‘ഞങ്ങൾ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല’; യൂട്യൂബറുടേത് മാപ്പുപറച്ചിലല്ലെന്ന് ശ്വേതാ മേനോന്‍

ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുന്നയിച്ചത് വിവാദമായതിന് പിന്നാലെ യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക് നടത്തിയത് ഖേദപ്രകടനമാണെന്ന് കരുതുന്നില്ലെന്ന് താരസംഘടന 'അമ്മ' (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്) പ്രസിഡന്റ് ശ്വേതാ മേനോന്‍. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇത്തരത്തിലുള്ളതല്ലെന്നും ശ്വേത പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.
'അത് മാപ്പാണെന്ന് എനിക്ക് തോന്നുന്നില്ല, ഞാന്‍ അങ്ങനെ കരുതുന്നില്ല. അയാളുടെ ശരീരഭാഷയില്‍നിന്ന് നിങ്ങള്‍ക്കത് മനസിലാക്കാം. എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണ്, അത് സിനിമാ മേഖലയില്‍നിന്നുള്ളവര്‍ മാത്രമല്ല. ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല', എന്നായിരുന്നു ശ്വേതയുടെ പ്രതികരണം.
'അദേഴ്‌സ്' എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ശരീരികാധിക്ഷേപത്തിനെതിരേ മലയാളിയായ ഗൗരി കിഷന്‍ പ്രതികരിച്ചത്. തന്റെ ശരീരഭാരത്തെ പരാമര്‍ശിച്ച് ഒരു യൂട്യൂബര്‍ ചോദിച്ച ചോദ്യം തനിക്ക് വിഷമമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആ ചോദ്യമെന്ന് പറഞ്ഞ് യൂട്യൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.
സംഭവത്തില്‍ മാപ്പുപറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. സിനിമയുടെ പ്രൊമോഷനുവേണ്ടി അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ ആദ്യപ്രതികരണം. എന്നാല്‍, പിന്നീട് ഖേദപ്രകടനം നടത്തിയ കാര്‍ത്തിക് തന്റെ ചോദ്യത്തെ ന്യായീകരിച്ചു. ഗൗരിയെ ശാരീരികാധിക്ഷേപം നടത്തിയിട്ടില്ലെന്നും തന്റെ ചോദ്യം തെറ്റായി വ്യാഖ്യാനിച്ചുവെന്നും കാര്‍ത്തിക് ഖേദപ്രകടന വീഡിയോയില്‍ പറഞ്ഞു. ഗൗരിക്ക് മനോവിഷമമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ വാക്കുകള്‍.
ശാരീരികാധിക്ഷേപത്തിനെതിരേ പ്രതികരിച്ച ഗൗരിക്ക് ആദ്യമായി പിന്തുണ അര്‍പ്പിച്ചെത്തിയതില്‍ 'അമ്മ'യുമുണ്ടായിരുന്നു. തനിക്കൊപ്പം നിന്നതിന് ഗൗരി 'അമ്മ'യ്ക്ക് നന്ദിയും അറിയിച്ചിരുന്നു.
Content Highlights: Actress Shwetha Menon, President of AMMA, states YouTuber RS Karthik`s apology for body-shaming Gouri Kishan is not what they expected