയായിരുന്നു എസ്.പി. വെങ്കടേഷിന്റെ പേര് ശ്രദ്ധ നേടിയത്. മോഹൻലാൽ എന്ന നടന് അഭിനയലോകത്തിന്റെ ഉന്നതതലങ്ങളിലേക്കുള്ള വാതായനം തുറന്നുനൽകിയ സിനിമയായിരുന്നു രാജാവിന്റെ മകൻ.

സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തലസംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങിയ പല ഹിറ്റ് സിനിമകൾക്കും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കി സൂപ്പർഹിറ്റ് സംഗീതസംവിധായകൻ എന്ന പേരും എസ്.പി. വെങ്കടേഷ് സ്വന്തമാക്കി. രാജാവിന്റെ മകൻ എന്ന സിനിമയിൽ തുടങ്ങിയ തമ്പി കണ്ണന്താനം-എസ്.പി. വെങ്കടേഷ് കൂട്ടുകെട്ട് പിന്നീട് പല സിനിമകളിലും ആവർത്തിച്ചു, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ...പട്ടിക നീളുന്നു.

ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ...തീരുന്നില്ല എസ്.പി. വെങ്കടേഷിന്റെ സംഗീതപ്രാഗത്ഭ്യം. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ച അദ്ദേഹം 1999 ൽ ഇതു മുടിവിതില്ലൈ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ഒൻപത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. മടുപ്പിക്കാത്ത സംഗീതസൃഷ്ടികളാണ് എസ്.പി. വെങ്കടേഷിന്റേത്. അതുകൊണ്ട് തന്നെയാണ് അതിന് പുതുമ ചോരാത്തതും. 1993 ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ്. പി. വെങ്കടേഷിന് ലഭിച്ചു.

എസ്.പിയുടെ ചില പാട്ടുകൾ

1. വിണ്ണിലെ ഗന്ധർവ്വവീണകൾ പാടുന്ന സംഗീതമേ...

1986 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ രാജാവിന്റെ മകനിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം. ഷിബു ചക്രവർത്തിയുടേതായിരുന്നു വരികൾ. ഉണ്ണിമേനോൻ ആലപിച്ച ഗാനം ഇന്നും മലയാളത്തിലെ പ്രിയഗാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ ഗാനം കൂടാതെ പാടാം ഞാനാ ഗാനം, ദേവാംഗനേ എന്നീ രണ്ട് ഗാനങ്ങൾ കൂടി സിനിമയിലുണ്ടായിരുന്നു. വിൻസൻറ് ഗോമസ് എന്ന ക്രൈം ബോസിന്റെ കഥ പറഞ്ഞ സിനിമക്കാവശ്യമായ ചേരുവകൾ ചേർത്ത പശ്ചാത്തല സംഗീതവും എസ്. പി. വെങ്കടേഷ് ഒരുക്കി.

2. പവിഴമല്ലി പൂവുറങ്ങി പകലുപോകയായ്...

തമ്പി കണ്ണന്താനം സംവിധാനവും നിർമാണവും നിൽവഹിച്ച വഴിയോരക്കാഴ്ചകൾ എന്ന സിനിമയിലെ മനോഹരമെലഡി രചിച്ചത് ഷിബു ചക്രവർത്തിയാണ്. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചത്. മറ്റ്

മൂന്ന് ഗാനങ്ങൾ കൂടി സിനിമയിലുണ്ട്. മോഹൻലാൽ, രതീഷ്, അംബിക തുടങ്ങി വലിയൊരു താരനിര സിനിമയിലുണ്ടായിരുന്നു. പശ്ചാത്തലസംഗീതവും എസ്. പി. വെങ്കടേഷാണ് ഒരുക്കിയത്.

3. ദിൽ ഹേ മേരാ ദിൽ ഹേ...

1990 ൽ റിലീസായ ഇന്ദ്രജാലം എന്ന സിനിമയിലെ ഗാനം. സിനിമയയുടെ നിർമാണവും സംവിധാനവും തമ്പി കണ്ണന്താനമായിരുന്നു നിർവഹിച്ചത്. പി. ബി ശ്രീനിവാസ് രചിച്ച വരികൾ ആലപിച്ചത് എസ്. പി. ബാലസുബ്രഹ്‌മണ്യമായിരുന്നു. ഈ ഗാനം കൂടാതെ ഒ.എൻ.വി. കുറുപ്പ് രചിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളായ കുഞ്ഞിക്കിളിയേ, പായുന്ന യാഗാശ്വം, വിൽക്കാനുണ്ടോ സ്വപ്‌നങ്ങൾ എന്നിവയും സിനിമയിൽ ഉൾപ്പെട്ടിരുന്നു.

4. മീനവേനലിൽ രാജ കോകിലേ...

1991 ൽ പുറത്തിറങ്ങിയ കിലുക്കം എന്ന പ്രിയദർശൻ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. ബിച്ചു തിരുമലയാണ് ഗാനരചയിതാവ്. എം.ജി ശ്രീകുമാറും ചിത്രയും ആലപിച്ച മീനവേനലിൽ കൂടാതെ കിലുകിൽപമ്പരം, ഊട്ടിപ്പട്ടണം, പനിനീർചന്ദികേ എന്നീ ഗാനങ്ങളും എക്കാലത്തേയും ഹിറ്റുകളാണ്. സിനിമയിലെ ഗാനാലാപനത്തിന് എംജി ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിരുന്നു.

5. ഏഴിമല പൂഞ്ചോല മാമനുക്ക് മണിമാല...

മോഹൻലാലിനൊപ്പം സിൽക്ക് സ്മിതയും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ഗാനം മെഗാഹിറ്റായിരുന്നുവെന്ന് പറയാം. ചിത്രയുടെ വ്യത്യസ്തമായ ആലാപനം എസ്. പി. വെങ്കടേഷ് സിനിമയിലെ രണ്ട് ഗാനങ്ങൾക്കായി ഉപയോഗപ്പെടുത്തിയെന്ന് പറയാം. പശ്താത്തല സംഗീതമൊരുക്കിയതും എസ്.പിയായിരുന്നു. ഗാനരചന നിർവഹിച്ചത് പി. ഭാസ്‌കരനായിരുന്നു.

Content Highlights: Remembering SP Venkatesh, the legendary composer behind iconic songs from Mammootty and Mohanlal films. His evergreen melodies live on.