ദുൽഖർ എന്നെ സോംബി എന്നാണ് വിളിച്ചിരുന്നത്, സിനിമയിലെത്തുംമുൻപേ ഞങ്ങൾ സുഹൃത്തുക്കൾ -ശ്രുതി ഹാസൻ

നടൻ ദുൽഖർ സൽമാനുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. ദുൽഖറുമായി സ്കൂൾ കാലം മുതലേയുള്ള പരിചയമാണെന്ന് അവർ പറഞ്ഞു. വളരെ സ്നേഹമുള്ള വ്യക്തിയാണ് ദുൽഖറെന്നും ശ്രുതി പറഞ്ഞു. ദുൽഖറും ശ്രുതി ഹാസനും ആകാശം ലോ ഒക താര എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
"ചെന്നൈയിലായിരുന്നു ഞങ്ങളുടെ സ്കൂൾ കാലഘട്ടം. ദുൽഖർ ശിഷ്യയിലും ഞാൻ അബാക്കസിലും. ചെന്നൈയിലെ പേരുകേട്ട ഐസിഎസ്ഇ സ്കൂളുകളായിരുന്നു അത്. ആ സമയത്ത് ഞങ്ങൾ ഇടയ്ക്ക് കാണുമായിരുന്നു. എന്നെ ആ സമയത്ത് സോംബി എന്നായിരുന്നു ദുൽഖർ വിളിച്ചു കൊണ്ടിരുന്നത്. ക്രാൻബറീസിന്റെ സോംബി എന്ന പാട്ടായിരുന്നു ഞാൻ പല പരിപാടികൾക്കും പാടിയിരുന്നത്. ആ പാട്ടിന്റെ പേരിലാണ് ദുൽഖർ എന്നെ അങ്ങനെ വിളിച്ചിരുന്നത്.
എപ്പോൾ കണ്ടാലും ആ പേര് മാത്രമേ അവന്റെ വായിൽ നിന്ന് വരുകയുള്ളൂ. എവിടെ വച്ച് കണ്ടാലും ദേ സോംബി പോകുന്നുവെന്നായിരുന്നു സ്കൂളിലെ കുട്ടികൾ എന്നെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നത്. കാരണം എന്റെ യഥാർഥ പേര് അവർക്കറിയില്ലായിരുന്നു. കമൽ ഹാസന്റെ മകളാണ് ഞാൻ എന്നറിയുന്നതിന് മുൻപ് വരെ ഞാൻ അവർക്ക് സോംബി ആയിരുന്നു".- ശ്രുതി ഹാസൻ പറഞ്ഞു.
രജനീകാന്ത് നായകനായ കൂലി എന്ന ചിത്രത്തിലാണ് ശ്രുതി ഹാസൻ ഒടുവിൽ വേഷമിട്ടത്. പ്രഭാസ് നായകനാകുന്ന സലാർ 2 ആണ് ശ്രുതിയുടേതായി വരാനിരിക്കുന്ന മറ്റൊരു പ്രധാനചിത്രം. ആമസോൺ പ്രൈം സീരീസായ കോൾ മി ബേ-സീസൺ 2-ലും ശ്രുതി ഹാസൻ അഭിനയിക്കുന്നുണ്ട്.
Content Highlights: Actress Shruti Haasan reveals her long-standing friendship with Dulquer Salmaan since their school days in Chennai, sharing how he nicknamed her "Zombie" after her frequent performances of The Cranberries' hit song.