കയറിപ്പിടിക്കാന്‍ വന്നവന് തല്ലു കൊടുത്തിട്ടുണ്ട്-സോണിയ മല്‍ഹാര്‍

സോണിയ മൽഹാർ | photo: mathrubhumi
സോണിയ മൽഹാർ | photo: mathrubhumi

പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് വെളിപ്പെടുത്തുമെന്നും നടി സോണിയ മല്‍ഹാര്‍ പറഞ്ഞു. 'എന്റെ വെളിപ്പെടുത്തല്‍ കാരണം പല ആര്‍ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേട്ടു. ലാലേട്ടന്‍ (മോഹൻലാൽ), ദുല്‍ഖര്‍ സൽമാൻ, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.' സോണിയ പറഞ്ഞു. 

ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്കൊരു മെൻ്റൽ ട്രോമയിലേക്ക് കടന്നുപോകാൻ ആഗ്രഹമില്ല.. ഞാന്‍ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ജനങ്ങൾക്ക് മുന്നില്‍ നിര്‍ത്താന്‍ താല്‍പര്യമില്ല.

ദയവ് ചെയ്ത് ജയസൂര്യയടക്കമുള്ള ആളുകളെ എന്റെ പേരില്‍ ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കരുത്. എന്റെ വെളിപ്പെടുത്തലിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പരാതി കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാന്‍ നൽകാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും.

ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചു കൂട്ടുന്നത്. ആര്‍ക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ സഹിക്കുക. ഒരുപാട് പെണ്‍കുട്ടികളുടെ കണ്ണുനീര്‍ ഈ ഇന്‍ഡസ്ട്രിയില്‍ വീണിട്ടുണ്ട്.

പുലിവാല്‍ പട്ടണം ആണ് ആദ്യ സിനിമ. അതിനുശേഷം മോഹന്‍ലാല്‍ സാറിനൊപ്പം ഗീതാഞ്ജലി സിനിമ ചെയ്തു. സൂപ്പര്‍സ്റ്റാര്‍ പടങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. പിന്നീട് ആര്‍ട് സിനിമകളില്‍ നായികയായി. കാറ്റ് പറഞ്ഞ കഥ, വല തുടങ്ങി എട്ട് സിനിമകളില്‍ നായികയായി അഭിനയിച്ചു. യൂട്യൂബില്‍ സോണിയ മല്‍ഹാര്‍ സിനിമകള്‍ എന്ന് ടൈപ്പ് ചെയ്താല്‍ അറിയാം. തിയേറ്റര്‍ റിലീസ് സിനിമകള്‍ അധികമില്ലാത്തതുകൊണ്ടാണ് ആളുകള്‍ക്ക് എന്നെ അറിയാത്തത്.

എന്റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. മാത്രമല്ല അവര്‍ ആരോപണം ഉന്നയിച്ച ആളുകളില്‍ നിന്നും എനിക്കൊരു മോശമായ അനുഭവവും ഉണ്ടായിട്ടില്ല. അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണം എന്നതും അറിയില്ല. എനിക്ക് അമ്മയില്‍ മെംബര്‍ഷിപ്പ് ഇല്ല. മൂന്ന് സിനിമകളില്‍ അഭിനയിച്ചാല്‍ അംഗത്വം കിട്ടു. പക്ഷേ പൈസ പല രീതിയില്‍ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാന്‍ പറ്റിയില്ല. ഇടവേള ബാബുവില്‍ നിന്നൊക്കെ നല്ല പിന്തുണ മാത്രമാണ് കിട്ടിയിട്ടുള്ളത്.

എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട് ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചാല്‍ പരാതി നല്‍കിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമായോ പ്രശസ്തിയ്ക്ക് വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുത്. ചൂഷണത്തിനു ഞാന്‍ നിന്നുകൊടുക്കാത്തതുകൊണ്ട് എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കയറിപ്പിടിക്കാന്‍ വന്നവന് തല്ലും കൊടുത്തിട്ടുണ്ട്'.- സോണിയ മല്‍ഹാറിന്റെ വാക്കുകള്‍.

2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ വെളിപ്പെടുത്തിയിരുന്നു.'ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്. 

ഞാന്‍ പല സിനിമലൊക്കേഷനിലും എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകള്‍ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങളില്ലാത്ത ലൊക്കേഷനില്‍ സുഖമായി അഭിനയിച്ച് തിരിച്ച് പോരാം. എന്നാല്‍ സിനിമയില്‍ ഞാന്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുണ്ട്'.- സോണിയ മുമ്പ് മാതൃഭൂമി ന്യൂസിനോട്  പറഞ്ഞത്.

Content Highlights: Sonia Malhar clarifies serious allegations against young actor, revealing it`s not jayasurya