'ഷോലെ' വീണ്ടും വരുന്നു, അന്ന് മുറിച്ചുമാറ്റിയ രണ്ട് രംഗങ്ങളുമായി; ചരിത്രം തീരുത്തിയ ചിത്രത്തിന് അണിയറക്കഥകളേറെ

ഇന്ത്യന്‍ സിനിമ വ്യവസായത്തെ ഉയരങ്ങളിലെത്തിച്ച 'ഷോലെ' എന്ന ചലച്ചിത്ര വിസ്മയം അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുകയാണ്. 'ഷോലെ - ദി ഫൈനല്‍ കട്ട്' എന്ന് പേരിലാണ് ഈ 4 കെ ചിത്രം രാജ്യത്തെ 1500 ല്‍ അധികം കേന്ദ്രങ്ങളില്‍ ഡിസംബര്‍ 12-ന് റിലീസ് ചെയ്യുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷന്‍ ആണ് സിനിമയെ 4 കെ രൂപത്തിലേക്ക് പുനഃസൃഷ്ട്ടിച്ചത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 4 കെ രൂപത്തില്‍ പുനഃനിര്‍മ്മിക്കപ്പെട്ട ഒരു ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത്.
നിര്‍മ്മാതാക്കളായ സിപ്പി ഫിലിംസ് തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പുതിയ 4 കെ പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഈ കഴിഞ്ഞ ജൂണില്‍ ഇറ്റലിയിലെ സിനിമോ റെട്രോവറ്റൊ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറിയിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇറങ്ങിയ ചിത്രം കര്‍ശനമായ സെന്‍സറിങ്ങിന് വിധേയമായിരുന്നു. അന്ന് ഒഴിവാക്കപ്പെട്ട പ്രധാനപ്പെട്ട രണ്ടു രംഗങ്ങള്‍ ഈ പുതിയ ഫോര്‍മാറ്റില്‍ തിരികെയെത്തിയിട്ടുണ്ട്.
ക്ലൈമാക്‌സില്‍ വില്ലനായ ഗബ്ബാര്‍ സിംഗിനെ (അംജദ് ഖാന്‍) ഠാക്കൂര്‍ (സഞ്ജീവ് കുമാര്‍) കൊല്ലപ്പെടുത്തുന്ന രംഗം അന്ന് മുറിച്ചു മാറ്റപ്പെട്ടിരുന്നു. ഇതിന് പകരമായി പോലീസെത്തി ഗബ്ബാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രംഗമായിരുന്നു സെന്‍സര്‍ഷിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ 'ഷോലെ'യില്‍ അന്ന് മുറിച്ചു മാറ്റപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഇതിന് പുറമെ ചിത്രത്തില്‍ റഹിം ചാച്ചയുടെ മകന്‍ അഹമ്മദ് (സച്ചിന്‍) ഗബ്ബറിന്റെ കൈകളാല്‍ കൊല്ലപ്പെടുന്ന രംഗവും ചിത്രത്തില്‍ തിരിച്ചെത്തുന്നുണ്ട്
ആദ്യ റിലീസിംഗ് സമയത്ത് രാജ്യത്തെ സിനിമശാലകളെ മുഴുവന്‍ പിടിച്ചു കുലുക്കിയ 'ഷോലെ', പുതുഭാവത്തില്‍ 4 കെ വേര്‍ഷനില്‍ തിരികെയെത്തുമ്പോള്‍ വീരോചിത വരവേല്‍പ്പ് നല്‍കാന്‍ സിനിമയുടെ ആരാധകര്‍ തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ദുഃഖരമായ ഒരു സമയത്താണ് ചിത്രം റീ റിലീസിന് എത്തുന്നത്. ചിത്രത്തിലെ നായകന്‍ ധര്‍മേന്ദ്ര വിടവാങ്ങിയിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു. ചിത്രത്തില്‍ ചെറുതെങ്കിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ അസ്രാണി കഴിഞ്ഞ മാസമാണ് അന്തരിച്ചത്. സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച അംജദ് ഖാനും സഞ്ജീവ് കുമാറും, മനോഹര സംഗീതം ഒരുക്കിയ ആര്‍ ഡി ബര്‍മനും അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ച ലത മങ്കേഷ്‌കറും കിഷോര്‍ കുമാറും മന്നാഡെയും ഈ ആഘോഷവേളയില്‍ ആരാധകര്‍ക്ക് ഒപ്പമില്ല എന്നതും വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ 'ഷോലെ ബിസി'' എന്നും 'ഷോലെ 'എഡി ' എന്നും രണ്ടായി വേര്‍തിരിച്ചു കാണാമെന്നുള്ള വിഖ്യാത സംവിധായകന്‍ ശേഖര്‍ കപൂറിന്റെ പ്രസ്താവന ഇന്നും ഏറെ പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു. 'ഷോലെ'ക്ക് ശേഷമുള്ള ബോളിവുഡിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച അത് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ സ്വീകാര്യത ലഭിച്ച ഏക ഇന്ത്യന്‍ സിനിമയെന്ന വിശേഷണം ഒരുപക്ഷെ 'ഷോലെ'യുടെ നിര്‍മ്മാതാക്കള്‍ക്ക് മാത്രം ഇന്നും അവകാശപ്പെടാവുന്ന ഒരപൂര്‍വ ബഹുമതിയാണ്. 1975 ഓഗസ്റ്റ് 15 ന് ആണ് സിനിമ തിയറ്ററുകളിലേക്ക് ആദ്യം എത്തിയത്. രാജ്യത്തെ സിനിമ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കെല്‍പ്പുള്ള ഒരു ചിത്രമാണ് വന്നെത്തിയിരിക്കുന്നതെന്ന് അപ്പോഴാരും തിരിച്ചറിഞ്ഞിരുന്നില്ല. മെട്രോ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും വിദൂര ഗ്രാമങ്ങളിലുമെല്ലാം സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള ആ കുതിപ്പ് സൃഷ്ട്ടിച്ച അലയൊലികള്‍ ഏതാണ്ട് ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ മുഴങ്ങി നിന്നു. 'ഷോലെ'ക്ക് ശേഷം നിരവധി ജനപ്രിയ ഹിറ്റ് സിനിമകള്‍ ബോളിവുഡില്‍ പിറവിയെടുത്തെങ്കിലും അവക്കൊന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഒരേ പോലെ ജനസമ്മതി നേടിയെടുക്കാന്‍ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്.
ഇന്ത്യയില്‍ നൂറിലധികം സിനിമാശാലകളില്‍ സില്‍വര്‍ ജൂബിലി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം 'ഷോലെ'യായിരുന്നു. ഇന്നും തകര്‍ക്കപ്പെടാത്ത മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട് ഈ സിനിമക്ക്; അറുപതോളം കേന്ദ്രങ്ങളില്‍ ഗോള്‍ഡന്‍ ജൂബിലി പൂര്‍ത്തിയാക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രം എന്ന ആ നേട്ടം ഇനിയൊരിക്കലും ഭേദിക്കപ്പെടാന്‍ സാധ്യതയില്ല. ബി.ബി.സി ഈ ചിത്രത്തെ നൂറ്റാണ്ടിന്റെ സിനിമെന്നാണ് വിശേഷിപ്പിച്ചത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് വിഖ്യാത സംവിധായകന്‍ സത്യജിത്ത് റായി നടത്തിയ പ്രസ്താവന ഒരു വലിയ ബഹുമതിയായിട്ടാണ് 'ഷോലെ'യുടെ സംവിധായകന്‍ രമേശ് സിപ്പി ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നത്. ഒട്ടേറെ നേട്ടങ്ങളും റെക്കോര്‍ഡുകളും കരസ്ഥമാക്കി ഇന്ത്യന്‍ സിനിമ വ്യവസായത്തിന് പുതിയ മാനങ്ങള്‍ നല്‍കി കൊണ്ട് ഷോലെ നടത്തിയ വിജയ തേരോട്ടം സമാനതകളില്ലാത്തതായിരുന്നു.
'ഷോലെ' പിറന്ന വഴി
അടക്കാനാവാത്ത സിനിമാ മോഹം മൂലം ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് രമേശ് സിപ്പി 1970 കളുടെ ആരംഭത്തില്‍ ബോംബയില്‍ തിരികെ എത്തിയത്. വൈകാതെ തന്നെ തന്റെ പിതാവ് നിര്‍മ്മിക്കുന്ന ചില ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. സംവിധാനം ചെയ്ത ആദ്യ രണ്ടു ചിത്രങ്ങളും വലിയ ഹിറ്റുകളാക്കി മാറ്റിയെങ്കിലും സിപ്പി പക്ഷെ അതുകൊണ്ടൊന്നും തൃപ്തനായിരുന്നില്ല. വലിയ ക്യാന്‍വാസില്‍ ഒരു വലിയ ചിത്രം' അങ്ങനെയൊരു ആലോചനയുമായി അദ്ദേഹം അടുത്ത സുഹൃത്തുക്കള്‍ കൂടിയായ തിരക്കഥാകൃത്തുക്കളായ സലിം - ജാവേദ് കൂട്ടുകെട്ടിനെ സമീപിച്ചു. ഹിന്ദി സിനിമ രംഗത്ത് പറഞ്ഞു പഴകിയ പോലീസ് സേനയും കൊള്ളസംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകളും പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞാടുന്ന ഒരു കഥ ഇരുവരും മുന്‍പ് തയാറാക്കി വെച്ചിരുന്നു. മറ്റൊരു പ്രമുഖ സംവിധായകന്‍ തള്ളിക്കളഞ്ഞ ആ കഥ പക്ഷെ സിപ്പിക്ക് ഇഷ്ടമായി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന ശൈലിയിലൊരു ചിത്രം. 26 വയസ്സിന്റെ യൗവനത്തില്‍ നിന്നിരുന്ന സിപ്പിക്ക് കഥാവതരണ ഘടനയില്‍ എങ്ങനെ പുതുമകള്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ വ്യക്തമായ ചില ധാരണകള്‍ ഉണ്ടായിരുന്നു തിരക്കഥ അതിവേഗം തയ്യാറായി തന്റെ മുന്‍ ചിത്രത്തില്‍ സഹകരിച്ച ധര്‍മേന്ദ്ര, ഹേമമാലിനി, സഞ്ജീവ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ആദ്യം തന്നെ ഉറപ്പിച്ചു.
'ജെയ്' എന്ന അല്‍പ്പം പരുക്കന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശത്രുഘ്‌നന്‍ സിന്‍ഹയെ ആണ് സംവിധായകന്‍ മനസ്സില്‍ കണ്ടത്. ക്‌ളൈമാക്‌സിന് തൊട്ട് മുന്‍പ് മരിക്കുന്ന ഒരു കഥാപാത്രമായതിനാല്‍ സിന്‍ഹയും അല്‍പ്പം ഒന്ന് ശങ്കിച്ചു. എന്നാല്‍ ധര്‍മേന്ദ്രയും കഥാകൃത്തുക്കളായ സലീമും ജാവേദും തങ്ങളുടെ അടുത്ത സുഹൃത്തായ അമിതാബ് ബച്ചനെയാണ് ആ ക്യാരക്ടര്‍ അവതരിപ്പിക്കാനായി ശുപാര്‍ശ ചെയ്തത്, 1973 ല്‍ ചിത്രത്തിന്റെ ആലോചനകള്‍ പുരോഗമിക്കുന്ന സമയത്ത് ബച്ചന്‍ വലിയ താരമായി മാറിയിട്ടില്ല. മാത്രമല്ല പരാജയങ്ങളുടെ നടുക്കുഴിയിലായിരുന്നു അദ്ദേഹം. ഒടുവില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയ സിപ്പി ബച്ചനേയും അദ്ദേഹത്തിന്റെ പ്രണയിനിയുടെ വേഷത്തിലേക്ക് ജയാ ബച്ചനേയും കാസ്റ്റ് ചെയ്തു. അപ്പോഴേക്കും അവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിന് തൊട്ടു പിന്നാലെ റിലീസ് ചെയ്ത ബച്ചന്‍ ചിത്രം സഞ്ജീര്‍ (1973) വലിയ ഹിറ്റായി മാറി. അതോടെ ബച്ചന്റെ നല്ല സമയവും തെളിഞ്ഞു. സിപ്പിക്കും കൂട്ടര്‍ക്കും അത് കൂടുതല്‍ കരുത്തേകി.
കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുമ്പോഴാണ് വില്ലന്‍ കഥാപാത്രമായ ഗബ്ബാര്‍ സിംഗിനെ അവതരിപ്പിക്കാനായി കണ്ടുവെച്ചിരുന്ന ഡാനി ഡെന്‍സൊങ്പ്പ തന്റെ അസൗകര്യം അറിയിക്കുന്നത്. വിദേശത്ത് മറ്റൊരു ലൊക്കേഷനില്‍ നിന്ന് ഈ സിനിമക്കായി വന്നെത്താന്‍ സാധിക്കില്ല എന്നറിയച്ചതോടെ ആ വേഷം അവതരിപ്പിക്കാന്‍ സാധിക്കുന്ന നടനായുള്ള അന്വേഷണം ആരംഭിച്ചു. ഏതാണ്ട് ഇതേ സമയത്താണ് തിരക്കഥാകൃത്ത് സലിം ഖാന്‍ ചില സിനിമകളില്‍ ചെറിയ വേഷങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള അംജദ് ഖാന്‍ എന്ന നടനെ കുറിച്ച് സിപ്പിയോടെ സൂചിപ്പിക്കുന്നത്. തന്റെ സഹോദരിയോടൊപ്പം ചില നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അംജദിനെ സിപ്പിക്ക് നേരത്തേ അറിയാമായിരുന്നു. നല്ല വണ്ണവും നിറവും കാഴ്ചയില്‍ സുന്ദരനുമായ അയാള്‍ ഈ കാട്ടുകൊള്ളക്കാരന്റെ കഥാപാത്രത്തിന് യോജിക്കുമോ എന്നൊരു സംശയം സിപ്പിക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും ഒന്ന് നേരില്‍ കണ്ട് സംസാരിച്ചു ചില രംഗങ്ങള്‍ അഭിനയിപ്പിച് കണ്ടശേഷം തീരുമാനിക്കാം എന്ന ധാരണയില്‍ അംജദിനെ സിപ്പി തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
എന്നാല്‍ ഓഫീസ് മുറിയുടെ കതക് തുറന്നു അംജദ് നടന്നു വരുന്ന രീതി കണ്ടപ്പോഴേ സിപ്പി തീരുമാനിച്ചു ഗബ്ബാര്‍ സിങ്ങിനെ അവതരിപ്പിക്കാന്‍ ഇനി മറ്റാരേയും തിരയേണ്ടതില്ല എന്ന്. ഇതേ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സഞ്ജീവ് കുമാറും അമിതാബ് ബച്ചനും വളരെയധികം സിപ്പിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഏതാണ്ട് രണ്ടു വര്‍ഷക്കാലമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്. 'യേ ദോസിത്തി' എന്ന പ്രശസ്ത ഗാനം ചിത്രീകരിക്കാന്‍ മാത്രം 21 ദിവസം വേണ്ടി വന്നു.
ബാംഗ്ലൂരിന് സമീപമുള്ള രാമാനഗരയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഒടുവില്‍ സെന്‍സറിങ്ങിനായി ചിത്രം എത്തിചപ്പോള്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങി. താക്കൂര്‍ വില്ലനായ ഗബ്ബാറിനെ കൊലപ്പെടുത്തുന്ന രംഗം മുറിച്ചു മാറ്റപ്പെട്ടു. യുവാക്കളില്‍ അത്തരം രംഗങ്ങള്‍ അക്രമവാസന വളര്‍ത്തുമെന്നും സാമൂഹിക വിരുദ്ധരെ നിയമപരമായി കൈകാര്യം ചെയ്യുന്ന ഒരു സന്ദേശം നല്കണമെന്നുമെയിരുന്നു ബോര്‍ഡ് സംവിധായകന് മുന്നില്‍ വെച്ച നിര്‍ദ്ദേശം. അടിയന്തരാവസ്ഥ കാലമായതിനാല്‍ സംവിധായകന് അത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു.
പല പ്രശസ്ത ചിത്രങ്ങളിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളും രംഗങ്ങളും ഈ സിനിമയില്‍ പലയിടങ്ങളിലായി വിദഗ്ദ്ധമായി സംയോജിപ്പിച്ചിട്ടുണ്ട്. 1973 ല്‍ പുറത്തിറങ്ങിയ 'മേരാ ഗാവ് മേരാ ദേശ്' എന്ന ഹിന്ദി ചിത്രത്തിന്റെ കഥയുമായി ഇതിന് നല്ല സാദൃശ്യം ഉണ്ടായിരുന്നു. മാഗ്‌നിഫിസെന്റെ സെവന്‍സ്, ഗുഡ് ബാഡ് അഗ്ലി, ഗ്രേറ്റ് ഡിക്റ്റാക്റ്റര്‍ എന്നീ വിഖ്യാത ഹോളിവുഡ് ചിത്രങ്ങളാണ് 'ഷോലെ'ക്ക് പ്രചോദനമായത് എന്ന വസ്തുത നിര്‍മ്മാതക്കളും അംഗീകരിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സൃഷ്ടിച്ചതാണ് എന്നൊരു അടക്കം പറച്ചില്‍ സിനിമ ഇറങ്ങിയ കാലം മുതല്‍ക്കുണ്ട്. ഉദാഹരണത്തിന് ചിത്രത്തിലെ കൊടും വില്ലന്‍ ഗബ്ബാര്‍ സിങ് എന്നത് ഒരു യഥാര്‍ത്ഥ കൊള്ളക്കാരന്‍ തന്നെയായിരുന്നു 1950 കളില്‍ മധ്യപ്രദേശിലെ ചമ്പല്‍ കാടുകളെ അടക്കി ഭരിച്ചിരുന്ന കൊടും ഭീകരനായിരുന്നു ഗബ്ബാര്‍ സിങ് ഗുജ്ജര്‍. ഒട്ടേറെ കൊലപാതങ്ങളും കവര്‍ച്ചകളും നടത്തി ജനങ്ങളില്‍ ഭീതിപടര്‍ത്തി വിരാജിച്ച അയാള്‍ മധ്യപ്രദേശ് - ഉത്തര്‍പ്രദേശ് അതിര്‍ത്തി ജില്ലകളിലെ ജനങ്ങള്‍ക്ക് ഒരു പേടി സ്വപനമായി മാറിയിരുന്നു. അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ അന്‍പതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും അതിന് വലിയ പ്രചാരം നല്‍കുകയും ചെയ്തു. അക്കാലത്ത് ഭീമമായ ഒരു തുകയായിരുന്നു അത്. തന്നെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തി കൊടുക്കുന്നവരെ പിടികൂടി അംഗവിച്ഛേദം ചെയ്തശേഷം ഗ്രാമത്തിലെ തെരുവുകളില്‍ ഉപേക്ഷിക്കുന്നത് അയാളുടെ ക്രൂരമായ ശിക്ഷാ രീതികളില്‍ ഒന്നായിരുന്നു. മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കുന്ന ഒരു പ്രവര്‍ത്തിയായിരുന്നു അത്. അതിനാല്‍ തന്നെ അയാളെ കണ്ടെത്തി പിടികൂടുക എന്നത് പൊലീസിന് ഏറെ വിഷമകരമായിരുന്നു. ഒടുവില്‍ സാഹസികമായി പോലീസ് അയാളെ പിടികൂടിയെങ്കിലും തടവില്‍ നിന്ന് അയാള്‍ തന്ത്രപരമായി രക്ഷപ്പെട്ടു. ഗ്രാമങ്ങളില്‍ അയാളുടെ ഭീകരതാണ്ഡവം തുടര്‍ന്ന് കൊണ്ടിരുന്നതോടെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഖുസ്‌റോ ഫാര്‍ന്ന്‌സ് റുസ്തംജി എന്ന സാഹസികനെ അയാളുടെ ശല്യം അവസാനിപ്പിക്കാനുള്ള ദൗത്യത്തിനായി നിയോഗിച്ചു. 1959 നവംബര്‍ 13ന് രാത്രിയില്‍ റുസ്തംജിയും സംഘവും ഗബ്ബാറിനെ വളഞ്ഞു. ഏറ്റുമുട്ടലില്‍ ഗബ്ബാര്‍ കൊല്ലപ്പെട്ടു. പിറ്റേന്ന് തന്റെ ജന്മദിനത്തില്‍ ഈ ശുഭ വാര്‍ത്തയാണ് നെഹ്‌റുവിനെ തേടിയെത്തിയത്. മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ ഒട്ടുമിക്ക എല്ലാ രംഗങ്ങളും 'ഷോലെ' സിനിമയിലും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. പക്ഷെ ഈ യഥാര്‍ത്ഥ സംഭവം സിനിമയ്ക്ക് പ്രചോദനമായിട്ടില്ല എന്നാണ് തിരക്കഥാകൃത്തായ ജാവേദ് അക്തറിന്റെ നിലപാട്. കഥാപാത്രത്തിന്റെ പേരും അത്തരം രംഗങ്ങളും സ്വാഭാവികമായി വന്നു പോയതാണ് എന്നാണ് അദ്ദേഹം അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ചിത്രത്തില്‍ ''അരെ ഓ സാംബ'' എന്ന അംജദ് ഖാന്റെ പ്രശസ്തമായ വിളി അദ്ദേഹം കടമെടുത്തത് ഭാര്യയില്‍ നിന്ന് തന്നെയാണ്. വീട്ടില്‍ തുണി അലക്കാന്‍ സഹായത്തിന് വരുന്ന സ്ത്രീയെ ഭാര്യ അത്തരത്തില്‍ അല്‍പ്പം നീട്ടി വിളിക്കുന്നത് അംജദ് ഖാന്റെ മനസ്സില്‍ തങ്ങിയിരുന്നു. ചമ്പല്‍ കൊള്ളസംഘ തലവനെ പോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി അദ്ദേഹം ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മധ്യപ്രദേശിലെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന തരുണ്‍ കുമാര്‍ ഭാധുരി രചിച്ച 'അഭിഷപ്ത ചമ്പല്‍' എന്ന പുസ്തകവും അദ്ദേഹത്തിന്റെ തന്നെ മറ്റ് ചില ലേഖങ്ങളും അംജദ് ഖാന്‍ പഠന വിഷയമാക്കിയിരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയാ ബച്ചന്റെ പിതാവാണ് തരുണ്‍ കുമാര്‍ ഭാധുരി. 1980 കളുടെ മധ്യത്തില്‍ ചമ്പല്‍ കൊള്ളക്കാരുടെ നിരുപരാധിക കീഴടങ്ങലിനു വഴിവെച്ച മധ്യസ്ഥ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യയിരുന്നു അദ്ദേഹം.
ചരിത്രം സൃഷ്ടിച്ച റിലീസ്
ഒരു പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രമായിരുന്നില്ല ഷോലെ. ആദ്യം എത്തിയത് മുംബൈയിലെയും അഹമ്മദാബാദിലെയും ചില തിയറ്ററുകളില്‍ മാത്രമായിരുന്നു. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ചിത്രം മറ്റു നഗരങ്ങളിലെ തിയറ്ററുകളിലേക്ക് എത്തിച്ചേര്‍ന്ന് തുടങ്ങിയത്. വലിയ പരസ്യങ്ങളും പ്രചാരണവുമൊക്കെ വേണ്ടുവോളം നല്‍കിയിരുന്നുവെങ്കിലും സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ചകളില്‍ എന്തുകൊണ്ടോ കാണികള്‍ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടില്ല. നിരൂപകര്‍ സിനിമയെ കോമാളി ചിത്രമെന്ന് വിളിച്ചു പരിഹസിച്ചു. ചിത്രം വലിയ പരാജയത്തിലേക്ക് കൂപ്പു കുത്തുകയാണോ എന്ന് ഭയന്ന സംവിധായകനും കൂട്ടരും ചിത്രത്തിന്റെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ചാലോചിക്കുകയും അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ വേഗത്തിലായിരുന്നു. പടം കണ്ടിറങ്ങിയവര്‍ക്ക് അത് നന്നായി ബോധിച്ചു. വിമര്‍ശകരുടെ വാദങ്ങളൊന്നും അവര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിച്ചില്ല. കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും കാണാന്‍ മത്സരിച്ചപ്പോള്‍ രാജ്യമെങ്ങും 'ഷോലെ' കാണുവാനായി ജനം സിനിമാശാലളിലേക്ക് ഒഴുകി തുടങ്ങി.
തിയറ്ററുകള്‍ പൂരപ്പറമ്പുകളാകുന്ന കാഴ്ച്ചകള്‍ ആദ്യമായി കണ്ടു തുടങ്ങിയത് അവിടെ നിന്നാണ്. സാവധാനം റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണം തിരക്കിന് ആനുപാതികമായി വര്‍ധിച്ചു വന്നു. ഒരു നഗരത്തില്‍ തന്നെ പല തിയറ്ററുകളിലായി സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങി. മൗത്ത് പബ്ലിസിറ്റിയിലൂടെ അവിശ്വസനീയ വിജങ്ങള്‍ കൊയ്യാമെന്ന് ആദ്യമായി തെളിയിച്ച സിനിമയാണ് 'ഷോലെ'. സിനിമയുടെ നിര്‍മ്മാതാക്കളെ ഏറെ അത്ഭുതപ്പെടുത്തിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് ലഭിച്ച വലിയ സ്വീകാര്യതയായിരുന്നു. കേരളമുള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയെടുത്ത 'ഷോലെ' പ്രാദേശിക ചലച്ചിത്ര നിര്‍മ്മാതാക്കളെ പോലും ഫിലിം മേക്കിങ്ങില്‍ പുതുമകള്‍ പരീക്ഷിക്കാന്‍ പ്രചോദിപ്പിച്ചു . ഇന്ത്യയില്‍ ആദ്യമായി 25 കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ച സിനിമയാണ് ഷോലെ. അതും മറ്റൊരു റെക്കോര്‍ഡായി ഇന്നും നിലനില്‍ക്കുന്നു.
ഷോലെയുടെ റെക്കോര്‍ഡ് പ്രദര്ശനങ്ങളിലൂടെ ചരിത്രത്തിലിടം പിടിച്ച രണ്ടു സിനിമ തിയറ്ററുകളുണ്ട്. ബോംബയിലെ മിനര്‍വാ തിയറ്ററും കല്‍ക്കട്ടയിലെ ജ്യോതി തിയേറ്ററും. മിനര്‍വയില്‍ 'ഷോലെ' തുടര്‍ച്ചയായി 286 ആഴ്ചകള്‍ (5 വര്‍ഷം) പ്രദര്‍ശിപ്പിച്ചു കൊണ്ട് റെക്കോര്‍ഡ് സ്ഥാപിച്ചു. മധ്യ കല്‍ക്കട്ടയിലെ ജ്യോതി തിയറ്ററില്‍ ഷോലെയുടെ പ്രദര്‍ശനം തുടര്‍ച്ചയായി ഏതാണ്ട് രണ്ടു വര്‍ഷകാലത്തോളം (103 ആഴ്ചകള്‍) നീണ്ടു നിന്നു. തുടര്‍ച്ചയായായിട്ടും അല്ലാതെയും രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം 'ഷോലെ' പ്രദര്‍ശിപ്പിച്ച തിയറ്ററുകളാണ് മിനര്‍വയും ജ്യോതിയും. രണ്ടിടത്തും ഒരു ദശാബ്ദത്തിലധികകാലം പല ഘട്ടങ്ങളില്‍ പല സമയക്രമങ്ങളില്‍ 'ഷോലെ' പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരുന്നു. 50 വര്‍ഷത്തെ ഇടവേളക്ക് ശേഷം 'ഷോലെ' പ്രദര്‍നത്തിനെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഈ രണ്ടും തിയറ്ററുകളും ഇന്നില്ല എന്നൊരു ദുഃഖസത്യം കൂടിയുണ്ട്. ഇന്ത്യന്‍ സിനിമ ചരിത്രത്തിന്റെ ഭാഗമായ ഈ രണ്ടു സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
എത്ര പൈസ ചെലവാക്കിയിട്ടായാലും സിനിമ കണ്ടേ മടങ്ങൂ എന്ന് പ്രേക്ഷകര്‍ നിര്‍ബന്ധം പിടിച്ചു തുടങ്ങിയതും 'ഷോലെ' സിനിമയുടെ വരവോടെയാണെന്നാണ് ചില സിനിമ നിരൂപകരുടെ വിലയിരുത്തല്‍ . ദില്ലിയിലെ പ്ലാസ തിയറ്ററില്‍ ഷോലെ സിനിമയുടെ ടിക്കറ്റുകള്‍ കരിച്ചന്തയില്‍ വിറ്റഴിച്ചു ധനികനായി തീര്‍ന്ന ഒരാളുടെ കഥ ഏറെ പ്രസിദ്ധമാണ്. ടിക്കറ്റ് കരിഞ്ചന്തക്കാര്‍ തിയറ്റര്‍ പരിസരം കയ്യടക്കുന്ന കാഴ്ച്ചയാണ് പിൽക്കാലത്ത് എല്ലായിടത്തും കണ്ടു തുടങ്ങിയത്. കാലം മുന്നോട്ട് പോയപ്പോള്‍ അത്തരം അനധികൃത രീതികള്‍ക്കും ഒടുവില്‍ ശമനം വന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങുകളുടെ ഇക്കാലത്ത് അതൊരു പഴങ്കഥയായി നിലനിക്കുന്നു.
'ഷോലെ'കൊണ്ടു വന്ന മാറ്റങ്ങള്‍
വില്ലന്‍ കഥാപാത്രങ്ങള്‍ മനോഹരമായി അവതരിപ്പിക്കുന്നവര്‍ക്ക് ഇന്ന് പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ ട്രെന്‍ഡിന് ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത് ഗബ്ബാര്‍ സിംഗിന്റെ വരവോടെയാണ്. ബ്രിട്ടാനിയയുടെ ഗ്ലൂക്കോസ് ബിസ്‌ക്കറ്റിന്റെ പരസ്യത്തില്‍ ഷോലെയിലെ അതേ വേഷത്തില്‍ ''ഗബ്ബര്‍ കി അസ്ലി പസന്ത്'' എന്ന വാചകത്തോടെ അംജദ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പുതിയൊരു ശൈലിക്ക് തുടക്കം കുറിക്കുകയായിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരസ്യം ഇഷ്ടപ്പെടില്ല എന്ന പ്രവചനങ്ങളെയൊക്കെ കാറ്റില്‍ പറത്തികൊണ്ട് ആ ബിസ്‌ക്കറ്റ് പരസ്യം സിനിമ പോലെ തന്നെ വലിയ ഹിറ്റായി മാറുകയാണ് ഉണ്ടായത്. പില്‍കാലത്ത് ഒട്ടേറെ 'വില്ലന്‍' നടന്‍മാര്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇന്നും ആ ശൈലി തുടരുന്നു. സിനിമ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയുമൊക്കെ ശമ്പളത്തില്‍ വന്‍ വര്‍ധനയാണ് ഷോലെക്ക് ശേഷം സംഭവിച്ചത്. ഇന്ത്യന്‍ ചലച്ചിത്ര മേഖല കോടികള്‍ മുതല്‍ മുടക്കുള്ള ഒരു വന്‍ വ്യവസായമായി കാലക്രമേണ രൂപാന്തരം പ്രാപിച്ചു.
'ഷോലെ' സിനിമയുടെ അഭൂതപൂര്‍വമായ വിജയം തിയറ്റര്‍ മേഖലയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വഴിവെച്ചു. സിനിമ ശാലകളുടെ നവീകരണത്തിന് പുറമെ സാങ്കേതിക മികവാര്‍ന്ന പ്രൊജെക്ടറുകളും ശബ്ദസംവിധാനങ്ങളും നിലവാരമുള്ള സീറ്റുകളും എന്ന് തുടങ്ങി എല്ലാ തലങ്ങളിലും ആധുനികത കൈവരിക്കാന്‍ തിയറ്റര്‍ ഗ്രൂപ്പുകള്‍ മത്സരിച്ചു തുടങ്ങി. മറ്റൊരര്‍ത്ഥത്തില്‍ തിയറ്റര്‍ മേഖലയില്‍ കൂടുതല്‍ പണം മുടക്കാന്‍ സംരംഭകര്‍ ധൈര്യം കാട്ടി തുടങ്ങിയത് ഷോലെ'ക്ക് ശേഷമായിരുന്നു .പ്രതിഭാധനരരായ ഒട്ടേറെ ചെറുപ്പക്കാരെ ചലച്ചിത്ര മേഖലയിലേക്ക് ഗൗരവത്തോടെ ചുവവടുവെക്കാന്‍ പ്രചോദിപ്പിച്ചു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ വിസ്മരിക്കാനാകാത്ത മറ്റൊരു സംഭാവന. മികച്ച ഛായാഗ്രാഹകനുള്ള ദേശിയ പുരസ്‌ക്കാരം രണ്ടു തവണ സ്വന്തമാക്കിയ സുദീപ് ചാറ്റര്‍ജിയുടെ ജീവിത കഥയില്‍ 'ഷോലെ' സിനിമക്ക് വലിയ പങ്കുണ്ട്. കൊല്‍ക്കത്തയില്‍ 1986 ല്‍ തന്റെ പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയായ ദിവസം സുദീപ് സുഹൃത്തുക്കള്‍ക്കൊപ്പം ഷോലെ കാണുവാനായി നഗരത്തിലെ ജ്യോതി തിയറ്ററില്‍ എത്തി. കഴിഞ്ഞ 10 വര്‍ഷക്കാലം സ്‌കൂളിലും നാട്ടിലും കണ്ടുമുട്ടുന്ന എല്ലാവരും വാനോളം പുകഴ്ത്തുന്ന ആ പ്രശസ്ത ചിത്രം ആദ്യമായി കാണാന്‍ പോകുന്ന ആവേശത്തിലായിരുന്നു ആ കൗമാരക്കാരന്‍. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ താന്‍ മറ്റൊരു വിസ്മയ ലോകത്ത് എത്തിയത് പോലെയാണ് സുദീപിന് അനുഭവപ്പെട്ടത്. സിനിമയുടെ ഛായാഗ്രഹണ മികവ് ശ്രദ്ധിച്ച ആ സ്‌കൂള്‍ വിദ്യാര്‍ത്ഥി അതില്‍ അത്യധികം ആകൃഷ്ടനായി. ഭാവിയില്‍ ഇതുപോലെ അതിമനോഹര ദൃശ്യങ്ങള്‍ ഒരുക്കികൊണ്ട് തനിക്കും കാണികളെ രസിപ്പിക്കണമെന്നൊരു ആഗ്രഹം സുദീപിന്റെ മനസ്സില്‍ ഉടലെടുത്തു. ചക്ക് ദേ ഇന്ത്യ, ധൂം 3, ബാജിറാവു മസ്താനി, പദ്മാവത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിക്കുകയും ഗംഭീര ദൃശ്യവിസ്മയങ്ങള്‍ സ്‌ക്രീനില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്ത സുദീപ് ചാറ്റര്‍ജി ഇന്ന് രാജ്യത്ത് ഏറ്റവും വിലയുള്ള ഛായാഗ്രാഹകന്മാരില്‍ ഒരാളാണ്. സിനിമ രംഗത്ത് ചുവുടുറപ്പിച്ച ശേഷം സുദീപ് 'ഷോലെ' സിനിമയിലെ താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരെയുമെല്ലാം തേടിപ്പിടിച്ചു കണ്ടെത്തുകയും അവരില്‍ നിന്നെല്ലാം ഉപദേശങ്ങളും അനുഗ്രഹാശിസുകളും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. 'ബാഹുബലി' പോലുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയ വിജയന്ദ്ര പ്രസാദ്, 'ഷോലെ' സിനിമ തന്നില്‍ ചെലുത്തിയ വലിയ സ്വാധീനത്തെ കുറിച്ച് പലതവണ പറഞ്ഞിട്ടുണ്ട്. ആ സിനിമ പലവട്ടം കണ്ടാണ് താന്‍ ഒരു തിരക്കഥാകൃത്തായി മാറിയത് എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് മറ്റൊരു ഉദാഹരണം. ഷോലെയോടുള്ള ആരാധന മൂത്ത് അതേ കഥയും കഥാപാത്രങ്ങളേയും പശ്ചാത്തലമാക്കി കൊണ്ട് 'ആഗ്' എന്ന പേരില്‍ ഒരു സിനിമ തന്നെ അദ്ദേഹം പുറത്തിറക്കി. എന്നാല്‍ ഈ ചിത്രം തിയറ്ററില്‍ വലിയ ദുരന്തമായി മാറുകയാണ് ഉണ്ടായത്. ഷോലെയുടെ സ്‌ക്രിപ്റ്റ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയാണെന്നുള്ള പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ പ്രസ്താവന ആ സിനിമ അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനം വെളിവാക്കുന്നു.
ഒരു സിനിമയുടെ പേര് കേള്‍ക്കുമ്പോഴൊക്കെ രാജ്യം മുഴുവന്‍ ഒരേ വികാരത്തോടെ, ഒരേ ആവേശത്തോടെ എന്നെങ്കിലും എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് 'ഷോലെ' സിനിമയെ കുറിച്ച് മാത്രമായിരിക്കും. അത് തന്നെയാണ് അതിനെ ഇന്നും മറ്റ് ജനപ്രിയ ഹിറ്റ് ചിത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകവും. എല്ലാ മേഖലകളിലും കാലാതീതമായ ചില നിര്‍മ്മിതികള്‍ അങ്ങനെ തലയെടുപ്പോടെ നിലനില്‍ക്കും. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് അത് എക്കാലവും 'ഷോലെ' സിനിമ തന്നെയായിരിക്കും.
ഒരിക്കലെങ്കിലും ചിത്രം കണ്ടവരുടെയുള്ളില്‍ രാംഗര്‍ എന്ന ഗ്രാമവും അവിടെ ജീവിച്ച താക്കൂറും, വീരുവും, ജെയിയും, ഗബ്ബാര്‍ സിങ്ങും, ബസന്തിയും, രാധയും, റഹിം ചാച്ചയും എല്ലാം ഇപ്പോഴും നിറം മങ്ങാതെ തന്നെ ജീവിക്കുന്നു. അവരെല്ലാം വീണ്ടും തിരശീലയിലേക്ക് മടങ്ങി വരുന്നു എന്നതാണ് ഈ അന്‍പതാം വാര്‍ഷിക വേളയിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത. ഷോലെ തിയറ്ററില്‍ പോയി കണ്ടു ആവേശ കൊടുമുടി കയയറിയ പഴയ തലമുറയും സിനിമയെ കുറിച്ച കേട്ടറിവ് മാത്രമുള്ള പുതിയ തലമുറയും ആകാംഷയോടെ കാത്തിരിക്കുകയാണ്; ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റി മറിച്ച ആ ദൃശ്യ വിസ്മയം വലിയ സ്‌ക്രീനില്‍ വീണ്ടും ആസ്വദിക്കുവാനായി.
Content Highlights: Experience `Sholay - The Final Cut` in stunning 4K! This remastered epic, featuring deleted scenes, is set for a grand re-release on Dec 12. Don`t miss Indian cinema`s masterpiece