‘പ്രായപൂർത്തിയായ സ്ത്രീയുടെ തിരഞ്ഞെടുപ്പാണത്'; സഹീറുമായുള്ള വിവാഹത്തെക്കുറിച്ച് സൊനാക്ഷി സിൻഹ

ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞവര്‍ഷം ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരായിരുന്നു. മുൻ കേന്ദ്രമന്ത്രിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷിയുടെ മിശ്രവിവാഹം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒരുഘട്ടത്തില്‍ ദമ്പതികള്‍ക്കെതിരേ അധിക്ഷേപങ്ങളുമുയര്‍ന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിലെ വിവാഹചിത്രങ്ങളുടെ കമന്റ് ബോക്‌സ് ഇരുവരും പൂട്ടി. തന്റെ വിവാഹത്തെക്കുറിച്ചും കമന്റ് ബോക്‌സ് പൂട്ടിയതിനെക്കുറിച്ചും ഇപ്പോള്‍ മനസുതുറക്കുകയാണ് സൊനാക്ഷി.
തങ്ങളുടെ ദാമ്പത്യത്തെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച വെറും ബഹളമാണെന്ന് നടി സോഹ അലി ഖാന് നല്‍കിയ അഭിമുഖത്തില്‍ സൊനാക്ഷി സിന്‍ഹ പറഞ്ഞു. 'മിശ്രവിവാഹം നടത്തിയ ആദ്യത്തെ ആളല്ല ഞാന്‍. അവസാനത്തേതുമായിരിക്കില്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണത്. അതില്‍ എനിക്കറിയാത്ത ആളുകള്‍ പോലും അഭിപ്രായം പറഞ്ഞു. ആ സമയത്തുതന്നെ അത് വെറും വിഡ്ഢിത്തമാണെന്ന് തോന്നിയിരുന്നു. ബാക്കിയുള്ള ജീവിതം ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത് ഞങ്ങള്‍ക്ക് വളരേ മനോഹരമാണ്. അതിനാലാണ് ആ ബഹളങ്ങള്‍ ഒഴിവാക്കിയത്', നടി വ്യക്തമാക്കി.
2013-ലാണ് സൊനാക്ഷിയും സഹീര്‍ ഇക്ബാലും ആദ്യമായി കണ്ടുമുട്ടുന്നത്. സല്‍മാന്‍ ഖാന്റെ പാര്‍ട്ടികളിലായിരുന്നു പരിചയം. 2017-ല്‍ ഇരുവരും പ്രണയം തിരിച്ചറിഞ്ഞു. 2024-ല്‍, സ്‌പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം സൊനാക്ഷിയുടെ മുംബൈയില്‍വെച്ച് വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സൊനാക്ഷിയുടെ മുംബൈ വസതിയിലെ വിരുന്നില്‍പങ്കെടുത്ത്. പിന്നീട് ബോളിവുഡിനുവേണ്ടി മറ്റൊരു വിരുന്ന നടത്തി.
Content Highlights: Sonakshi Sinha Defends Her Marriage: "A Decision About My Life" Amidst Mixed Reactions