ജയിലിലായ രാജ്പാലിനെ സഹായിക്കാൻ മുന്നിട്ടിറങ്ങി സോനു സൂദ്; ബോളിവുഡ് മാന്യത കാണിക്കണമെന്ന് കുറിപ്പ്

കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങിയ സംഭവം ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഈയവസരത്തിൽ രാജ്പാലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സോനു സൂദ്. രാജ്പാൽ യാദവിനെ സഹായിക്കാൻ ചലച്ചിത്ര മേഖലയിലെ നിർമാതാക്കളും സംവിധായകരും സഹപ്രവർത്തകരും മുന്നോട്ടുവരണമെന്ന് സോനു സൂദ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.
രാജ്പാൽ യാദവ് മികച്ച ഒരു നടനാണെന്നും ജീവിതത്തിൽ ചിലപ്പോഴൊക്കെ സമയം ക്രൂരമായി പെരുമാറുമെന്നും സോനു സൂദ് കുറിച്ചു. പ്രതിഭയുടെ കുറവുകൊണ്ടല്ല, മറിച്ച് സാഹചര്യങ്ങൾ കാരണമാണ് ഇങ്ങനെയുണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കഷ്ടകാലത്ത് അദ്ദേഹത്തെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം ബോളിവുഡിനോട് ആവശ്യപ്പെട്ടു. തന്റെ പുതിയ ചിത്രത്തിൽ രാജ്പാലിന് അവസരം നൽകുമെന്നും സോനു സൂദ് പ്രഖ്യാപിച്ചു.
"രാജ്പാൽ യാദവ് നമ്മുടെ ഇൻഡസ്ട്രിക്ക് വർഷങ്ങളോളം അവിസ്മരണീയമായ സംഭാവനകൾ നൽകിയ കഴിവുറ്റ നടനാണ്. ചിലപ്പോൾ ജീവിതം അനീതി കാണിക്കാറുണ്ട്, അത് പ്രതിഭ കൊണ്ടല്ല. കാരണം സമയം ക്രൂരമായിരിക്കും. അദ്ദേഹം എന്റെ സിനിമയുടെ ഭാഗമാകും. ഇതാണ് നമ്മൾ സഹപ്രവർത്തകർ ഒരുമിച്ച് നിൽക്കേണ്ട നിമിഷം എന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയിലെ ജോലികളുമായി ക്രമീകരിക്കാവുന്ന ഒരു ചെറിയ തുക അദ്ദേഹത്തിന് നൽകണം. അത് ജീവകാരുണ്യ പ്രവർത്തനമല്ല, മറിച്ച് മാന്യതയാണ്. നമ്മുടെ ഒരാൾക്ക് ഒരു പ്രയാസകരമായ ഘട്ടം നേരിടുമ്പോൾ, അയാൾ ഒറ്റക്കല്ല എന്ന് ഓർമിപ്പിക്കണം. അപ്പോഴാണ് നമ്മൾ വെറും ഒരു ഇൻഡസ്ട്രി മാത്രമല്ലെന്ന് തെളിയിക്കുക." സോനു സൂദ് പോസ്റ്റ് ചെയ്തു.
2.5 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിലാണ് ഡൽഹിയിലെ തിഹാർ ജയിലിൽ താരം കീഴടങ്ങിയത്. കീഴടങ്ങാനുള്ള സമയപരിധി നീട്ടിനൽകണമെന്ന നടന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി നിരസിച്ചതിനെത്തുടർന്നാണ് ഈ നടപടി ഉണ്ടായത്. തനിക്ക് പണമില്ലെന്നും മറ്റ് വഴികളില്ലെന്നുമാണ് ഈ പ്രതിസന്ധിയെക്കുറിച്ച് രാജ്പാൽ യാദവ് പ്രതികരിച്ചത്. 9 കോടിയാണ് അദ്ദേഹത്തിന്റെ ആകെ കടം. സിനിമയിൽ എല്ലാവരും ഒറ്റയ്ക്കാണെന്നും തനിക്ക് സുഹൃത്തുക്കളില്ലെന്നും ഈ പ്രതിസന്ധി തനിയെ നേരിടണമെന്നും രാജ്പാൽ യാദവ് നേരത്തെ പറഞ്ഞിരുന്നു.
രാജ്പാൽ യാദവ് അടുത്തിടെ അക്ഷയ് കുമാറിനൊപ്പമുള്ള 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയിരുന്നു. 'വെൽക്കം ടു ദി ജംഗിൾ' ആണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. സോനു സൂദിന്റെ ഈ ഇടപെടൽ താരത്തിന് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഈ കടബാധ്യതയിൽ നിന്ന് കരകയറാനും സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights: Actor Sonu Sood appeals to Bollywood producers & directors to offer Rajpal Yadav work & a dignified signing amount during his financial struggles.