ആണുങ്ങൾക്കും ആർത്തവമുണ്ടാവാൻ പ്രാർഥിച്ചിട്ടുണ്ട്, അങ്ങനെയെങ്കിലും ആർത്തവ അവധി കിട്ടുമല്ലോ എന്ന് ആശിച്ചു -ശ്രുതി ഹാസൻ

സിനിമാ ചിത്രീകരണത്തിനിടയിൽ ആർത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് ആർത്തവത്തെക്കുറിച്ചും ഹോർമോണുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകളെക്കുറിച്ചും ശ്രുതി സംസാരിച്ചത്. കരിയറിന്റെ തുടക്കത്തിൽ പറയാൻ മടിച്ചെങ്കിലും, പിന്നീട് സംവിധായകരോട് ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കാൻ താൻ ശീലിച്ചതായി അവർ വ്യക്തമാക്കി.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) ഉള്ളതിനാൽ തനിക്ക് കടുത്ത ആർത്തവവേദന അനുഭവപ്പെടാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തിൽ സിനിമാ സെറ്റുകളിൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഇതൊരു സാമൂഹിക വിലക്കെന്നതിലുപരി, പലരും ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും താല്പര്യപ്പെട്ടിരുന്നില്ല. ചില ദിവസങ്ങളിൽ തൻ്റെ രൂപത്തിലോ ഊർജ്ജസ്വലതയിലോ മാറ്റങ്ങൾ കാണുന്നത് എന്തുകൊണ്ടാണെന്ന് സംവിധായകർ അന്ന് അത്ഭുതപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.
Also Read: അച്ഛന് അപർണാ സെന്നിനോട് പ്രണയമായിരുന്നു, ബംഗാളി പോലും പഠിച്ചു- കമൽഹാസനെ കുറിച്ച് മകൾ ശ്രുതി
തൻ്റെ ഒരു സഹപ്രവർത്തകൻ മുട്ടുശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പറഞ്ഞപ്പോൾ സെറ്റിലുള്ളവർ അതിനനുസരിച്ച് ജോലി ക്രമീകരിച്ചത് കണ്ടതാണ് തന്റെ കാര്യത്തിലും മാറ്റത്തിന് വഴിയൊരുക്കിയതെന്ന് ശ്രുതി ഹാസൻ പറഞ്ഞു. തുടർന്ന് തനിക്ക് ആർത്തവമാണെന്ന കാര്യം സംവിധായകനെ അറിയിച്ചു. ആർത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുന്ന ഒരു മകളുള്ള ആ സംവിധായകൻ കാര്യങ്ങൾ വളരെ സഹാനുഭൂതിയോടെയാണ് മനസ്സിലാക്കിയത്. അത് കാര്യങ്ങളെ പൂർണമായി മാറ്റിമറിച്ചെന്നും നടി ഓർത്തെടുത്തു.
"അതായത്, ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ, പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ഞാൻ ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെ കരാറുകളിൽ ആർത്തവ അവധികൾ എഴുതിച്ചേർക്കാൻ കഴിയുമായിരുന്നു." ശ്രുതി പറഞ്ഞു. ഇത് സഹായകരമാകുമെന്ന് പോഡ്കാസ്റ്റിൽ സോഹ അലി ഖാൻ സമ്മതിക്കുന്നുണ്ട്. ആ മാസത്തിൽ തങ്ങൾക്ക് എത്രത്തോളം രക്തസ്രാവമുണ്ടായെന്നോ ടാംപുണുകളുടെ വലിപ്പം എത്രയാണെന്നോ ഒക്കെ പറഞ്ഞ് പുരുഷന്മാർ പരസ്പരം മത്സരിക്കുമായിരുന്നുവെന്നും സോഹ ചൂണ്ടിക്കാണിച്ചു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2025-ൽ പുറത്തിറങ്ങിയ 'കൂലി' ആണ് ശ്രുതി ഹാസന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രജനികാന്ത് നായകനായ ഈ ചിത്രത്തിൽ നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, രചിത റാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ആമിർ ഖാൻ അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ഒരു പ്രത്യേക ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടുമായി 518 കോടി രൂപ കളക്ഷൻ നേടിയ ചിത്രം എന്നാൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്.
വിജയ് സേതുപതിക്കൊപ്പം തമിഴ് ചിത്രമായ 'ട്രെയിൻ', ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രമായ 'ആകാശംലോ ഒക താര' എന്നിവയാണ് ശ്രുതിയുടെ വരാനിരിക്കുന്ന പുതിയ പ്രോജക്ടുകൾ.
Content Highlights: Actress Shruti Haasan opened up on Soha Ali Khan's podcast about dealing with severe period pain due to PCOS on film sets, humorously wishing men experienced periods so that period leaves would be written into work contracts.